ഡൽഹി: ജമ്മുകാശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കുന്നത് പാകിസ്ഥാന്റെ പെരുമാറ്റം അനുസരിച്ചാകുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഒരു മാസത്തിലേറെയായി ജമ്മു കാശ്മീരിൽ കടുത്ത നിയന്ത്റണങ്ങളാണ്. എല്ലാ നിയന്ത്റണങ്ങളും നീക്കിയ ശേഷമുള്ള കാശ്മീരിനെ കാണാൻ ആഗ്രഹമുണ്ട്. എന്നാൽ പാക്കിസ്ഥാനിൽ നിന്നുള്ള പ്രതികരണം അനുസരിച്ചാകും ഇതിൽ തീരുമാനം കൈക്കൊള്ളുകയെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാൻ നല്ലരീതിയിൽ പെരുമാറാൻ ആരംഭിച്ചാൽ ഭീകരരുടെ ഭീഷണിയും നുഴഞ്ഞുകയറ്റവും അവസാനിക്കും. പാക്കിസ്ഥാൻ അവരുടെ ടവറുകളിലൂടെ ഭീകരർക്കു സിഗ്നലുകൾ അയയ്ക്കുന്നത് നിർത്തിയാൽ നിയന്ത്റണങ്ങൾ അപ്പോൾ തന്നെ പിൻവലിക്കാം. ജമ്മു കാശ്മീരിലെ 92.5 ശതമാനം പ്രദേശങ്ങളിലും നിയന്ത്റണങ്ങളില്ല. അതിർത്തിയിൽനിന്ന് 20 കിലോമീറ്റർ മാറി പാക്കിസ്ഥാന്റെ കമ്യൂണിക്കേഷൻ ടവറുകളുണ്ട്. അതിലൂടെ അവർ ഭീകരർക്കു സന്ദേശങ്ങൾ അയക്കാൻ ശ്രമിക്കുകയാണ്.
ആയുധങ്ങൾ ശേഖരിക്കുന്നതിനായി ഭീകരർ ഉപയോഗിക്കുന്ന എത്ര 'ആപ്പിൾ ട്രക്കുകൾ' നീങ്ങുന്നുണ്ട്? അവയെ തടയാൻ കഴിയില്ലേ? ഞങ്ങൾ നിങ്ങൾക്ക് വളകൾ അയക്കണോ? തുടങ്ങിയ സന്ദേശങ്ങൾ പിടിച്ചെടുത്തിട്ടുണ്ടെന്നും അജിത് ഡോവൽ വ്യക്തമാക്കി. .
നിയന്ത്റണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നെങ്കിലും പാക്കിസ്ഥാൻഭീകരരിൽനിന്ന് കാശ്മീരികളുടെ ജീവൻ സംരക്ഷിക്കാൻ ദൃഢനിശ്ചയത്തിലാണ്. പാക്കിസ്ഥാന് അശാന്തി സൃഷ്ടിക്കാനുള്ള ഒരേയൊരു ഉപകരണം ഭീകരതയാണ്. ഇതുവരെ 230 പാക്ക് ഭീകരരെ കണ്ടെത്തി. അവരിൽ ചിലർ നുഴഞ്ഞുകയറി, ചിലരെ അറസ്റ്റ് ചെയ്തു. ജമ്മു കാശ്മീരിലെ 199 പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള പ്രദേശങ്ങളിൽ 10 ഇടങ്ങളിൽ മാത്രമാണ് നിയന്ത്റണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാന പൊലീസും കേന്ദ്രസേനകളും ക്രമസമാധാന നില കൈകാര്യം ചെയ്യുന്നതിനാൽ സൈനിക അതിക്രമങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു പ്രസക്തിയില്ല. ഭീകരരോടു പോരാടാൻ സൈന്യം ഉണ്ട്. 370ാം വകുപ്പ് റദ്ദാക്കിയതിനെ ഭൂരിപക്ഷം കശ്മീരികളും പിന്തുണയ്ക്കുന്നെന്നു പൂർണ ബോധ്യമുണ്ട്. ഇതിലൂടെ കൂടുതൽ തൊഴിൽ അവസരങ്ങളും സാമ്പത്തിക പുരോഗതിയും ലഭിക്കുമെന്ന് അവർക്കറിയാം. ഏതാനും അക്രമികൾ മാത്രമാണ് ഇതിനെ എതിർക്കുന്നതെന്നും ഡോവൽ പറഞ്ഞു.