narednra-modi-


ന്യൂഡൽഹി: ഏതാനും മണിക്കൂറുകൾക്കപ്പുറം ചന്ദ്രയാൻ 2 വിന്റെ ഭാഗമായ വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങും. ശനിയാഴ്ച പുലർച്ചെ ഒന്നരയ്ക്കും രണ്ടരയ്ക്കും ഇടയിലാകും വിക്രം ലാൻഡറിന്റെ സോഫ്ട് ലാൻഡിംഗ് നടക്കുക. ചന്ദ്രയാൻ രണ്ടിന്റെ നിയന്ത്രണം ഏകോപിപ്പിക്കുന്ന ബെംഗളൂരുവിലെ പീനിയ ഐ.എസ്.ആർ.ഒ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക് കേന്ദ്രത്തിലെ (ഇസ്ട്രാക്) മിഷൻ കോംപ്ലക്സ് ചരിത്രദൗത്യത്തിനുള്ള അവസാനതയാറെടുപ്പുകളിലാണ്. നൂറിലേറെ രാജ്യങ്ങളിൽ നിരവധി ടിവി ചാനലുകളിൽ ചന്ദ്രയാൻ 2 ലെ വിക്രം ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിങ് തൽസമയം സംപ്രേഷണം ചെയ്യും.

ചന്ദ്രയാൻ 2വിന്റെ സോഫ്ട് ലാൻഡിംഗിന് സാക്ഷിയാകാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ബെംഗളുരുവിലെത്തി. പല ഷിഫ്റ്റുകളിലായി ഇസ്ട്രാക്കിൽ രാപകൽ ഇമചിമ്മാതെ പ്രവർത്തിക്കുന്ന ഇരുന്നൂറോളം ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ദ്ധർക്കുമൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് ഓൺലൈൻ പ്രശ്നോത്തരിയിലൂടെ തിരഞ്ഞെടുത്ത 70 വിദ്യാർഥികളും വീക്ഷിക്കും.

ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരുവിലെത്തി. സോഫ്ട് ലാൻഡിംഗ് വിജയമാകുന്നതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമായി മാറാനാണ് ഇന്ത്യ ഒരുങ്ങുന്നത്. ചന്ദ്രനിൽ ഇതുവരെ സോഫ്ട്ലാൻഡിംഗ് നടത്തിയ നാലാമത്തെ രാജ്യവും. ശനിയാഴ്ച പുലർച്ചെ നിശ്ചയിച്ച സമയത്ത് ചന്ദ്രനടുത്ത് 30 കിലോമീറ്ററിൽ ലാൻഡിംഗ് പോയിന്റിൽ എത്തുന്നതിനുമുമ്പ് ലാൻഡറിലെ അഞ്ച് എൻജിനുകളും പ്രവർത്തിപ്പിക്കും. ഇതോടെ ലാൻഡറിന്റെ വേഗംകുറയും. ലാൻഡർ ചന്ദ്രനിലേക്ക് പതുക്കെ ഇറങ്ങിത്തുടങ്ങും. ഈസമയത്ത് ലാൻഡറിന്റെ ദിശ ക്രമീകരിക്കും.

വേഗം കുറയുന്നതിനനുസരിച്ച് ലാൻഡറിന്റെ കാലുകൾ ചന്ദ്രന് അഭിമുഖമാകും. ചന്ദ്രോപരിതലത്തിൽനിന്ന് ഒരുകിലോമീറ്റർ അകലെയാകുമ്പോൾ ലാൻഡറിന്റെ കാലുകൾ പൂർണമായും ചന്ദ്രന് അഭിമുഖമാകും. ഈസമയത്ത് എൻജിന്റെ തള്ളൽ കുറച്ചുകൊണ്ടുവരും. ഉപരിതലത്തിന് 15 മീറ്റർ മുകളിലെത്തുന്നതോടെ ലാൻഡറിനെ താഴേക്കും മുകളിലേക്കും പോകാതെ ഹോവർ (ആകാശത്തില്‍ സ്ഥിതിചെയ്യിക്കും) ചെയ്യും. ചന്ദ്രോപരിതലത്തിന് മൂന്നുമീറ്റർ മുകളിലേക്ക് എത്തുന്നതോടെ നാല് എൻജിനുകളും ഓഫ് ചെയ്യും. നടുവിലുള്ള ഒരു എൻജിൻമാത്രം പ്രവർത്തിപ്പിക്കും. ലാൻ‌ഡർ പതുക്കെ ചന്ദ്രോപരിതലത്തിലേക്ക് നീങ്ങും. ലാൻഡറിന്റെ നാലുകാലുകളും ചന്ദ്രോപരിതലം തൊട്ടുവെന്ന് അവയിലെ സെൻസറുകൾ വിവരം നൽകുന്നതോടെ മദ്ധ്യഭാഗത്തെ എൻജിനും ഓഫാകും. ലാൻഡിംഗ് പ്രക്രിയ പൂർത്തിയാകും.