rto-

ന്യൂഡൽഹി ഹെൽമറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവർക്ക് 1000 രൂപ പിഴ കൂടാതെ 3 മാസത്തേക്ക് അവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യണമെന്നും കേന്ദ്ര ഗതാഗത മന്ത്രാലയം. പിന്നിലിരിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കും. കാറിൽ 14 വയസിൽ താഴെ പ്രായമുള്ള കുട്ടികളെ മുൻസീറ്റിലിരുത്തിയാൽ 1000 രൂപയാണ് പിഴ. കുട്ടികൾക്കു പ്രത്യേക സീറ്റ് ഇല്ലാതെ യാത്രയ്ക്കും പിഴ 1000 രൂപ നൽകേണ്ടി വരും. എല്ലാ നിയമലംഘനങ്ങൾക്കുമുള്ള ഏറ്റവും കുറഞ്ഞ പിഴ നിരക്കുകളാണു പറഞ്ഞിരിക്കുന്നതെന്നും സംസ്ഥാനങ്ങൾക്ക് അതിന്റെ പത്തിരട്ടി വരെ നിശ്ചയിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.

കാലാവധി കഴിഞ്ഞാലും ഒരു മാസം വരെ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കാമെന്ന ഇളവും ഇനിയില്ല. ഇത് ഏറ്റവുമധികം തിരിച്ചടിയാകുന്നത് പ്രവാസികൾക്കായിരിക്കും. പുതുക്കുന്നതു കാലാവധി കഴിഞ്ഞാണെങ്കിൽ 1000 രൂപ പിഴയുമുണ്ട്. കാലാവധി കഴിഞ്ഞ് 5 വർഷം വരെ പിഴയടച്ചു പുതുക്കാമായിരുന്നത് ഇപ്പോൾ ഒരു വർഷമായി ചുരുക്കി. അതു കഴിഞ്ഞാൽ വീണ്ടും ഡ്രൈവിംഗ് ടെസ്റ്റിനു ഹാജരാകണം. ഇതു പ്രവാസികളെയാണ് ഏറ്റവും ബാധിക്കുക.

അതേസമയം കാലാവധി തീരുന്നതിന് ഒരു മാസം മുൻപേ ലൈസൻസ് പുതുക്കാമായിരുന്നത് ഇനി ഒരു വർഷം മുൻപേ പുതുക്കാം. പുതുക്കുന്ന ലൈസൻസിന്റെ കാലാവധി 50 വയസ് വരെയില്ല, ഇനി 40 വയസ് വരെ മാത്രം. ട്രാൻസ്പോർട്ട് വാഹന ലൈസൻസ് കാലാവധി 3 വർഷമായിരുന്നത് 5 വർഷമാക്കി. ലൈസൻസ് പുതുക്കൽ സുഗമമാക്കാൻ നടപടികൾ പൂർണമായും ഓൺലൈൻ വഴിയാക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.