jayasurya

സിനിമ ചിത്രീകരണത്തിനിടെ നടൻ ജയസൂര്യയ്ക്ക് പരിക്കേറ്റു. തൃശൂർ പൂരം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം. തലചുറ്റി വീണ ജയസൂര്യയുടെ തലയ്ക്ക് പിന്നിൽ പരിക്കേൽക്കുകയായിരുന്നു. ഉടൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങളായി ചിത്രത്തിലെ സംഘട്ടന രംഗം ചിത്രീകരിക്കുകയായിരുന്നുവെന്നും അതുകൊണ്ട് തന്നെ ക്ഷീണമുണ്ടായിരുന്നുവെന്നും ജയസൂര്യ പറയുന്നു. വൈകുന്നേരത്തോടെ തലകറങ്ങി വീണു. ഇരുമ്പിന്റെ എന്തോ വസ്തുവിലാണ് തലയിടിച്ചത്. പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ച് പരിശോധനകൾ നടത്തി. ഓണം കഴിഞ്ഞ് ബാക്കി ഭാഗങ്ങൾ ചിത്രീകരിക്കുമെന്നും ജയസൂര്യ വ്യക്തമാക്കി.

ഈ വർഷത്തെ തൃശൂർ പൂരത്തിനിടെയാണ് ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന തൃശൂർ പൂരം എന്ന ചിത്രം അനൗൺസ് ചെയ്തത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമിക്കുന്നത്. തൃശൂർക്കാരുടെ ജീവിതവുമായി ബന്ധപ്പെട്ടാണ് ചിത്രം ഒരുക്കുന്നത്.