അഞ്ചൽ: ദമ്പതികൾ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ. അഞ്ചൽ തടിക്കാട് അമൃതയിൽ ജയൻ (45), ഭാര്യ ലേഖ (40) എന്നിവരെയാണ് മുകൾ നിലയിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടത്തിയത്.
മുറിക്കുള്ളിൽ നിന്ന് രാത്രിയിൽ ബഹളം കേട്ട് ബന്ധുക്കൾ പുറത്ത് നിന്ന് വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. രാവിലെ അയൽവാസികളുടെ സഹായത്തോടെ ഇവരെ വിളിക്കാൻ ശ്രമിച്ചെങ്കിലും മുറിയുടെ കതക് ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു.പൊലീസെത്തി വാതിൽ തുറന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. ഭാര്യയെ കമ്പിവടികൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം ജയൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുറിയിൽ നിന്ന് ഇരുമ്പുവടി കണ്ടെടുത്തിട്ടുണ്ട്. ലേഖയുടെ രണ്ടാം ഭർത്താവാണ് ജയൻ. കുടുംബ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കളും അയൽവാസികളും പറയുന്നു. പത്ത് വർഷം മുമ്പാണ് ഇയാൾ ലേഖയെ വിവാഹം ചെയ്തത്.
പാലോട് കൊച്ചൂരിൽ രാമചന്ദ്രൻ - ഗോമതി ദമ്പതികളുടെ മകനായ ജയൻ ഇടമുളയ്ക്കൽ പൊടിയാട്ടുവിളയിൽ ബാർബർ ഷോപ്പ് നടത്തുകയായിരുന്നു. അഞ്ചൽ തഴമേൽ കൃഷ്ണവിലാസത്തിൽ ഗോപാലൻ- കമലമ്മ ദമ്പതികളുടെ മകളായ ലേഖ തടിക്കാട് ക്ഷീര സഹകരണ സംഘം സെക്രട്ടറിയാണ്. ജയൻ സയനൈഡ് കഴിച്ചെന്ന സംശയിക്കുന്നതായി പൊലീസ് പറയുന്നു.ലേഖയ്ക്ക് ആദ്യ വിവാഹത്തിൽ രണ്ട് കുട്ടികളുണ്ട്. മകൾ സൂര്യ അഞ്ചലിൽ പാരലൽ കോളേജിൽ ഡിഗ്രി വിദ്യാർത്ഥിനിയും മകൻ സൂരജ് തടിക്കാട് എച്ച്.എസ്സിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുമാണ്. മൃതദേഹങ്ങൾതിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.