ram-nath-kovind

ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വിമാനമായ എയർ ഇന്ത്യ വണ്ണിന് വ്യോമപാത നിഷേധിച്ച് പാകിസ്ഥാൻ. സെപ്തംബർ ഒൻപതിന് രാഷ്ട്രപതിയെയും വഹിച്ചുകൊണ്ട് ഐസ്ലാൻഡിലേക്ക് പോകാനുള്ള പോകാനുള്ള ബോയിങ് 747 വിമാനത്തിനാണ് പാകിസ്ഥാൻ വ്യോമപാത നൽകേണ്ട എന്ന് തീരുമാനിച്ചത്. ഇതിനെ തുടർന്ന് ഐസ്ലാൻഡിലേക്ക് ഏത്താൻ വിമാനം ദൈർഘ്യം കൂടിയ മറ്റൊരു വ്യോമപാത സ്വീകരിക്കേണ്ടതായി വരും. ഐസ്ലാൻഡ്, സ്വിറ്റ്‌സർലൻഡ്, സ്ലോവേനിയ എന്നീ രാജ്യങ്ങൾ സന്ദർശിച്ച് സെപ്തംബർ 17ന് തിരികെ ഇന്ത്യയിലേക്ക് വരുമ്പോഴും രാഷ്ട്രപതിയുടെ വിമാനം ഇതേ വ്യോമപാത തന്നെ ഉപയോഗപ്പെടുത്തേണ്ടി വരും.

പുതിയ പാതയിലൂടെയുള്ള ഓരോ യാത്രയിലും രാഷ്ട്രപതി 50 മിനിറ്റ് അധികം വിമാനത്തിൽ ചിലവഴിക്കേണ്ടതായും വരും. ഈ വ്യോമപാത കറാച്ചിക്ക് പകരം മസ്‌കറ്റ് വഴിയാണ് കടന്നുപോകുന്നത്. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നിർദ്ദേശപ്രകാരമാണ് പാക് സർക്കാർ അദ്ദേഹത്തിന് വ്യോമപാത നിഷേധിച്ചതെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുർഷി പറഞ്ഞു. ഇതിനുമുൻപ് പുൽവാമ ആക്രമണത്തിന് പകരമായി പാകിസ്ഥാനിലെ ബാലാകോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ തുടർന്ന് ഫെബ്രുവരി 27ന് പാകിസ്ഥാൻ തങ്ങളുടെ വ്യോമപാത ഇന്ത്യക്കുമുന്നിൽ അടച്ചിരുന്നു. 138 ദിവസം കഴിഞ്ഞ് ജൂലൈ 16നാണ് പാകിസ്ഥാൻ വീണ്ടും വ്യോമപാത തുറന്നത്.