സ്വന്തം മക്കളേക്കാൾ കരുതലിലാണ് ചിലർ തങ്ങളുടെ വാഹനത്തെ കൊണ്ടുനടക്കുന്നത്. ആ വാഹനമെങ്ങാനും അപകടത്തിൽ പെട്ട് കേടുപാടുകൾ സംഭവിച്ചാൽ എന്തായിരിക്കും സ്ഥിതി. അത്തരമൊരു അനുഭവമാണ് നല്ല വേഷങ്ങൾ കൊണ്ട് പ്രേക്ഷക മനസിൽ ഇടം നേടിയ സിനിമാ സീരിയൽ താരമായ ബാലാജി ശർമയ്‌ക്ക് പറയാനുള്ളത്. കൗമുദി ടിവിയുടെ ഡ്രീം ഡ്രൈവ് പരിപാടിയിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ
ആദ്യമായി ഞാൻ വാങ്ങിയ വാഹനം മാരുതിയുടെ 800 ആണ്. പിന്നീട് ഹ്യൂണ്ടായിയുടെ ഐ ടെൺ വാങ്ങി. അത് വാങ്ങി രണ്ട് മാസങ്ങൾ കഴിഞ്ഞ് തിരുവനന്തപുരം മ്യൂസിയത്തിന് മുന്നിലെ ട്രാഫിക്ക് സിഗ്‌നലിൽ നിൽക്കുമ്പോൾ പുറകിൽ ഒരു കെ.എസ്.ആർ.ടി.സി വാഹനം വന്നിടിച്ചു. ദേഷ്യത്തോടെയും സങ്കടത്തോടെയും പുറത്തിറങ്ങിയ ഞാൻ കാണുന്നത് കരഞ്ഞുകൊണ്ട് നിൽക്കുന്ന ഡ്രൈവറെയാണ്. താൻ എം.പാനലുകാരൻ ആണെന്നും ബ്രേക്ക് പിടിച്ച് കിട്ടിയില്ലെന്നും കണ്ണൂർ സ്വദേശിയായ ഡ്രൈവർ കണ്ണീരോടെ പറഞ്ഞപ്പോൾ എന്റെ ദേഷ്യം തണുന്നു. എന്നാൽ വാഹനത്തിന് സാരമായ കേടുപാടുണ്ടായിരുന്നു. തുടർന്ന് വാഹനം അറ്റകുറ്റപ്പണി ചെയ്യാനായി 4000 രൂപ തരാമെന്ന ഉറപ്പിന്മേൽ ഡ്രൈവർക്കെതിരെയുള്ള പരാതി പൊലീസിന്റെ സാന്നിധ്യത്തിൽ ഒത്തുതീർപ്പായി. കയ്യിലുണ്ടായിരുന്ന പണം കൊടുത്ത് എന്തായാലും വാഹനം ശരിയാക്കി.
പക്ഷേ പറഞ്ഞ അവധി കഴിഞ്ഞിട്ടും പണം കിട്ടാതെ വന്നതോടെ ഡ്രൈവറെയും പൊലീസുകാരനെയും മാറിമാറി വിളിച്ചെങ്കിലും കൃത്യമായ മറുപടിയൊന്നും ലഭിച്ചില്ല. ഇതോടെ ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യണമെന്ന് എനിക്ക് വാശിയായി. അങ്ങനെ ഞാൻ അന്നത്തെ ട്രാൻസ്പോർട്ട് കമ്മിഷണറായ സെൻകുമാറിനെ കണ്ട് കാര്യം അവതരിപ്പിച്ചു. അദ്ദേഹം അപ്പോൾ തന്നെ ഫോണെടുത്ത് ഡ്രൈവർ ജോലി ചെയ്യുന്ന സ്ഥലത്ത് വിളിച്ച് നാളെത്തന്നെ നഷ്‌ടപരിഹാരം കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. പിറ്റേന്ന് യൂണിയൻകാരെയും കൂട്ടി ഡ്രൈവർ വീട്ടിലെത്തി പൈസ നൽകി