modi

ബംഗളൂരു: ചന്ദ്രയാൻ 2 ദൗത്യത്തിലെ തിരിച്ചടിയിൽ നിരാശരായ ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദൗത്യത്തിലേറ്റ തിരിച്ചടിയിൽ തളരരുതെന്ന് ഏറ്റവും മികച്ച അവസരങ്ങൾ ഇനിയും വരാനിരിക്കുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശാസത്രജ്ഞർ രാജ്യത്തിനായി ജീവിതം ഉഴിഞ്ഞുവച്ചവരാണ്. ഇതുവരെ എത്തിയത് ചെറിയ നേട്ടമല്ലെന്നും രാജ്യം നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ ദൗത്യത്തിലൂടെ ചന്ദ്രനെ തൊടാനുള്ള ഇച്ഛാശക്തി നമുക്ക് കാണിക്കാനായി. നമ്മൾ ലക്ഷ്യത്തിന്റെ തൊട്ടരികിൽ എത്തിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ കേന്ദ്രത്തിൽ എത്തിയായിരുന്നു പ്രധാനമന്ത്രി ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ചത്.

അതേസമയം, ചന്ദ്രന്റെ മണ്ണിൽ ചരിത്രം കുറിക്കുന്ന മുഹൂർത്തത്തിന് കാത്തുനിന്ന രാജ്യത്തെ ജനങ്ങളെ നിരാശയിലാഴ്ത്തിയാണ് ചന്ദ്രയാൻ -2 ദൗത്യം അവസാന നിമിഷം പരാജയപ്പെട്ടത്. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ ഉയരത്തിൽ വച്ച് ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ ഗ്രൗണ്ട് സ്റ്റേഷനുമായുള്ള സിഗ്നൽബന്ധം നഷ്ടപ്പെട്ടു. റഫ് ബ്രേക്കിംഗിന് ശേഷം ഫൈൻ ലാൻഡിങ്ങിനിടെ സാങ്കേതികപ്രശ്‌നങ്ങൾ അഭിമുഖീകരിച്ചതോടെയാണ് ലാൻഡിംഗ് പ്രക്രിയ തടസപ്പെട്ടത്.

ചന്ദ്രയാൻ രണ്ടിന്റെ നിയന്ത്രണം ഏകോപിപ്പിക്കുന്ന ബംഗളൂരുവിലെ പീനിയ ഐ.എസ്.ആർ.ഒ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക് കേന്ദ്രത്തിലെ(ഇസ്ട്രാക്) മിഷൻ കോംപ്ലക്സിന് ലാൻഡറുമായുള്ള ബന്ധം നഷ്ടമായതായി ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.കെ.ശിവൻ അറിയിച്ചു. വിവരങ്ങൾക്കായി കാത്തിരിപ്പ് തുടരുകയാണ്. നാലു ലക്ഷം കിലോമീറ്റർ അകലെ നിന്നുള്ള ചന്ദ്രയാൻ 2 ദൗത്യത്തിലെ സന്ദേശങ്ങൾ സെക്കൻഡുകൾക്കുള്ളിലാണ് ഇസ്റോയുടെ ഈ കേന്ദ്രം വിലയിരുത്തി തുടർനിർദ്ദേശങ്ങൾ നൽകിവന്നത്. ഇതിനിടെയാണ് ലാൻഡറുമായുള്ള ബന്ധം നഷ്ടമായത്.