pinapple

കോട്ടയം: പാല ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജോസ് ടോമിന് ചിഹ്നമായി. കൈതച്ചക്കയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയത്. ഓട്ടോറിക്ഷ ചിഹ്നമായിരുന്നു ആവശ്യപ്പെട്ടിരുന്നതെങ്രിലും അത് മറ്റൊരു സ്വതന്ത്ര സ്ഥാനാർത്ഥിക്ക് ലഭിച്ചതിനാൽ ജോസ് ടോം കൈതച്ചക്ക ചിഹ്നത്തിൽ മത്സരിക്കും. ആകെ 13 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്

കെ.എം മാണിയുടെ പിനർഗാമിയായാണ് താൻ മത്സരിക്കുന്നതെന്നും ചിഹ്നം ഏതായാലും വിജയം ഉറപ്പാണെന്നും ജോസ് ടോം പ്രതികരിച്ചു. മുന്നണിയേയും സ്ഥാനാർത്ഥിയേയും നോക്കിയാണ് ജനം വോട്ടു ചെയ്യുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 32 വർഷത്തിനിടെ ആദ്യമായാണ് പാലയിൽ രണ്ടില ചിഹ്നത്തിലല്ലാതെ യു.ഡി.എഫ് സ്ഥാനാർത്ഥി മത്സരിക്കുന്നത്. പി.ജെ ജോസഫും- ജോസ് കെ.മാണിയും തമ്മിലുള്ള പോര് മൂലമാണ് ജോസ് ടോമിന് രണ്ടില ചിഹ്നം ലഭിക്കാതെ പോയത്.

അതേസസമം പാലാ ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥി ജോസ് ടോമിന് വേണ്ടി യു.ഡി.എഫ് നടത്തുന്ന പ്രചാരണ പരിപാടിയിൽ നിന്നും വിട്ടുനിൽക്കുമെന്ന് പി.ജെ.ജോസഫ് വിഭാഗം അറിയിച്ചു. യു.ഡി.എഫ് കൺവൻഷനിടെ കേരള കോൺഗ്രസ് മാണി വിഭാഗം വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫിനെ ജോസ് കെ.മാണി വിഭാഗം അപമാനിച്ചതിൽ പ്രതിഷേധിച്ചാണ് തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിലും പരാതി നൽകിയിട്ടുണ്ട്. യു.ഡി.എഫ് ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്നും ജോസഫ് വിഭാഗം ജില്ലാ പ്രസി‌ഡന്റ് സജി മഞ്ഞക്കടമ്പിൽ വ്യക്തമാക്കി. തീരുമാനം ഉണ്ടായില്ലെങ്കിൽ ജോസ് ടോമിന് വേണ്ടി ഒറ്റയ്‌ക്ക് പ്രചാരണം നടത്തുമെന്നും ജോസഫ് വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ജോസഫ് വിഭാഗം പ്രചാരണത്തിൽ നിന്നും വിട്ടുനിൽക്കുമെന്ന് കരുതുന്നില്ലെന്നാണ് യു.ഡി.എഫ് നേതാക്കൾ പറയുന്നത്.