ബംഗളൂരു: 'രാജ്യത്ത് മുമ്പില്ലാത്ത വിധം ജനാധിപത്യം സന്ധി ചെയ്യപ്പെടുന്ന സാഹചര്യത്തിൽ സർക്കാരിന്റെ ഭാഗമായി തുടരുന്നത് അനീതിയാണെന്ന്' പറഞ്ഞ് കർണാടകയിൽ യുവ ഐ.എ.എസ് ഓഫീസർ രാജിവച്ചു. 2009 ബാച്ച് ഐ.എ.എസ് ഓഫീസറായ ശശികാന്ത് സെന്തിലാണ് (40) രാജിവച്ചത്. തമിഴ്നാട് സ്വദേശിയായ ഇദ്ദേഹം 2017 ജൂൺ മുതൽ ദക്ഷിണ കന്നഡ ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണറായി സേവനമനുഷ്ഠിക്കുകയായിരുന്നു. ഊർജ്ജസ്വലനായ ഉദ്യോഗസ്ഥനെന്ന നിലയിൽ ജനകീയനായിരുന്നു. 'വൈവിധ്യമാർന്ന നമ്മുടെ ജനാധിപത്യത്തിന്റെ നെടുംതൂണുകൾ ഓരോന്നായി മുൻകാലങ്ങളില്ലാത്ത തരത്തിൽ സന്ധി ചെയ്യപ്പെടുന്ന സാഹചര്യത്തിൽ സർക്കാരിന്റെ ഭാഗമായിരിക്കുന്നത് അധാർമികമാണ്. വരും ദിവസങ്ങളിൽ നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന ഘടനക്ക് നേരെ കുടുതൽ ശക്തമായ വെല്ലുവിളികളുയരും. എല്ലാവരുടെയും നന്മ കണക്കിലെടുത്ത് ഞാൻ സിവിൽ സർവീസിന് പുറത്തുവരുന്നതാണ് നല്ലതെന്ന് ഞാൻ കരുതുന്നു.' സെന്തിൽ രാജി കത്തിൽ വ്യക്തമാക്കി. ചില സുഹൃത്തുക്കൾ രാജിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആലോചിച്ചെടുത്ത തീരുമാനമാണിത്. രാജി തീരുമാനം വ്യക്തിപരമാണെന്നും ദക്ഷിണ കന്നഡയിലെ ജനങ്ങളും ജനപ്രതിനിധികളും തന്നോട് അങ്ങേയറ്റം സഹകരിച്ചിട്ടുണ്ടെന്നും സേവനം അവസാനിപ്പക്കേണ്ടി വന്നതിൽ ക്ഷമ ചോദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കശ്മീർ ജനതയുടെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടതിൽ പ്രതഷേധിച്ച് മലയാളി ഐ.എ.എസ് ഓഫിസർ കണ്ണൻ ഗോപിനാഥനും രാജിവച്ചിരുന്നു. രാജി അംഗീകരിക്കുന്നതു വരെ ജോലിയിൽ തുടരണമെന്നു കണ്ണൻ ഗോപിനാഥനോടു കേന്ദ്രസർക്കാർ നിഷ്‌കർഷിച്ചിരുന്നുവെങ്കിലും നടപ്പായില്ല.