chandrayan-2

ബംഗളൂരു: ചന്ദ്രയാൻ ദൗത്യം അവസാന നിമിഷമാണ് അനിശ്ചിതത്വത്തിലായത്. അന്തിമഘട്ടത്തിലെ 15 മിനിട്ടുകൾ നിർണായകമായിരുന്നു. ചാന്ദ്രദൗത്യത്തിന്റെ ഭാഗമായുള്ള വിക്രം ലാൻഡറിന്റെ ലാൻഡിംഗ് വിജയകരമായില്ല. ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായെന്ന് ഐ.എസ്.ആർ.ഒ. ചെയർമാൻ കെ.ശിവൻ അറിയിച്ചിരുന്നു. എന്നാൽ, വിക്രം ലാൻഡറും ഓർബിറ്ററും തമ്മിൽ ആശയവിനിമയം ഇനിയും ഉണ്ടാകാമെന്ന് ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ ഡി.ശശികുമാർ വ്യക്തമാക്കി.

അതുകൊണ്ടു തന്നെ പേടകം തകർന്നുവെന്ന നിഗമനത്തിലേക്ക് ഇപ്പോൾ എത്താനാകില്ലെന്നും ശശികുമാർ വ്യക്തമാക്കി. സോഫ്റ്റ് ലാൻഡിംഗിന്റെ അവസാന നിമിഷം വിക്രം ലാൻഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടതോടെയാണ് ചന്ദ്രയാൻ പദ്ധതി അനിശ്ചിതത്വത്തിലായതെന്നാണ് ഐ.എസ്.ആ.ഒയുടെ പ്രാഥമികനിഗമനം. വിവരങ്ങൾ പരിശോധിച്ച് വരികയാണെന്നും ഐ.എസ്.ആർ.ഒ വ്യക്തമാക്കിയിരുന്നു.

അതേസമയം, ലാൻഡർ ഇറങ്ങുന്നതിനിടെ ചന്ദ്രനിലെ പൊടിപടലമുയർന്നത് മുതൽ ആന്റിനയുടെ ദിശാമാറ്റം വരെ പല വിശകലനങ്ങളും ഇതേക്കുറിച്ച് വരുന്നുണ്ട്. വിക്രം ലാൻഡറും അതിനുള്ളിലെ പ്രഗ്യാൻ റോവറും പരിഗണിച്ചാൽ ദൗത്യത്തിന്റെ അഞ്ചു ശതമാനം മാത്രമാണ് നഷ്ടമായതെന്നു കരുതാം. ശേഷിക്കുന്ന 95 ശതമാനം ചന്ദ്രയാൻ 2 ലെ ഓർബിറ്ററാണ്. ഇത് വിജയകരമായി തന്നെ ചന്ദ്രനെ വലം ചെയ്യുന്നതായും റിുപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ഇസ്റോയുടെ 50 വർഷത്തെ ചരിത്രത്തിൽ മുൻപും പ്രതീക്ഷിച്ച വിജയം കൈവരിക്കാനാകാതെ പോയിട്ടുണ്ട്. വിക്ഷേപണഘട്ടത്തിലെ പാളിച്ചകൾ മൂലമായിരുന്നു ഇതിൽ ഭൂരിഭാഗവും. 1979ൽ ഇന്ത്യയുടെ ആദ്യ വിക്ഷേപണവാഹനം എസ്.എൽ.വി 3ന്റെ ആദ്യപരീക്ഷണം തന്നെ പരാജയമായിരുന്നു.