pm-modi

ബംഗളൂരു: ചന്ദ്രയാൻ രണ്ടിന്റെ ലാന്റിംഗിന് സാക്ഷികളാകാൻ ഐ.എസ്.ആർ.ഒ ആസ്ഥാനത്തെത്തിയ എഴുപതോളം വിദ്യാർത്ഥികളോട് സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദ്യാർത്ഥികളിലൊരാൾ മോദിയോട് ചോദിച്ചത് ഇന്ത്യൻ പ്രസിഡന്റാകാൻ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നായിരുന്നു. ഇതിന് അദ്ദേഹം തിരിച്ച് ചോദിച്ചത് എന്തുകൊണ്ട് പ്രധാനമന്ത്രിയാകാൻ ലക്ഷ്യം വയ്ക്കുന്നില്ല എന്നായിരുന്നു.

'ഇന്ത്യൻ പ്രസിഡന്റാകുകയെന്നതാണ് എന്റെ ലക്ഷ്യം. ഇതിനായി ഞാൻ എന്തൊക്കെയാണ് ചെയ്യേണ്ടത്?' വിദ്യാർത്ഥിയുടെ ഈ ചോദ്യത്തിന് എന്തുകൊണ്ട് പ്രസിഡന്റ്?​ പ്രധാനമന്ത്രിയാകേണ്ടേ?​ എന്നായിരുന്നു മോദി തിരിച്ച് ചോദിച്ചത്. 'നന്നായി പഠിക്കുക,​ കഠിനധ്വാനം ചെയ്യുക,​ ആത്മവിശ്വാസം ഉണ്ടാക്കുക നിങ്ങൾക്ക് ജീവിതത്തിൽ എന്തും നേടാം' അദ്ദേഹം വിദ്യാർത്ഥികളോടായി പറഞ്ഞു.

ചന്ദ്രയാൻ 2 ചാന്ദ്രദൗത്യത്തിന്റെ ഭാഗമായുള്ള വിക്രം ലാൻഡറിന്റെ ലാൻഡിംഗ് പ്രതീക്ഷിച്ചതുപോലെ വിജയകരമായില്ല. ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായെന്ന് ഐ.എസ്.ആർ.ഒ. ചെയർമാൻ കെ. ശിവൻ അറിയിച്ചിരുന്നു. റഫ് ബ്രേക്കിങ്ങിന് ശേഷം ഫൈൻ ലാൻഡിംഗിനിടെ സാങ്കേതികപ്രശ്‌നങ്ങൾ അഭിമുഖീകരിച്ചതോടെയാണ് ലാൻഡിംഗ് പ്രക്രിയ തടസപ്പെട്ടത്. എന്നാൽ ചന്ദ്രയാൻ ദൗത്യത്തിലെ തിരിച്ചടിയിൽ തളരരുതെന്നും ഇതുവരെ എത്തിയത് നേട്ടമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.