
ബംഗളൂരു: ചന്ദ്രയാൻ 2 ദൗത്യം 90 മുതൽ 95 ശതമാനം വരെ വിജയകരമെന്ന് വ്യക്തമാക്കി ഐ.എസ്.ആർ.ഒ. ചന്ദ്രന്റെ ഭ്രമണപഥത്തിൽ വലം വയ്ക്കുന്ന ചന്ദ്രയാൻ 2 ഓർബിറ്റർ പൂർണ തോതിൽ പ്രവർത്തന ക്ഷമമാണെന്നും ഏഴുവർഷം ചന്ദ്രനെ ഭ്രമണം ചെയ്യുമെന്നും ഐ.എസ്.ആർ.ഒ അധികൃതർ അറിയിച്ചു. നേരത്തെ പദ്ധതിയിട്ടതിൽ നിന്ന് ആറുവർഷം കൂടുതലാണിത്. നേരത്തെ ഒരു വർഷം ഭ്രമണം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. ദൗത്യം ഏറെ വെല്ലുവിളികൾ നിറഞ്ഞതാണെന്നും ഐ.എസ്.ആർ.ഒ വ്യക്തമാക്കി.
100 കിലോമീറ്റർ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ 2379 കിലോഗ്രാം ഭാരമുള്ള ഓർബിറ്റർ ഏഴുവർഷത്തിലേറെ ചന്ദ്രനെ വലംവയ്ക്കും. ചന്ദ്രനെ കുറിച്ചുള്ള വിവരങ്ങൾ ഓർബിറ്ററിലുള്ള ഉപകരണങ്ങൾ ശേഖരിച്ച് ഭൂമിയിലെ കൺട്രോൾ റൂമിന് കൈമാറും. ചന്ദ്രോപരിതലത്തിന്റെ ത്രിമാന ചിത്രങ്ങളെടുക്കാനുള്ള കാമറയും ധാതുപഠനത്തിന് കോളിമേറ്റഡ് ലാർജ് അറേ സോഫ്റ്റ് എക്‌സ്റേ സ്പെക്ട്റോമീറ്ററും അന്തരീക്ഷഘടനയെ കുറിച്ച് പഠിക്കാൻ 'ചേസ് 2'വും സൂര്യനിൽ നിന്നുള്ള എക്‌സ്റേ വികിരണങ്ങളെപ്പറ്റി പഠിക്കാൻ സോളർ എക്‌സ്റേ മോണിറ്ററും ഓർബിറ്ററിലുണ്ട്.
റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് ചന്ദ്രനെ സ്‌കാൻ ചെയ്യാൻ സിന്തറ്റിക് റഡാറും ചന്ദ്രോപരിതലത്തിലെ ജലസാന്നിധ്യം അളക്കാൻ ഇമേജിംഗ് ഇൻഫ്രാറെഡ് സ്പെക്ട്രോമീറ്ററും സ്ഥലം കൃത്യമായി അടയാളപ്പെടുത്താൻ ഓർബിറ്റർ ഹൈ റെസല്യൂഷൻ കാമറയും ഓർബിറ്ററിൽ ഘടിപ്പിച്ചിട്ടുണ്ട്.
പേടകത്തിലെ ഓർബിറ്ററിൽ നിന്ന് ലാൻഡർ സെ്റ്റപംബർ രണ്ടിനാണ് വേർപ്പെട്ടത്. ഓർബിറ്ററിൽ നിന്ന് വേർപ്പെട്ട വിക്രം ലാൻഡർ ചന്ദ്രന്റെ ഉപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്നതിനിടെ കൺട്രോൾ റൂമുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. ചന്ദ്രന് 2.1 കിലോമീറ്റർ അടുത്തു വെച്ചാണ് ലാൻഡറിൽ നിന്നുള്ള ആശയവിനിമയം തകരാറിലായത്.