കൊച്ചി: വാണിജ്യ വാഹന ശ്രേണിയിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ പുത്തൻ മോഡലായ ബൊലേറോ സിറ്റി പിക്കപ്പ് വിപണിയിലെത്തി. നഗര നിരത്തുകൾക്ക് അനുയോജ്യമായാ വിധമാണ് രൂപകല്‌പന. 8.7 അടി കാർഗോ ബോക്‌സാണ് വാഹനത്തിന്റെ പിന്നിലുള്ളത്. വീതി 5.6 അടി. 1.4 ടൺ വരെ ഭാരം (പേലോഡ് കപ്പാസിറ്റി) വഹിക്കും.
63 ബി.എച്ച്.പി കരുത്തും പരമാവധി 195 എൻ.എം ടോർക്കുമുള്ള 2,523 സി.സി, എം2 ഡി.ഐ എൻജിനാണുള്ളത്. നാല് സിലിണ്ടർ ഡീസൽ എൻജിനാണിത്. വലിപ്പമേറിയ ടയറുകൾ ഭാരം അനായാസം വഹിക്കാനും വാഹനത്തിനുമേൽ മികച്ച നിയന്ത്രണം നേടാനും സഹായകമാണ്. മികച്ച പിൻ സസ്‌പെൻഷനും സുഖയാത്രയേകും. കാബിനിലെ വീതിയേറിയ ഫാബ്രിക് സീറ്റുകളും മികവാണ്.
ബൊലേറോ സിറ്രി പിക്കപ്പിന് മൂന്നുവർഷം അല്ലെങ്കിൽ ഒരുലക്ഷം കിലോമീറ്റർ (ഏതാണോ ആദ്യം) വാറന്റി ലഭ്യമാണെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് ഡിവിഷൻ മാർക്കറ്രിംഗ് വൈസ് പ്രസിഡന്റ് വിക്രം ഗാർഗ പറഞ്ഞു. കുറഞ്ഞ മെയിന്റനൻസ് ചെലവും മഹീന്ദ്ര ഉറപ്പുനൽകുന്നുണ്ട്.