വെടിക്കെട്ടുമായി സഞ്ജു സാംസൺ
ഏകദിന പരമ്പര ഇന്ത്യ എ 4-1ന് നേടി
തിരുവനന്തപുരം: മോശം കാലാവസ്ഥ മൂലം ട്വന്റി-20 ആയി മാറിയ ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യ എയ്ക്ക് 36 റൺസിന്റെ ഗംഭീരജയം.
സ്വന്തം കാണികൾക്ക് മുന്നിൽ വെടിക്കെട്ട് പ്രകടനവുമായി കത്തിക്കയറിയ ലോക്കൽ ബോയ് സഞ്ജു സാംസണിന്റെയും (48 പന്തിൽ 91), സീനിയർ താരം ശിഖർ ധവാന്റെയും (36 പന്തിൽ 53) തകർപ്പൻ ബാറ്റിംഗാണ് ഇന്ത്യ എയ്ക്ക് അവസാന മത്സരത്തിൽ ഗംഭീര ജയമൊരുക്കിയത്. സഞ്ജുവാണ് മാൻ ഒഫ് ദമാച്ച്. ഇതോടെ പരമ്പര ഇന്ത്യ 4-1ന് നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ സഞ്ജുവിന്റെയും ധവാന്റെയും അർദ്ധസെഞ്ചുറികളുടെ മികവിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 204 റൺസെടുത്തു. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറിൽ 168 റൺസിന് ആൾഔട്ടാവുകയായിരുന്നു.
ഇന്നലെ രാവിലെ വരെ പെയ്ത മഴയെ തുടർന്ന് ഔട്ട് ഫീൽഡിൽ ഈർപ്പം നില നിന്നതിനാൽ മത്സരം 20 ഓവറാക്കി ചുരുക്കി ഉച്ചയ്ക്ക് 1.45നാണ് ആരംഭിച്ചത്. ടോസ് നേടിയ ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടീം സ്കോർ 2ൽ നിൽക്കെ ബ്യൂറൻ ഹെൻറിക്കസ് എറിഞ്ഞ ആദ്യ ഓവറിലെ അവസാന പന്തിൽ ഓപ്പണർ പ്രശാന്ത് ചോപ്ര (1) ക്ലാസ്സന് ക്യാച്ച് നൽകി മടങ്ങി. തുടർന്ന് കാതടപ്പിക്കുന്ന കരഘോഷത്തിന്റെ അകമ്പടിയോടെ ക്രീസിലെത്തിയ സഞ്ജു പ്രതീക്ഷ കാത്ത ബാറ്റിംഗുമായി ശിഖർ ധവാനൊപ്പം ഇന്ത്യയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റുകയായിരുന്നു. ഇരുവരും രണ്ടാം വിക്കറ്റിൽ 135 റൺസ് കൂട്ടിച്ചേർത്തു. ത ആക്രമിച്ച് കളിച്ച സഞ്ജുവിന്റെ ബാറ്റിംഗിൽ നിന്ന് ആവേശം ഉൾക്കൊണ്ട് ധവാനും ബൗണ്ടറികൾ കണ്ടെത്തിയതോടെ ഇന്ത്യൻ സ്കോർ റോക്കറ്റ് പോലെ കുതിച്ചു. സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്തും കൃത്യമായ മികച്ച പന്തുകളെ ഫോറും സിക്സും പറത്തിയും ഇരുവരും ഗാലറിയെ ഉത്സത്തിമിർപ്പിലാക്കി. ജോർജ് ലിൻഡേയുടെ പതിനാലാം ഓവറിൽ ശിഖർ ധവാനെ നഷ്ടമായശേഷവും അടി തുടർന്ന സഞ്ജു പതിനാറാം ഓവറിൽ സെഞ്ച്വറിക്ക് ഒമ്പത് റൺസകലെ വീണു. ലിൻഡേയുടെ ബാളിൽ മലാന് ക്യാച്ച് നൽകി മടങ്ങുമ്പോൾ 48 പന്തിൽ ആറ് ഫോറും ഏഴ് സിക്സറും അടക്കം 91 റൺസ് നേടിക്കഴിഞ്ഞിരുന്നു. ധവാന്റെ ഇന്നിംഗ്സിൽ 5 ഫോറും 2 സിക്സും ഉൾപ്പെട്ടിരുന്നു.
ഇരുവരും പുറത്തായശേഷം ശ്രേയസ് അയ്യരുടെ (19 പന്തിൽ 36) വെടിക്കെട്ട് ഫിനിഷിംഗാണ് ഇന്ത്യൻ സ്കോർ 200 കടത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കായി ഹെൻറിക്കസും ലിൻഡേയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
തുടർന്ന് ബാറ്രിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കൻ നിരയിൽ റീസാ ഹെൻഡ്രിക്സും (43 പന്തിൽ 59), കെയ്ൽ വെരിയെന്നെയും (24 പന്തിൽ 44) പൊരുതി നോക്കിയെങ്കിലും ഇന്ത്യ ഉയർത്തിയ വിജയ ലക്ഷ്യം മറികടക്കാൻ അത് മതിയാകുമായിരുന്നില്ല. ഇന്ത്യക്കായി ഷർദ്ദുൽ താക്കൂർ മൂന്നു വിക്കറ്റ് വീഴ്ത്തി. വാഷിംഗ്ടൺ സുന്ദർ രണ്ട് വിക്കറ്റെടുത്തു. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ഇന്ത്യ ജയിച്ചപ്പോൾ നാലാം മത്സരത്തിൽ മഴനിയമത്തിന്റെ ആനുകൂല്യത്തിൽ ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നു. ഇരു ടീമുകളും തമ്മിലുള്ള ചതുർദിന മത്സരം സ്പോർട്സ് ഹബ്ബിൽ തിങ്കളാഴ്ച തുടങ്ങും.
