bsnl

ഇന്ത്യയിലെ ഇന്റർനെറ്റ് ലോകത്തേക്ക് ജിയോ തുറന്ന് വിട്ട ഓഫറുകളുടെ ഭൂതം മറ്റ് ടെലികോം നെറ്റ്ർ‌വർക്ക് സേവനദാതാക്കളെയെല്ലാം അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലാക്കിയെന്ന് വേണം കരുതാൻ. ഉപഭോക്താക്കളുടെ എണ്ണത്തിൽ കുറവ് നേരിട്ടതും വ്യക്തമായ പ്ലാനുകൾ നൽകാൻ കഴിയാത്തതുമാണ് പ്രതിസന്ധിക്ക് കാരണമായത്. ബ്രോഡ്ബാൻഡ്‌ ഇന്റർനെറ്റ് സേവനത്തിലും ജിയോ കൈവച്ചതോടെ ഈ രംഗത്തും കമ്പനികൾക്കും തകർച്ച നേരിട്ടു. കുറഞ്ഞ നിരക്കിൽ 100 എം.ബി.പി.എസ് നിരക്കിലാണ് നിലവിൽ ജിയോ സേവനങ്ങൾ ലഭ്യമാക്കുന്നത്. ഇതോടെ വിപണിയിൽ പിടിച്ചുനിൽക്കാൻ പുത്തൻ തന്ത്രങ്ങൾ പുറത്തെടുക്കുകയാണ് കമ്പനികൾ. സാമ്പത്തിക പ്രതിസന്ധി വിലങ്ങുതടിയാകുന്നുണ്ടെങ്കിലും പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എൻ.എലും ഉപഭോക്താക്കളെ ആകർഷിക്കുന്ന കിടിലൻ പ്ലാനുമായി രംഗത്തെത്തിയിട്ടുണ്ട്.

ബി.എസ്.എൻ.എല്ലിന്റെ ഭാരത് ഫൈബർ സർവീസാണ് നിലവിൽ ഇന്ത്യയിലെ ഏറ്റവും വേഗത കൂടിയ ബ്രോഡ്ബാൻഡ് സർവീസ്. വലിയ അളവിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് വേണ്ടി പുതിയൊരു ഓഫറുമായാണ് ഇപ്പോൾ ബി.എസ്.എൻ.എല്ലിന്റെ വരവ്. 1999രൂപയുടെ സ്‌റ്റാൻഡേർഡ് പ്ലാനിൽ ദിവസവും 33 ജി.ബി വരെ ഇന്റർനെറ്റ് ഉപയോഗിക്കാം. ഇതേപ്ലാനിൽ മറ്റ് കമ്പനികൾ നൽകുന്നതിനേക്കാൾ കൂടിയ ഓഫറാണ് ബി.എസ്.എൻ.എല്ലിന്റേതെന്ന് വ്യക്തം. പ്ലാനിന്റെ ഭാഗമായി കുറഞ്ഞത് 100 എം.ബി.പി.എസ് സ്പീഡിൽ ഇന്റർനെറ്റ് ലഭിക്കും. മാത്രവുമല്ല എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത സൗജന്യ കോളും ബി.എസ്.എൻ.എൽ വാഗ്‌ദ്ധാനം ചെയ്യുന്നു. 1999ന്റെ പ്ലാനിൽ സൗജന്യമായി തന്നെ ലാൻഡ്ഫോൺ കണക്ഷൻ ലഭിക്കും. 33 ജി.ബി പരിധി കഴിഞ്ഞാൽ 4 എം.ബി.പി.എസ് വേഗതയിൽ പരിധിയില്ലാത്ത ഇന്റർനെറ്റ് ലഭിക്കുമെന്ന് കൂടി കമ്പനി വ്യക്തമാക്കുന്നു.

എന്നാൽ, ജിയോ നൽകുന്നത് പോലെ തേർഡ് പാർട്ടി സേവനങ്ങളൊന്നും തന്നെ ബി.എസ്.എൻ.എല്ലിന്റെ ഈ പ്ലാനിൽ ഇല്ലെന്നത് പോരായ്‌മയാണ്. അടുത്തിടെ ജിയോ പ്രഖ്യാപിച്ച ജിയോ ഫൈബർ 2499 രൂപയ്‌ക്കാണ് ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത്. ഇതിൽ 500 എം.ബി.പി.എസ് സ്പീഡിൽ ഇന്റർനെറ്റും ഓഫർ കാലയളവിൽ 500 ജി.ബി ഇന്റർനെറ്റും ലഭിക്കും. തങ്ങളുടെ ലാൻഡ് ലൈൻ കണക്ഷൻ വഴി പരിധിയില്ലാത്ത കോൾ സേവനവും ജിയോ ലഭ്യമാക്കുന്നുണ്ട്. ഇത് പുറമെ 4കെ സെറ്റപ്പ് ബോക്‌സും സ്‌മാർട്ട് ടിവിയിൽ ഒ.ടി.ടി സേവനങ്ങളും ജിയോ വാഗ്‌ദ്ധാനം ചെയ്യുന്നുണ്ട്.