ഇസ്ളാമബാദ്: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വിമാനത്തിന് പാക് വ്യോമപാതയിൽ പ്രവേശനാനുമതി നിഷേധിച്ചു. ഐസ് ലാൻഡ്, സ്വിറ്റ്സർലൻഡ്, സ്‌ളോവേനിയ എന്നിവിടങ്ങളിലായി 9 ദിവസത്തെ സന്ദർശനത്തിന് തിങ്കളാഴ്ച രാഷ്ട്രപതി യാത്രതിരിക്കും. ഇതിനായി വ്യോമമേഖല ഉപയോഗിക്കാൻ അനുവദിക്കണമെന്ന ഇന്ത്യയുടെ അഭ്യർത്ഥന പാകിസ്ഥാൻ നിരസിക്കുകയായിരുന്നു.
സന്ദർശനവേളയിൽ ഇന്ത്യയുടെ ‘ദേശീയ ആശങ്കകൾ’ സംബന്ധിച്ച് രാഷ്ട്രപതി, ആ രാജ്യങ്ങളിലെ ഉന്നത നേതൃത്വത്തിനോട് വിശദീകരിച്ചേക്കും. പ്രത്യേകിച്ചും പുൽവാമ ആക്രമണം ഉൾപ്പെടെയുള്ള ഈ വർഷത്തെ ഭീകര ആക്രമണ സംഭവങ്ങൾ വിശദീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
കാശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞതിനെ തുടർന്നുള്ള രാഷ്ട്രീയ സാഹചര്യമാണ് വ്യോമപാത ഉപയോഗിക്കുന്നതിന് അനുമതി നിഷേധിക്കാൻ കാരണമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി പറഞ്ഞതായി പി.ടി.വി റിപ്പോർട്ട് ചെയ്തു.
'നയതന്ത്ര കാര്യങ്ങളിൽ ഇന്ത്യയുടെ സമീപകാലത്തെ പെരുമാറ്റമാണ് ഇങ്ങനൊരു നിലപാട് സ്വീകരിക്കാൻ പ്രേരിപ്പിച്ചത്. ഒരു രാജ്യത്തിന്റെ രാഷ്ട്രപതിക്ക് വ്യോമപാത ഉപയോഗിക്കുന്നതിന് അനുമതി നിഷേധിക്കുകയെന്ന അസാധാരണമായ തീരുമാനമെടുക്കുന്നതിന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അനുമതി നൽകിയിട്ടുണ്ടെന്നും' ഖുറേഷി വ്യക്തമാക്കി.
ബാലാക്കോട്ട് ആക്രമണത്തെ തുടർന്ന് ഫെബ്രുവരി 26ന് അടച്ച പാക് വ്യോമപാത കഴിഞ്ഞ മാർച്ചിലാണ് ഭാഗികമായി തുറന്നത്. എങ്കിലും ഇന്ത്യൻ വിമാന സർവീസുകൾക്കുള്ള വിലക്ക് നിലനിറുത്തുകയായിരുന്നു. വ്യോമപാത അടച്ചത് വിമാനക്കമ്പനികൾക്കും പാകിസ്ഥാനും കോടികളുടെ നഷ്ടമുണ്ടാക്കിയിരുന്നു.