ബെംഗളുരു: ഐ.എസ്.ആർ.ഒ ചെയർമാൻ കെ.ശിവൻ അറിയിച്ചിരുന്നതുപോലെ ആ 15 മിനിട്ടുകൾ നിർണായകമായിരുന്നു. ചന്ദ്രയാൻ 2 ചാന്ദ്രദൗത്യത്തിന്റെ ഭാഗമായുള്ള വിക്രം ലാൻഡറിന്റെ ലാൻഡിംഗ് വിജയകരമായില്ല. ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായെന്ന് ഐ.എസ്.ആർ.ഒ. ചെയർമാൻ കെ. ശിവൻ അറിയിച്ചു. റഫ് ബ്രേക്കിങ്ങിന് ശേഷം ഫൈൻ ലാൻഡിംഗിനിടെയാണ് സാങ്കേതികപ്രശ്‌നങ്ങൾ അഭിമുഖീകരിച്ചതോടെയാണ് ലാൻഡിംഗ് പ്രക്രിയ തടസപ്പെട്ടത്. വിവരങ്ങൾ പരിശോധിച്ചുവരികയാണെന്നും കെ.ശിവൻ അറിയിച്ചു.
അതേസമയം ഇതുവരെ എത്തിയത് ചെറിയ കാര്യമല്ല എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഈ ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്‍ഞർ രാജ്യത്തിന് അഭിമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രോയുടെ നേട്ടങ്ങളിൽ രാജ്യം അഭിമാനിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
ഇന്നലെ പുലർച്ചെ 1.55നാണ് ചന്ദ്രന്റെ ദക്ഷിണധ്രുവം ലക്ഷ്യമാക്കി പ്രജ്ഞാൻ എന്ന റോവറിനെയും വഹിച്ചുകൊണ്ട് ലാൻഡർ അവസാന ലാപ്പിലെ യാത്ര തുടങ്ങിയത് പുലർച്ചെ 1:52:54 ന് ലാൻഡർ ചന്ദ്രനിൽ സോഫ്ട് ലാൻഡിംഗ് നടത്തുമെന്നായിരുന്നു ഐ.എസ്.ആർ.ഒ അറിയിച്ചത്. എന്നാൽ അവസാന നിമിഷം ലാൻഡറുമായുള്ള സിഗ്നലുകൾ ലഭിക്കാതാവുകയായിരുന്നു.
ചന്ദ്രന്റെ ഗുരുത്വാകർഷണത്തെ അതിജീവിച്ച്, ഒരു നവജാതശിശുവിനെ കിടത്തുന്നത്ര ശ്രദ്ധയോടെ ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ സോഫ്‌റ്റ്ലാൻഡ് ചെയ്യിക്കാനുള്ള തപസ്യയിലായിരുന്നു ഇന്നലെ രാത്രി ശാസ്‌ത്രജ്ഞർ. ഐ.എസ്.ആർ.ഒയുടെ ബാംഗ്ളൂർ ഇസ്ട്രാക്കിലെയും മിഷൻ കൺട്രോൾ ഫെസിലിറ്റിയിലെയും ഇരുനൂറോളം ശാസ്ത്ര സാങ്കേതിക വിദഗ്ദ്ധർക്ക് അത് ഉൾക്കിടിലത്തിന്റെ നിമിഷങ്ങളായിരുന്നു. അതീവ സങ്കീർണമായ സാങ്കേതിക പ്രക്രിയകളുടെ കാൽമണിക്കൂറാണ് ലാൻഡറിന് കടന്നു പോകേണ്ടിയിരുന്നത്.
ചന്ദ്രനെ തൊട്ടറിയാനുള്ള ശാസ്‌ത്ര പരീക്ഷണങ്ങൾക്ക് സജ്ജമാക്കിയാണ് ഓർബിറ്റർ - ലാൻഡർ - റോവർ ത്രയത്തെ ഐ.എസ്.ആർ.ഒ തൊടുത്തുവിട്ടത്. സെപ്തംബർ രണ്ടിന് ചന്ദ്രയാൻ 2 പേടകം ചന്ദ്രന്റെ മുകളിലെത്തി. പിന്നാലെ പേടകത്തിൽ നിന്ന് വിക്രം ലാൻഡർ സ്വതന്ത്രമായി ചന്ദ്രനിലേക്ക് കൂടുതൽ കൂടുതൽ അടുത്തെങ്കിലും ഇതിലെ ഉപകരണങ്ങളൊന്നും പ്രവർത്തിപ്പിച്ചു തുടങ്ങിയിരുന്നില്ല. ലാൻഡറിനെ ചന്ദ്രനിലേക്ക് വിട്ട ചന്ദ്രയാൻ 2 പേടകം ഇപ്പോൾ ഒാർബിറ്ററായി ചന്ദ്രന്റെ 94 കിലോമീറ്റർ മുകളിൽ ചുറ്റുകയാണ്. വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്നതോടെ തുടർന്നുള്ള പതിന്നാല് ദിനരാത്രങ്ങൾ ഭൂമിയിൽ ചന്ദ്രോത്സവമായിരിക്കും.അമേരിക്കയും റഷ്യയും ചെെനയും ചന്ദ്രനിലിറങ്ങിയിട്ടുണ്ട്. അമേരിക്ക 50 കൊല്ലം മുൻപ് മനുഷ്യരെ ചന്ദ്രന്റെ മണ്ണിലിറക്കി.