ലോസ് ആഞ്ചെലെസ്: യു.എസ്. ഓപ്പൺ ഗ്രാൻഡ് സ്ലാം ടെന്നിസ് ടൂർണമെന്റിന്റെ പുരുഷ ഫൈനലിൽ സ്പാനിഷ് സെൻസേഷൻ റാഫേൽ നദാലും റഷ്യൻ അഞ്ചാം സീഡ് ഡാനിൽ മെദ്വെദെവും തമ്മിൽ ഏറ്റുമുട്ടും. കഴിഞ്ഞ ദിവസം നടന്ന സെമിയിൽ ഇറ്റലിയുടെ മറ്രിയോ ബെറേറ്രിനിയെ നേരിട്ടുള്ള ഗെയിമുകളിൽ വീഴ്ത്തിയാണ് നദാൽ ഫൈനലിൽ എത്തിയത്. സ്കോർ: 7-6, 6-4, 6-1.ആദ്യ ഗെമിൽ മാത്രമാണ് ബെറേറ്രിനിക്ക് നദാലിനെതിരെ വെല്ലുവിളി ഉയർത്താൻ സാധിച്ചുള്ളൂ. 19-ാം ഗ്രാൻഡ് സ്ലാം കിരീടമാണ് 33കാരനായ നദാൽ ലക്ഷ്യം വയ്ക്കുന്നത്.
മറ്രൊരു സെമിയിൽ ബർഗേറിയയുടെ ഗ്രിഗർ ദിമിത്രോവിനെ 7-6, 6-4, 6-3ന് നേരിട്ടുള്ള ഗെയിമുകളിൽ വീഴ്ത്തിയാണ് ഡാനിൽ മെദ്വെദെവ് ഫൈനലിൽ എത്തിയത്. 2 മണിക്കൂർ 38 മിനിട്ട് നീണ്ട മത്സരത്തിനൊടുവിലാണ് ദിമിത്രോവിനെ മെദ്വെദെവ് കീഴടക്കിയത്.
നോട്ട് ദ പോയിന്റ്
19-ാം ഗ്രാൻഡ്സ്ലാം കിരീടമാണ് നദാൽ ലക്ഷ്യം വയ്ക്കുന്നത്.
20 കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള റോജർ ഫെഡററാണ് ഏറ്രവും കൂടുതൽ ഗ്രാൻഡ് സ്ലാം സിംഗിൾസ് കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള പുരുഷ താരം (ഓപ്പൺ ഇറ)
5-ാം യു.എസ് ഓപ്പൺ ഫൈനലിനാണ് നദാൽ ഒരുങ്ങുന്നത്. 3 തവണ യു.എസ് ഓപ്പൺ കിരീടം നേടിയിട്ടുണ്ട് നദാൽ.
27-ാം ഗ്രാൻഡ് സ്ലാം ഫൈനലാണ് ഇത് നദാലിന്റെ
23 കാരനായ മെദ്വെദെവിന്റെ ആദ്യ ഗ്രാൻഡ്സ്ലാം ഫൈനലാണിത്.
2000 ത്തിൽ മരത് സഫിൻ ചാമ്പ്യനായ ശേഷം യു.എസ്. ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ എത്തുന്ന ആദ്യ റഷ്യൻ താരമാണ് മെദ്വെദെവ്.
കഴിഞ്ഞ മാസം നടന്ന മോൺട്രിയേൽ ഓപ്പൺ ഫൈനലിൽ നദാൽ മെദ്വെദെവിനെ പരാജയപ്പെടുത്തിയിരുന്നു.