അമിതവണ്ണം കാരണം വിഷമം അനുഭവിക്കുന്നവർ ഇനി മുതിര സൂപ്പ് കഴിച്ച് തുടങ്ങിക്കോളൂ. മുതിര, മഞ്ഞൾപ്പൊടി, ചെറിയ ഉള്ളി, കറിവേപ്പില, കുരുമുളക് പൊടി എന്നിവ ചേർത്ത് സൂപ്പ് തയാറാക്കാം. മൂന്ന് നേരവും ഭക്ഷണത്തിന് മുൻപ് കഴിക്കുക. അത്താഴത്തിന് മുതിര സൂപ്പും ഏതെങ്കിലും ഒരു പഴവും മാത്രം കഴിക്കുന്നത് കൂടുതൽ പ്രയോജനം നൽകും.
കൊഴുപ്പ് തീരെയില്ല എന്നതാണ് മുതിരയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നത്. മാത്രമല്ല, ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ, ഇരുമ്പ്, കാൽസ്യം എന്നിവയെല്ലാം ഇതിൽ ധാരാളമുണ്ടുതാനും. ദഹിക്കാൻ കൂടുതൽ സമയമെടുക്കുന്നതിനാൽ വിശപ്പിനെ തടുക്കുകയും ചെയ്യാം. ഇതിലൂടെ തന്നെ ഒരു പരിധി വരെ തടി കുറയ്ക്കാം. മാത്രമല്ല, ആന്റി ഓക്സിഡന്റിന്റെ കലവറയുമാണ് മുതിര. പ്രായത്തെ തോൽപ്പിക്കാനും ഉന്മേഷം നേടാനും ഇത് സഹായിക്കും. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും മുതിര ഉത്തമമാണ്.