ചിറ്രഗോംഗ്: ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റിൽ അഫ്ഗാനിസ്ഥാന് മേൽക്കൈ. അഫ്ഗാനിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 342/10 നെതിരെ ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ബംഗ്ലാദേശ് രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ 194/8 എന്ന നിലയിൽ പ്രതിസന്ധിയിലാണ്. 2 വിക്കറ്ര് കൈയിലിരിക്കേ അഫ്ഗാനിസ്ഥാനെക്കാൾ 148 റൺസ് പിന്നിലാണ് ആതിഥേയർ. തകർപ്പൻ ആൾറൗണ്ട് പ്രകടനവുമായി മിന്നിത്തിളങ്ങിയ നായകൻ റാഷിദ് ഖാന്റെ മികവിലാണ് അഫ്ഗാൻ മത്സരത്തിൽ മുൻതൂക്കം നേടിയത്. 271/5 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് ഇന്നലെ പുനരാരംഭിച്ച അഫ്ഗാനെ അർദ്ധ സെഞ്ച്വറിയുമായി തിളങ്ങിയ റാഷിദാണ് (51) 342 വരെയെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത്. 61 പന്തിൽ 2 ഫോറും 3 സിക്സും ഉൾപ്പെട്ടതാണ് റാഷിദിന്റെ ഇന്നിംഗ്സ്. റഹ്മത്ത് ഷാ (102), അസ്ഗർ അഫ്ഗാൻ (92), അഫ്സർ സസായ് (42) എന്നിവരും അഫ്ഗാന് ബാറ്രുകൊണ്ട് മികച്ച സംഭാവന നൽകി. തൈജുൽ ഇസ്ലാം ബംഗ്ലാദേശിനായി 4 വിക്കറ്ര് വീഴ്ത്തി. തുടർന്ന് ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ബംഗ്ലാദേശ് നിരയിൽ 52 റൺസെടുത്ത മൊമിനുൾ ഹഖിനും 44 റൺസുമായി പുറത്താകാതെ നിൽക്കുന്ന മൊസദേക്ക് ഹുസൈനുമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാനായുള്ളൂ. റാഷിദ് അഫ്ഗാനായി നാല് വിക്കറ്റ് വീഴ്ത്തി കഴിഞ്ഞു.