തിരുവനന്തപുരം: ഇന്നലെ പ്രഭാതം വിടർന്നപ്പോൾ തന്നെ നഗരത്തെ കുളിപ്പിച്ച് മഴ പെയ്തിറങ്ങി.പക്ഷേ, മടിപിടിച്ചിരിക്കാതെ വിദ്യാർത്ഥികളും ഉദ്യോഗസ്ഥരുമെല്ലാം പതിവിലും ഉത്സാഹത്തോടെയാണ് ജോലി സ്ഥലത്തേക്കും സ്കൂളിലും കോളേജിലുമൊക്കെ പോയത്. കാര്യം മറ്റൊന്നുമല്ല. ഇന്നലെയായിരുന്നു മിക്കവാറും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഓണാഘോഷം നടന്നത്. അത്തപ്പൂക്കളമൊരുക്കിയാണ് തുടക്കം. പിന്നെ വിവിധ മത്സരങ്ങളും സദ്യയുമൊക്കെ ഓണാഘോഷത്തിന്റെ ഭാഗമായി നടന്നു. ഓണ അവധിക്ക് സ്കൂളും കോളേജുമൊക്കെ ഇന്നലെ അടയ്ക്കുകയും ചെയ്തു. ഓണാഘോഷം ഇതുവരെ നടക്കാത്ത ഓഫീസുകളിൽ ഇന്നാണ് ആഘോഷം. നാളെ മുതൽ ഓണ അവധി ആരംഭിക്കുകയായി!
സകല സ്ത്രീജനങ്ങളും സെറ്റുസാരി ധരിച്ച് മുല്ലപ്പൂവും ചൂടിയാണ് കോളേജിലും ഓഫീസുകളിലുമൊക്കെ എത്തിയത്. പുരുഷപ്രജകൾ മുണ്ടിലും. ആണ്ടിലും ആവണിക്കുമൊരിക്കൽ മാത്രം ഇതൊക്കെ ധരിക്കുന്ന കൂട്ടരാണ് ഏറെ ബുദ്ധിമുട്ടിയത്. ഉടുത്തുകെട്ടി വന്ന ശേഷം മത്സരത്തിലൊക്കെ പങ്കെടുക്കാൻ ഇക്കൂട്ടർക്ക് ഒരു 'കോൺഫിഡൻസ്' കിട്ടില്ലത്രേ! അത്തപ്പൂക്കളമിട്ട് അതിനു ചുറ്റുമിരുന്ന് സെൽഫിയെടുത്ത് പോസ്റ്റിട്ടായിരുന്നു പലരും അടുത്ത പരിപാടിയിലേക്ക് കടന്നത്. ഓണാഘോഷം ഫേസ്ബുക്ക് ലൈവാക്കിയവരുമുണ്ട്.
നഗരം ഓണത്തിരക്കിലാണെന്ന് മനസിലാക്കാൻ നഗരത്തിലേക്കു പ്രവേശിക്കുന്ന റോഡുകളിലെ തിരക്ക് കണ്ടാൽ മതി. സകലറോഡുകളും ഇന്നലെ രാവിലെയും വൈകിട്ടും ഗതാഗതത്തിരക്കിലമർന്നു. മഴ പെയ്തതോടെ കാറുള്ള സകലരും യാത്ര കാറിലാക്കി.
ഓണ പർച്ചേസിംഗ് തകർക്കുന്നത് കൂടുതലും തുണിക്കടയിലാണ്. ഇവിടെ കുടുംബസമേതമാണ് മിക്കവരും പർച്ചേസിംഗിനിറങ്ങുന്നത്. എല്ലാ വസ്ത്രവ്യാപാര ശാലകളിലും തിരക്കോടു തിരക്ക്. ഓഫർപെരുമഴയിലാണ് ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ കച്ചവടം കൊഴുക്കുന്നത്. വിവാഹ സീസൺ കൂടിയായതോടെ സ്വർണവിപണിയും ഉഷാർ. പവന് വില കൂടിയതൊന്നും ഏശിയിട്ടേ ഇല്ലെന്നു തോന്നും.
സബ്സിഡിയുടെ ഓണാവേശം
അരി ഉൾപ്പെടെ14 ഇനങ്ങളാണ് സബ്സിഡി നിരക്കിൽ വിൽക്കുന്നത്. 10 വരെ ഫെയർ ഉണ്ടാകും.
