wakf

കൊച്ചി : രണ്ടു തവണ തുടർച്ചയായി വഖഫ് ബോർഡ് അംഗമായവർക്ക് തിരഞ്ഞെടുപ്പിലൂടെയോ നാമനിർദ്ദേശത്തിലൂടെയോ വീണ്ടും അംഗമാകാനാവില്ലെന്ന വഖഫ് ചട്ടത്തിലെ ഭേദഗതി ഹൈക്കോടതി റദ്ദാക്കി. സർക്കാർ കൊണ്ടുവന്ന ചട്ടഭേദഗതി രാഷ്ട്രീയ പ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടി വഖഫ് ബോർഡ് അംഗങ്ങളും മുസ്ളിംലീഗ് നേതാക്കളുമായ എം.സി. മായിൻഹാജി, പി.വി. സൈനുദ്ദീൻ തുടങ്ങിയവർ നൽകിയ ഹർജിയിലാണ് ഡിവിഷൻബെഞ്ചിന്റെ നടപടി. വഖഫ് ചട്ടത്തിൽ കൊണ്ടുവന്ന 58 (7) ഭേദഗതി കേന്ദ്ര വഖഫ് നിയമത്തിന് വിരുദ്ധമാണെന്നും ഹൈക്കോടതി വിലയിരുത്തി.

അടുത്ത നവംബറിലാണ് വഖഫ് തിരഞ്ഞെടുപ്പ്. കേന്ദ്ര വഖഫ് നിയമത്തിലെ 16 -ാം ഉപ വകുപ്പിൽ അയോഗ്യതകൾ നിഷ്കർഷിച്ചിട്ടുണ്ട്. ഇതിനു പുറമേ ഭേദഗതി എഴുതി ചേർത്തത് അധികാര ദുർവിനിയോഗമാണെന്നും വഖഫ് ബോർഡിനെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമാണെന്നും ഹർജിക്കാർ വാദിച്ചു. എന്നാൽ ഭേദഗതിയിൽ അപാകതയില്ലെന്നും ഇതിന് അധികാരമുണ്ടെന്നുമായിരുന്നു സർക്കാരിന്റെ വാദം. ഇത് തള്ളിയാണ് ഭേദഗതി റദ്ദാക്കിയത്.

വഖഫ് വിധി സർക്കാരിനേറ്റ
പ്രഹരം: മുസ്ലീം ലീഗ്

കോഴിക്കോട് : കേന്ദ്ര വഖഫ് നിയമം മറികടന്ന് സംസ്ഥാന സർക്കാർ രൂപീകരിച്ച വഖഫ് ചട്ടം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത് സർക്കാറിനേറ്റ കനത്ത പ്രഹരമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.

രണ്ടു തവണ വഖഫ് ബോർഡ് അംഗമായവർക്ക് വീണ്ടും തിരഞ്ഞെടുപ്പിലൂടെയോ നാമനിർദ്ദേശത്തിലൂടെയോ അംഗമാകാൻ സാധിക്കില്ലെന്ന കേരള സർക്കാറിന്റെ വഖഫ് ചട്ടത്തിലെ 58 (7) വകുപ്പാണ് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. കേന്ദ്ര വഖഫ് നിയമത്തിന് വിരുദ്ധമായി വഖഫ് ബോർഡിലെ തിരഞ്ഞെടുപ്പ് രംഗത്തെ ജനാധിപത്യ പ്രക്രിയ അട്ടിമറിക്കുന്നതിനാണ് കേരള സർക്കാർ പുതിയ വകുപ്പുകൾ എഴുതിച്ചേർത്തത്. വഖഫ് ബോർഡിലെ നിലവിലെ അംഗങ്ങളായ മുസ്ലീംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിൻ ഹാജി, കണ്ണൂർ ജില്ല വൈസ് പ്രസിഡന്റ് അഡ്വ. പി.വി. സൈനുദ്ദീൻ എന്നിവരാണ് ഈ രാഷ്ട്രീയ പ്രേരിത നീക്കം കോടതിയിൽ ചോദ്യം ചെയ്തത്.കേരള സംസ്ഥാന വഖഫ് ബോർഡിനെ സർക്കാറിന്റെ രാഷ്ട്രീയ ഇംഗിതങ്ങൾക്കനുസരിച്ച് കീഴ്പ്പെടുത്താനുള്ള ഗൂഢാലോചനയാണ് കോടതിയിൽ പരാജയപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.