ശ്രീനഗർ: നിയന്ത്രണങ്ങൾ നിലനിൽക്കെ ജമ്മു കാശ്മീരിൽ ഭീകരാക്രമണം. ബാരാമുള്ള ജില്ലയിലെ സോപോറിൽ പഴവില്പന നടത്തുന്ന ഹമീദുല്ല റാത്തറിന്റെ വീടിന് നേരെ നടന്ന വെടിവയ്പിൽ രണ്ടു വയസുകാരി ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് സൂചന. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വടക്കൻ കശ്മീരിലെ ഡാംഗർപുരയിലുള്ള ഹമീദുല്ലയുടെ വീട്ടിലേക്ക് ഭീകരർ അതിക്രമിച്ചു കയറി വെടിയുതിർക്കുകയായിരുന്നെന്ന് ശ്രീനഗർ പൊലീസ് അറിയിച്ചു. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി നീക്കിയതിനെതിരെയുള്ള പ്രതിഷേധസൂചകമായി പഴക്കട തുറക്കരുതെന്ന് ഹമീദുല്ലയ്ക്കു ഭീകരർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതു ലംഘിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
2 വയസുകാരിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റാൻ എയർ ആംബുലൻസ് ഏർപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ശ്രീനഗർ ജില്ലാ കളക്ടർ ഷാഹിദ് ചൗധരി വ്യക്തമാക്കി.
താഴ്വരയിലെ സമാധാനാന്തരീഷം തകർക്കാൻ കഴിഞ്ഞ ഒരു മാസത്തിലേറെയായി ഭീകരർക്ക് പാകിസ്ഥാൻ സഹായം നൽകുന്നുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ട്. സാധാരണക്കാരെ ആക്രമിച്ച് ജനങ്ങൾക്കിടയിൽ ഭയം നിലനിറുത്തുകയാണ് ലക്ഷ്യം. കാശ്മീരിലേക്കു നുഴഞ്ഞുകയറാൻ ശ്രമിച്ച, ലഷ്‌കറെ തയിബ ബന്ധമുള്ള 2 പാകിസ്ഥാൻ പൗരൻമാർ കഴിഞ്ഞ മാസം 21ന് പിടിയിലായിരുന്നു. റാവൽപിണ്ടി സ്വദേശികളായ മുഹമ്മദ് ഖലീലും മുഹമ്മദ് നസീമും ഗുൽമാർഗ് സെക്ടറിലാണ് പിടിയിലായത്. ഭീകരപ്രവർത്തനമായിരുന്നു ലക്ഷ്യമെന്ന് ഇരുവരും മൊഴി നൽകുന്നതിന്റെ വീഡിയോയും സൈന്യം പുറത്തുവിട്ടിരുന്നു.