മുംബയിൽ പെയ്ത കനത്ത മഴയിൽ നഗരത്തിലെ പലവീടുകളിലും വെള്ളം കയറിയിരുന്നു.സൂപ്പർതാരം അമിതാഭ് ബച്ചന്റെ വീട്ടിലും വെള്ളംകയറിയതായുള്ള വാർത്തയും ഇതിനിടെ പുറത്തുവന്നു. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
ബച്ചന്റെ പ്രതീക്ഷ എന്ന വീടിനു മുന്നിൽ നിന്നുള്ള വീഡിയോയിൽ മുട്ടോളം വെള്ളത്തിൽ നിൽക്കുന്ന സെക്യൂരിറ്റിയെ കാണാം. ബച്ചനും ഭാര്യ ജയയും അഭിഷേക് ബച്ചനും ഐശ്വര്യറായിയും മകൾ ആരാധ്യയും ഈ വീട്ടിലാണ് താമസം.
ഈ വർഷം ഇതു രണ്ടാംതവണയാണ് മഴ കനത്തതോടെ ബച്ചന്റെ വീട്ടിൽ വെള്ളം കയറുന്നത്. കഴിഞ്ഞ ജൂലായിൽ അദ്ദേഹത്തിന്റെ മറ്റൊരു ബംഗ്ലാവായ ജാനകിലും വെള്ളക്കെട്ടു നിറഞ്ഞിരുന്നു. ബച്ചൻ ഓഫീസ് ആയി ഉപയോഗിക്കുന്ന വീടാണിത്. ബംഗ്ലാവിൽ നിന്നും വെള്ളം നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും വൈറലായിരുന്നു.
2009ൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ വീട്ടിലേക്ക് വെള്ളം കയറിയതിനെക്കുറിച്ച് ബച്ചൻ ബ്ലോഗ് ചെയ്തിരുന്നു. വീടിനു പുറത്തെ റോഡിൽ അരയോളം വെള്ളം കയറിയെന്നും വീട് ഉയരത്തിൽ നിർമ്മിച്ചതായിട്ടും വെള്ളം അകത്തേക്കു കയറുമോ എന്ന ഭീഷണി നേരിടുന്നുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.