കുറുവ അരി 25 രൂപ, മട്ട അരി 24 രൂപ, പച്ചരി 23 രൂപ, ചെറുപയർ 69 രൂപ, വൻകടല 42 രൂപ, വൻപയർ 45 രൂപ, പഞ്ചസാര 22 രൂപ, ശബരി വെളിച്ചെണ്ണ 500 ഗ്രാമിന് 46 രൂപ എന്നിങ്ങനെയാണ് സബ്സിഡി നിരക്ക്.
ഹോർട്ടി കോർപറേഷന്റെ പച്ചക്കറികളും സബ്സിഡി നിരക്കിൽ കിട്ടും.
പ്രഷർ കുക്കർ, ഇൻഡക്ഷൻ കുക്കർ, ഇൻഡക്ഷൻ ബേസ് കുക്കർ, മിക്സി തുടങ്ങിയ അടുക്കള ഉപകരണങ്ങളും 10 മുതൽ 40 ശതമാനം വരെ വിലക്കുറവിലാണ് വില്പന.
ചുമന്നു കൊണ്ടു പോയി ഓണാഘോഷം
ഓണം ഒരുക്കുന്നതിന്റെ ബദ്ധപ്പാടും പിന്നെയുള്ള സന്തോഷവും കാണണമെങ്കിൽ സർക്കാരിന്റെ ഓണം വിപണിയിലേക്ക് എത്തിയാൽ മതി. ഇവിടെ സബ്സിഡി സാധനങ്ങൾക്കായി നീണ്ട ക്യൂവാണെപ്പോഴും. ക്യൂ നിൽക്കുന്നവരിൽ തൊണ്ണൂറു ശതമാനം പേരും വനിതകൾ.
പുത്തരിക്കണ്ടത്തെ ഓണം ഫെയറിൽ ക്യൂ നിന്ന് അധികനേരം തളരേണ്ടി വരില്ല. ക്യൂ ഹാളിലേക്ക് കടക്കുമ്പോഴേക്കും ഇരിപ്പിടം ലഭിക്കും. അഞ്ചുവരി ഇരിപ്പിടം മാറി മാറി ഇരുന്നു പോകുമ്പോൾ സാധനങ്ങൾ വാങ്ങാം. പലരും സാധനം വാങ്ങി ചുമന്നുകൊണ്ടാണ് പോകുന്നത്.
പ്രമുഖ ബ്രാൻഡുകളുടെ ബിസ്കറ്റ്, ആട്ട, ഡിറ്റർജന്റ് തുടങ്ങിയവയെല്ലാം വിപണി വിലയെക്കാൾ കുറഞ്ഞവിലയിലാണ് വിൽക്കുന്നത്. കുടുംബശ്രീ, കയർ കോർപറേഷൻ എന്നിവയുടെ സ്റ്റാളുകളും ഫെയറിലുണ്ട്.
ഓണം ഫെയറിനു പുറത്തും വ്യാപാരം തകർക്കുകയാണ്. കറിച്ചട്ടി, പാത്രങ്ങൾ, ഭരണി, തവികൾ, കത്തികൾ ഉൾപ്പെടെ സകലതും ഒരിടത്ത്. എതിർവശത്ത് കൈത്തറി വസ്ത്രങ്ങളുടെ ശേഖരവും. പുറത്തേക്കിറങ്ങുന്നിടത്തും ഇ.കെ. നായനാർ പാർക്കിനു മുന്നിലുമെല്ലാം വഴിയോര കച്ചവടക്കാർ നിരന്നു കഴിഞ്ഞു. എല്ലാറ്റിനും സഹായ വില. ''ചേച്ചിയേ 360 രൂപയുള്ള ടോപ്പിന് വെറും 160 രൂപ.'' തൊട്ടപ്പുറത്തുള്ളയാളുടെ വിളി ഇങ്ങനെ ''മുണ്ട് നൂറ് ഷർട്ട് നൂറേയ്.... സാരി നൂറ്റമ്പതേയ്...'' കുട്ടികൾക്കുള്ള തുണിത്തരങ്ങൾ, ജീൻസ്, ബർമൂഡ, ബെൽറ്റ്, കണ്ണാടി... അങ്ങനെയെല്ലാമുണ്ട് വഴിയോരത്ത്.