തിരുവനന്തപുരം: ഇത്തവണത്തെ ഓണാഘോഷത്തിന്റെ ക്ലൈമാക്സ് അവിസ്മരണീയമാക്കാൻ കൗമുദി ടി.വിയുടെ 'ഓണം എക്സ്ട്രീം" എത്തുന്നു. സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷം അവസാനിക്കുന്ന 16ന് ഘോഷയാത്ര തീരുന്നതോടെ സെൻട്രൽ സ്റ്റേഡിയത്തിൽ ഓണം എക്സ്ട്രീം കൊട്ടിക്കയറും. മലർവാടി ആർട്സ് ക്ലബിലൂടെ മലയാളി മനസുകളെ കീഴടക്കിയ യുവഗായകൻ സച്ചിൻവാര്യരും മെലഡികളിലൂടെ പ്രിയങ്കരിയായ മൃദുല വാര്യരും നേതൃത്വം നൽകുന്ന ഗായകർക്കൊപ്പം സംസ്ഥാനത്തെ ഏറ്റവും മികച്ച ചെണ്ടമേള ഗ്രൂപ്പുകളിലൊന്നായ ആട്ടം മേളക്കാരും പ്രമുഖ മ്യൂസിക് ബാൻഡ് 'ചെമ്മീനും"ഒത്തു ചേരുമ്പോൾ അടിപൊളി മേളക്കാഴ്ചയായി മാറും. ഇളക്കി മറിക്കുന്ന സംഗീതാഘോഷത്തിനൊപ്പം ജിംനാസ്റ്റിക് പ്രകടനത്തിലൂടെ ഗിന്നസ് ബുക്കിൽ ഇടം നേടിയ കോയമ്പത്തൂർ സ്വദേശി വൈഷ്ണവിയുടെ പ്രകടനവും കാണികൾക്ക് അസ്വദിക്കാൻ കഴിയും. മന്ത്രിമാരായ ഇ.പി. ജയരാജൻ, കടകംപള്ളി സുരേന്ദ്രൻ, മേയർ വി.കെ. പ്രശാന്ത് തുടങ്ങിയവർ അതിഥികളായി എത്തും.
ഉത്രാടം മുതൽ നഗരത്തിന് ഉത്സവനാളുകൾ
തിരുവനന്തപുരം : മഹാപ്രളയത്തെ ഒറ്റക്കെട്ടായി അതിജീവിച്ച കേരളീയർ ഐക്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം പകർന്നുകൊണ്ട് ഓണത്തെ വരവേൽക്കാൻ ഒരുങ്ങി. ആഘോഷങ്ങൾക്ക് മാറ്റേകിക്കൊണ്ട് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ 10 മുതൽ 16 വരെ നടക്കും. പ്രളയം കാരണം ഒരുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സർക്കാർ ഓണാഘോഷം സംഘടിപ്പിക്കുന്നത്. ഉത്രാട ദിനമായ ചൊവ്വാഴ്ച വൈകിട്ട് ആറിന് നിശാഗന്ധി ആഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ദേശീയ പുരസ്കാര ജേതാവ് കീർത്തി സുരേഷും സിനിമാതാരം ടൊവിനോ തോമസും മുഖ്യാതിഥികളായിരിക്കും. കലാമണ്ഡലം ശിവദാസും സംഘവും അവതരിപ്പിക്കുന്ന ചെണ്ടമേളത്തോടെ കലാപരിപാടികൾക്ക് തുടക്കമാകും. പിന്നണി ഗായിക കെ.എസ്. ചിത്രയുടെ സംഗീതനിശ അരങ്ങേറും. തുടർന്നുള്ള ആറു നാളുകൾ തലസ്ഥാനവാസികൾക്ക് നൃത്തവും പാട്ടുമായി ഉത്സവകാലം സമ്മാനിക്കാൻ കലാകാരൻമാരുടെ നീണ്ടനിരയെത്തും. നഗരിക്കകത്തും പുറത്തുമായി 29 വേദികളിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ഏഴ് ദിവസത്തെ പരിപാടികളിൽ അയ്യായിരത്തിലേറെ കലാകാരൻമാർ പങ്കെടുക്കും. പ്രശസ്ത പിന്നണി ഗായകരായ എം.ജി. ശ്രീകുമാർ, വിധുപ്രതാപ്, സുധീപ് കുമാർ, റിമിടോമി, ജ്യോത്സ്ന, കാർത്തിക്, ശ്രീനിവാസ്, മധു ബാലകൃഷ്ണൻ, ഉണ്ണിമേനോൻ, രമേശ് നാരായണൻ, മാർക്കോസ്, ജാസി ഗിഫ്റ്റ്, മൃദുല വാര്യർ, കാവാലം ശ്രീകുമാർ എന്നിവർ വിവിധ വേദികളിൽ എത്തും.
ഒ
പ്രശസ്ത നർത്തകരും സിനിമാതാരങ്ങളുമായ ആശാ ശരത്തിന്റെയും നവ്യാനായരുടെയും നൃത്തങ്ങൾക്കും തലസ്ഥാന നഗരം സാക്ഷ്യം വഹിക്കും. 16ന് വൈകിട്ട് അഞ്ചിന് വെള്ളയമ്പലം മുതൽ കിഴക്കേകോട്ട വരെയുള്ള വർണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ ഈ വർഷത്തെ ഓണം വാരാഘോഷങ്ങൾക്കു സമാപനമാകും.