സഞ്ജു ഷോ
തിരുവനന്തപുരം: നാട്ടുകാർക്കും ദേശീയ ചീഫ് സെലക്ടർ എം.എസ്.കെ പ്രസാദിനും മുന്നിൽ പ്രതീക്ഷയ്ക്കൊത്ത പ്രകടനം തന്നെയാണ് സഞ്ജു സാംസൺ പുറത്തെടുത്തത്. ഇന്ത്യൻ സീനിയർ ടീമിന്റെ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന സഞ്ജു കടുത്ത സമ്മർദ്ദത്തിനിടെയിലും അതൊട്ടും പ്രകടമാക്കാതെയാണ് അടിച്ചു കസറിയത്.
വിക്കറ്റിന് പിന്നിലും മികച്ച പ്രകടനം പുറത്തെടുത്ത് സെലക്ടർമാരുടെ കണ്ണുതുറപ്പിക്കുന്ന മിന്നുന്ന പ്രകടനമായിരുന്നു സഞ്ജുവിന്റേത്. സെഞ്ച്വറിയ്ക്ക് ഒമ്പത് റൺസ് അകലെ ഇടറി വീണെങ്കിലും ടീം പ്രതിസന്ധി നേരിട്ട ഘട്ടത്തിലെത്തി പുറത്തെടുത്ത ഈ ബാറ്രിംഗ് മികവിന് മാറ്റേറെയാണ്. നാലാം ഏകദിനത്തിൽ ബാറ്റിംഗ് നമ്പറിൽ താഴേക്കിറങ്ങേണ്ടി വന്ന സഞ്ജുവിന് പക്ഷേ ഇന്നലെ ടീം മാനേജ്മെന്റ് മൂന്നാം നമ്പറിലേക്ക് സ്ഥാനക്കയറ്റം നൽകിയത് നിർണായകമാവുകയായിരുന്നു. ബാൾ കൃത്യമായി കണക്ട് ചെയ്യാൻ തുടക്കത്തിൽ കഷ്ടപ്പെട്ട ധവാനും സഞ്ജുവിന്റെ നിർഭയത്തോടെയുള്ള ബാറ്രിംഗ് ധൈര്യം പകർന്നു.
തനിക്കായ് ആവേശത്തിര തീർത്ത ആരാധകർക്കൊപ്പം സെൽഫിയെടുത്തും അവർക്ക് ഓട്ടോ ഗ്രാഫ് നൽകിയ ശേഷവുമാണ് സഞ്ജു ഗ്രൗണ്ട് വിട്ടത്.
മാച്ച് ഫീസ് ഗ്രൗണ്ട് സ്റ്രാഫിന്
ദൈവത്തിനും ടീമിനും ഗ്രൗണ്ട് ഒരുക്കിയവർക്കുമാണ് തന്റെ മികച്ച ഇന്നിംഗ്സിന് മത്സര ശേഷം സഞ്ജു നന്ദി പറഞ്ഞത്. തന്റെ മാച്ച് ഫീസ് പ്രതികൂല കാലാവസ്ഥയിലും ഗ്രൗണ്ട് കളിക്ക് യോഗ്യമാക്കിയ ക്യൂറേറ്റർ ബിജുവിനും സംഘത്തിനും നൽകുകയാണെന്നും സഞ്ജു പറഞ്ഞു.
നാട്ടിലെ വിക്കറ്റിൽ ഇത്തരത്തിൽ കളിക്കാനാവുന്നത് സന്തോഷം നൽകുന്നുണ്ട്. ഇന്ത്യൻ ജേഴ്സി അണിയുന്നതിന്റെ തലേന്ന് ഉറക്കം പോലും നഷ്ടമായെന്നും താൻ അത്രത്തോളം ആവേശത്തിലായിരുന്നെന്നും സഞ്ജു കൂട്ടിച്ചേർത്തു. സ്ഥിരത നിലനിറുത്താൻ നാല് മണിക്കൂറോളം ദിവസവും ബാറ്രിംഗ് പരിശീലനം നടത്തുന്നുണ്ടെന്നും സഞ്ജു വെളിപ്പെടുത്തി. ആത്മവിശ്വാസത്തോടെ തുടക്കം മുതൽ കളിക്കാനായതിന് മറുവശത്ത് ശിഖർ ധവാന്റെ സാന്നിധ്യവും ഉപദേശങ്ങളും ഏറെ സഹായം ചെയ്തതെന്നും സഞ്ജു ചൂണ്ടിക്കാട്ടി.
സെലക്ടർ എം.എസ്.കെ പ്രസാദിന് മുന്നിൽ നന്നായി കളിക്കാനായെന്നും അദ്ദേഹം തോളത്ത് തട്ടി കീപ്പ് ഇറ്റ് അപ്പ് എന്ന് പറഞ്ഞുവെന്നും സഞ്ജു പറഞ്ഞു.