gold

കൊച്ചി: ഉത്സവകാലത്തിന്റെ ആവേശവുമായി പൊന്നിൻ വിപണി വീണ്ടും നേട്ടത്തിന്റെ ട്രാക്കിലേറി. കഴിഞ്ഞവാരങ്ങളിൽ റെക്കാഡ് വിലക്കുതിപ്പിന്റെ ചൂടിലായിരുന്ന സ്വർണം ഇപ്പോൾ അല്‌പം തണുത്തതാണ് ഉപഭോക്താക്കൾക്കും കച്ചവടക്കാർക്കും ആശ്വാസമായത്. ചിങ്ങമാസം വിവാഹ സീസൺ കൂടിയായതിനാൽ, വിവാഹാഭരണ പർച്ചേസുകളാണ് കൂടുതലും നടക്കുന്നത്.

കർക്കടകവും വിലക്കുതിപ്പും ഒന്നിച്ചെത്തിയതിനാൽ ജൂലായ്-ആഗസ്‌റ്റിൽ വില്‌പന പാതിയോളമായി കുറഞ്ഞിരുന്നു. അക്കാലത്തെ അപേക്ഷിച്ച്, ഇപ്പോൾ വില്‌പന 20 ശതമാനം വരെ തിരിച്ചു കയറിയിട്ടുണ്ടെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്‌ഥാന ട്രഷറർ എസ്. അബ്‌ദുൽ നാസർ‌ 'കേരളകൗമുദി"യോട് പറഞ്ഞു.

വില കുറഞ്ഞ് തുടങ്ങുന്നുവെന്ന പ്രതീതി ഉപഭോക്താക്കൾക്കിടയിലുണ്ട്. പണിക്കൂലിയിൽ വൻ ഇളവ് ഉൾപ്പെടെ ഒട്ടേറെ ആനുകൂല്യങ്ങൾ വിതരണക്കാർ മുന്നോട്ടുവച്ചതും ഉപഭോക്താക്കളെ ആകർഷിക്കുകയാണ്. അന്താരാഷ്‌ട്ര തലങ്ങളിൽ നിന്നുള്ള വെല്ലുവിളി കുറഞ്ഞതാണ് ഇപ്പോൾ ആഭ്യന്തര സ്വർണവില കുറയാൻ കാരണം. വരും നാളുകളിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെട്ടാൽ സ്വർണവില വീണ്ടും താഴുമെന്നും അദ്ദേഹം പറഞ്ഞു.

₹150 കോടി

കേരളത്തിൽ പ്രതിദിന സ്വർണ വില്‌പന ശരാശരി 100-150 കോടി രൂപയുടേതാണ്. പ്രത്യേകാവസരങ്ങളിൽ ഇത് പതിന്മടങ്ങ് വർദ്ധിക്കാറുണ്ട്.

ചരിത്രക്കുതിപ്പ്

ഈമാസം നാലിന് കേരളത്തിൽ സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയരത്തിലെത്തിയിരുന്നു. പവന് 29,120 രൂപയും ഗ്രാമിന് 3,640 രൂപയുമായിരുന്നു അന്ന് വില.

₹28,320

ഇന്നലെ പവൻ വില 160 രൂപ താഴ്‌ന്ന് 28,320 രൂപയിലെത്തി. 20 രൂപ കുറഞ്ഞ് 3,540 രൂപയാണ് ഗ്രാം വില.

₹5,680

കേരളത്തിൽ 2019ൽ ഇതുവരെ പവൻ വിലയിലുണ്ടായ വർദ്ധന (സെപ്‌തംബർ നാലുവരെ) 5,680 രൂപയാണ്. ഗ്രാമിന് 710 രൂപയും കൂടി. അതേസമയം, കഴിഞ്ഞ മൂന്നു ദിവസത്തിനിടെ പവന് 800 രൂപയും ഗ്രാമിന് 100 രൂപയും കുറഞ്ഞു.

ഉപഭോക്താവ്

എത്ര നൽകണം?

ഇന്നലെ പവൻ വില 28,320 രൂപ. 3% ജി.എസ്.ടി., കുറഞ്ഞത് 5% പണിക്കൂലി, 0.25% സെസ് എന്നിവ കൂടിച്ചേരുമ്പോൾ ഉപഭോക്താവ് ഒരു പവൻ ആഭരണം വാങ്ങാൻ 30,655 രൂപയെങ്കിലും നൽകണം.

വില എങ്ങോട്ട്?

കഴിഞ്ഞ രണ്ടു ദിവസമായി സ്വർണവില കുറയുകയാണ്. അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിന് ശമനമാകുന്നുവെന്ന പ്രതീതി മൂലം അന്താരാഷ്‌ട്ര വില ഔൺസിന് 1,550 ഡോളറിൽ നിന്ന് 1,500 ഡോളറിലേക്ക് താഴ്‌ന്നതും രൂപയുടെ മൂല്യം മെച്ചപ്പെട്ടതുമാണ് ഇതിന് കാരണം. രൂപ ദുർബലമായാലോ അന്താരാഷ്‌ട്ര വില ഉയർന്നാലോ സ്വർണവില വീണ്ടും കുതിപ്പ് തുടങ്ങും.