തിരുവനന്തപുരം: കേരളത്തിന്റെ തനത് രുചിയിൽ തയ്യാറാക്കിയ അപ്പവും ആവിപറക്കുന്ന സ്റ്റൂവും ആസ്വദിച്ച് കഴിച്ചാണ് സംസ്ഥാനത്തിന്റെ 22-ാം ഗവർണറായി ചുമതലയേൽക്കാൻ ആരിഫ് മുഹമ്മദ് ഖാൻ എത്തിയത്. കേരളത്തെ അറിയുന്നതിന് തുടക്കം ഇവിടത്തെ നാടൻ രുചിയിലൂടെയാവണമെന്ന ആഗ്രഹം അദ്ദേഹം പങ്കുവച്ചതു മുതൽ രാജ്ഭവനിലെ അടുക്കളയിൽ ഒരുക്കങ്ങളായിരുന്നു. വിഭവങ്ങളുടെ പട്ടികയിൽ നിന്ന് പ്രഭാതഭക്ഷണമായി കേരളാ സ്റ്റൈൽ അപ്പവും സ്റ്റൂവും മതിയെന്ന് ഗവർണർ തീരുമാനിച്ചു. ഗവർണറും ഭാര്യ രേഷ്മാ ആരിഫും മക്കളായ മുസ്തഫാ ആരിഫും കബീർ ആരിഫും കേരളത്തിന്റെ രുചി ആസ്വദിച്ചു. ഉത്തരേന്ത്യൻ ഭക്ഷണമുണ്ടാക്കാൻ വിദഗ്ദ്ധരായ പാചകക്കാർ രാജ്ഭവൻ അടുക്കളയിലുണ്ടെന്ന് കേട്ടതോടെ, അത്താഴത്തിന് ചപ്പാത്തിയും മട്ടൺ കുറുമയുമാവട്ടെയെന്ന് ഉത്തർപ്രദേശുകാരനായ ഗവർണർ പറഞ്ഞത് തീൻമേശയിൽ ചിരിപടർത്തി. ഉച്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർക്കായി സദ്യയൊരുക്കിയിരുന്നു.
തിരുവിതാംകൂർ രാജകൊട്ടാരത്തിന്റെ ഗസ്റ്റ്ഹൗസായിരുന്ന രാജ്ഭവൻ പഴയ ബ്ലോക്കിന്റെ മുകൾനിലയിലുള്ള അപ്പാർട്ട്മെന്റിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കുടുംബസമേതം താമസിക്കുക. അദ്ദേഹത്തിന്റെ മുൻഗാമി പി. സദാശിവവും ഇവിടെത്തന്നെയായിരുന്നു താമസം. കൂടുതൽ സൗകര്യങ്ങളുള്ള അപ്പാർട്ട്മെന്റ് ഒരുക്കിയെങ്കിലും ഇവിടെത്തന്നെ താമസിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. സത്യപ്രതിജ്ഞ കാണാൻ ഉത്തരേന്ത്യയിൽ നിന്നെത്തിയ അദ്ദേഹത്തിന്റെ ബന്ധുക്കൾ അടുത്തുതന്നെ മടങ്ങും. പേഴ്സണൽ സ്റ്റാഫംഗങ്ങളായി അനിൽകുമാർ സിംഗ്, മലയാളിയായ വേണുഗോപാൽ എന്നിവർ ഗവർണർക്കൊപ്പം എത്തിയിട്ടുണ്ട്. കോ-ടെർമിനസ് വ്യവസ്ഥയിൽ അഞ്ചുവർഷത്തേക്കായിരിക്കും ഇവരുടെ നിയമനം.
മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്യാനുള്ള ഗവർണറുടെ ആഗ്രഹം രാജ്ഭവനിൽ തെല്ല് ആശങ്കയുണ്ടാക്കിയിരുന്നു. ഇത് ചട്ടവിരുദ്ധമാണോയെന്ന് രാജ്ഭവൻ അധികൃതർ നിയമസെക്രട്ടറിയുടെ റിപ്പോർട്ട് തേടി. ഭരണഘടനാപരമായി പ്രശ്നമില്ലെന്നായിരുന്നു മറുപടി. പ്രതിജ്ഞയുടെ മലയാളം പരിഭാഷ തയ്യാറാക്കി നിയമസെക്രട്ടറിക്ക് കൈമാറി. അദ്ദേഹത്തിന്റെ അനുമതിയോടെയാണ് ഗവർണർക്ക് കൈമാറിയത്. ആദ്യം മലയാളത്തിലും പിന്നീട് ഇംഗ്ലീഷിലും അദ്ദേഹം പ്രതിജ്ഞ ചൊല്ലി. ഉത്തർപ്രദേശ് സ്വദേശിയായ അദ്ദേഹം ഇംഗ്ലീഷിലോ ഹിന്ദിയിലോ സത്യപ്രതിജ്ഞ ചൊല്ലുമെന്ന് പ്രതീക്ഷിച്ചിരുന്നവരെ അദ്ഭുതപ്പെടുത്തി ആരിഫ് മുഹമ്മദ് ഖാൻ ആദ്യം മലയാളത്തിൽ പ്രതിജ്ഞയെടുത്തു. മലയാളത്തിലെ വാചകങ്ങൾ ഇംഗ്ലീഷിലാക്കി എഴുതിയ പേപ്പർ നോക്കി വായിക്കുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, കെ.ടി. ജലീൽ, രാമചന്ദ്രൻ കടന്നപ്പള്ളി, വി.എസ്. സുനിൽകുമാർ, ഒ. രാജഗോപാൽ എം.എൽ.എ, മേയർ വി.കെ. പ്രശാന്ത്, ചീഫ്സെക്രട്ടറി ടോംജോസ്, ഡി.ജി.പി ലോക്നാഥ് ബെഹ്റ, ദക്ഷിണ വ്യോമസേനാ മേധാവി എയർമാർഷൽ ബി. സുരേഷ്, കലിക്കറ്റ് വി.സി ഡോ. മുഹമ്മദ് ബഷീർ എന്നിവരെല്ലാം ഗവർണറുമായി കൂടിക്കാഴ്ച നടത്തി. വൈകിട്ട് മന്ത്രി കടകംപള്ളി രാജ്ഭവനിലെത്തി ഓണം വാരാഘോഷ സമാപനത്തിന് മുഖ്യാതിഥിയാവാൻ ഗവർണറെ ക്ഷണിച്ചു. ഓണസദ്യയൊരുക്കാൻ രണ്ടു വട്ടി നിറയെ ജൈവപച്ചക്കറികളും പഴങ്ങളുമായാണ് മന്ത്രി വി.എസ്. സുനിൽകുമാർ എത്തിയത്. ജീവനക്കാരെയെല്ലാം പരിചയപ്പെട്ടും എല്ലാവരോടും സ്നേഹം പങ്കിട്ടും ഗവർണറുടെ ഭാര്യ രേഷ്മയും രാജ്ഭവനിൽ നിറഞ്ഞുനിന്നു.