abdul-quadir

ലാഹോർ: പാകിസ്ഥാൻ സ്പിൻ ഇതിഹാസം അബ്ദുൾ ഖാദിർ അന്തരിച്ചു. 63 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ സ്വന്തം നാടായ ലാഹോറിൽ വച്ചാണ് അന്ത്യം. നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുർടർന്ന് ഉടൻ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ മാസം 15ന് 64 -ാം പിറന്നാൾ ദിനം ആഘോഷിക്കാനിരിക്കെയാണ് ഖാദിറിന്റെ മരണം. കൗതുകമുണർത്തുന്ന ആക്ഷനോടെ തന്റെ മാസ്മര ലെഗ്സ്പിന്നുമായി എതിരാളികളെ കുഴക്കിയ അബ്‌ദുൾ ഖാദിർ പാകിസ്ഥാനായി 67 ടെസ്റ്റുകളിലും 104 ഏകദിനങ്ങളിലും നിന്നുമായി 368 വിക്കറ്രുകൾ സ്വന്തമാക്കിയിട്ടുണ്ട്. 1993ൽ ക്രിക്കറ്രിൽ നിന്ന് വിരമിച്ച അദ്ദേഹം 2008-2009 കാലഘട്ടത്തിൽ പാക് ടീമിന്റെ ചീഫ് സെലക്ടറായും സേവനം അനുഷ്‌ടിച്ചു.

1988ൽ തന്റെ പതിനാറാം വയസിൽ ഇന്ത്യൻ ടീമിനൊപ്പം പാക് പര്യടനത്തിനെത്തിയ സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ ഒരു പ്രദർശന മത്സരത്തിനിടെ അബ്ദുൾ ഖാദിറിനെതിരെ ഒരോവറിൽ 4 സിക്സ് അടിച്ചാണ് ക്രിക്കറ്ര് ലോകത്ത് തന്റെ വരവറിയിച്ചത്. ഭാര്യയും നാലാൺമക്കളും ഒരു മകളുമടങ്ങുന്നതാണ് ഖാദിന്റെ കുടുംബം. ഖാദിറിന്റെ മകൾ നൂർ അംനയെയാണ് പാക് ക്രിക്കറ്ര് താരം ഉമർ അക്മൽ വിവാഹം കഴിച്ചിരിക്കുന്നത്.