g-sudhakaran

കൊച്ചി: എറണാകുളം ഇടപ്പള്ളി - അരൂർ ബൈപ്പാസിൽ കുണ്ടന്നൂർ പാലത്തിന് സമീപം മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിന് പൊതുമരാമത്തിനെ കുറ്റം പറയേണ്ടതില്ലെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. പാലവും റോഡും പണിയാനേ പൊതുമരാമത്തിന് കഴിയൂ. റോഡിലെ ഗതാഗതം നിയന്ത്രിക്കേണ്ടത് ജില്ലാ പൊലീസ് മേധാവിയും ജില്ലാ കളക്‌ടറും ചേർന്നാണ്. കുണ്ടന്നൂരിലെ മേൽപ്പാല നിർമാണം ഏഴ് മാസം കൊണ്ട് പൂർത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുവരെ എല്ലാവരും സഹകരിക്കണം. മഴയിൽ തകർന്ന കൊച്ചിയിലെ റോഡുകളിലെ കുഴികൾ അടയ്‌ക്കാൻ അടിയന്തരമായി ഏഴ് കോടിരൂപ അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി. കുണ്ടന്നൂരിൽ മേൽപ്പാല നിർമാണം നടക്കുന്ന സ്ഥലം പരിശോധിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. വൈറ്റില കുണ്ടന്നൂർ റോഡുകൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുമായുള്ള ചർച്ചയിലും മന്ത്രി പങ്കെടുക്കും.

സംസ്ഥാനത്തെ മുഴുവൻ റോഡുകളും തകർന്നുവെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. ഇത് ശരിയല്ല. കൊച്ചിയിലെ 45 റോഡുകളിലെ ചില ഭാഗങ്ങൾ മാത്രമാണ് തകർന്നത്. അത് അടിയന്തരമായി അറ്റകുറ്റപ്പണി നടത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. കുഴിയട‌യ്‌ക്കാൻ വിദഗ്‌ദ്ധ ഉദ്യോഗസ്ഥരുടെയൊന്നും ആവശ്യമില്ല. ആർക്ക് വേണമെങ്കിലും കുഴിയടയ്‌ക്കാം. എന്നാൽ പാലം നിർമാണത്തിന് വിദഗ്‌ദ്ധരുടെ സഹായം ആവശ്യമാണ്. ഇത് പാലാരിവട്ടം പാലമല്ല. അതുകൊണ്ടാണ് കുഴിയടയ്‌ക്കാൻ എഞ്ചിനീയർമാർ എത്താതത്. കൊച്ചിയിലെ ഗതാഗതക്കുരുക്കിന് ഉത്തരവാദി പൊതുമരാമത്ത് വകുപ്പല്ല. റോഡ് പണിയുന്നതാണ് വകുപ്പിന്റെ പണി, അല്ലാതെ ഗതാഗതം നിയന്ത്രിക്കേണ്ടത്. എറണാകുളത്തേത് ഏറ്റവും മിടുക്കനായ കളക്‌ടറാണ്. ഗതാഗതം നിയന്ത്രിക്കേണ്ട കാര്യമെല്ലാം ജില്ലാ പൊലീസ് മേധാവിയും കളക്‌ടറുമാണ് ചെയ്യേണ്ടത്. സംസ്ഥാനത്ത് ഒരു റോഡിലും ടോൾ പിരിക്കേണ്ടെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഗതാഗതസ്തംഭനം പതിവായതോടെ വൈറ്റില - കുണ്ടന്നൂർ റൂട്ടിൽ കുരുക്കഴിക്കാൻ കൂടുതൽ പൊലീസുകാരെ നിയോഗിച്ചു. കുണ്ടന്നൂരിലും വൈറ്റിലയിലും ഗതാഗത നിയന്ത്രണത്തിന് ഇന്നു മുതൽ കൂടുതൽ പൊലീസുകാരുണ്ടാവും. 80 പൊലീസ് ഉദ്യോഗസ്ഥരെയാണ് ഗതാഗത നിയന്ത്രണത്തിന് നിയോഗിച്ചിരിക്കുന്നത്. കുണ്ടന്നൂരിൽ 60 പേരെയും വൈറ്റിലയിൽ 20 പേരെയുമാണ് അധികമായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ നിയോഗിച്ചത്. പൊലീസിന്റെ നേതൃത്വത്തിൽ രാവിലെ റോഡിലെ കുഴികൾ മണ്ണിട്ട് മൂടി.

വൻ ഗതാഗത കുരുക്കിനെ തുടർന്ന് വൈറ്റില അരൂർ ദേശീയപാതയിൽ ഇന്നലെയും വാഹനങ്ങൾ മണിക്കൂറുകളോളം റോഡിൽ കുടുങ്ങിയിരുന്നു. മൂന്ന് ദേശീയപാതകൾ ഒന്നിക്കുന്ന കുണ്ടന്നൂരിൽ നിന്നും 10 കിലോമീറ്റർ അകലെയുള്ള അരൂരിലെത്താൻ രണ്ട് മണിക്കൂറിലധികമാണ് യാത്രക്കാർ റോഡിൽ കിടന്നത്. കുണ്ടന്നൂർ, വൈറ്റില മേൽപ്പാലങ്ങളുടെ നിർമ്മാണത്തോടൊപ്പം സമാന്തര റോഡുകൾ പൊട്ടിപ്പൊളിയുക കൂടി ചെയ്തതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ കാരണം. കുണ്ടന്നൂരിൽ നിന്ന് തേവരയിലേക്കും മരടിലേക്കും പോകുന്ന വഴികൾ പാലം പണിക്കായി അടച്ചതോടെ, ഈ റോഡിലുള്ളവരും വൈറ്റില അരൂർ ദേശീയപാതയിലേക്ക് കയറി വേണം യാത്ര തുടരാൻ.