news

1. പി.എസ.്സി പരീക്ഷാ ക്രമക്കേടില്‍ പ്രതികള്‍ക്ക് നുണ പരിശോധന വേണമെന്ന് ക്രൈംബ്രഞ്ച്. ശിവരഞ്ജിത്തിനും നസീമിനും നുണ പരിശോധന വേണമെന്നാണ് ആവശ്യം. അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കി. അതേസമയം, പി.എസ്.സി പരീക്ഷ തട്ടിപ്പ് കേസില്‍ പ്രതികളായ പ്രണവും സഫീറും കീഴടങ്ങി. തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ എത്തിയാണ് ഇരുവരും കീഴടങ്ങിയത്. ഇതോടെ കേസിലെ എല്ലാ പ്രതികളും പിടിയിലായി. കേസില്‍ പ്രണവ് രണ്ടാം പ്രതിയും സഫീര്‍ നാലാം പ്രതിയുമാണ്. യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിയായ പ്രണവിന് പി.എസ്.സി പൊലീസ് റാങ്ക് പട്ടികയില്‍ രണ്ടാം റാങ്ക് കിട്ടിയിരുന്നു. പരീക്ഷാ തട്ടിപ്പിന്റെ മുഖ്യ ആസൂത്രകന്‍ ആണ് പ്രണവ്.




2. പ്രണവിനെ നേരത്തെ പി.എസ്.സി വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചതിന് പിന്നാലെ പ്രണവ് ഒളിവില്‍ പോകുക ആയിരുന്നു. അതേസമയം, പി.എസ്.സി പരീക്ഷാ തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ഒരു സംഘം ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ട് ഉണ്ട്. സംസ്ഥാന ഏജന്‍സി അന്വേഷിച്ചാല്‍ കേസ് തെളിയില്ലെന്നും അതിനാല്‍ കേന്ദ്ര ഏജന്‍സി തന്നെ അന്വേഷിക്കണം എന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
3. പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് ചിഹ്നം കൈതച്ചക്ക. ചിഹ്നം ഏതായാലും ജയം ഉറപ്പെന്ന് ജോസ് ടോം. സ്ഥാനാര്‍ത്ഥിയും പാര്‍ട്ടിയും നോക്കിയാണ് ജനം വോട്ട് ചെയ്യുന്നത് എന്ന് ജോസ് ടോം. പാലായില്‍ മത്സര രംഗത്ത് ഉള്ളത് 13 സ്ഥാനാര്‍ത്ഥികള്‍. സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചു. ഓട്ടോറിക്ഷ ചിഹ്നം കിട്ടാന്‍ ആയിരുന്നു കേരളാ കോണ്‍ഗ്രസ് ശ്രമിച്ചത്. എന്നാല്‍ മത്സര രംഗത്തുള്ള മറ്റ് സ്ഥാനാര്‍ത്ഥികള്‍ ഓട്ടോറിക്ഷ ചിഹ്നം ആവശ്യപ്പെട്ടതോടെ ആണ് കേരള കോണ്‍ഗ്രസ് പൈനാപ്പിള്‍ ചിഹ്നം ആവശ്യപ്പെട്ടത്
4. അതേസമയം, കേരളാ കോണ്‍ഗ്രസിലെ ജോസ്- ജോസഫ് പക്ഷങ്ങളുടെ തര്‍ക്കം പരിഹരിക്കാനായി യു.ഡി.എഫ് നേതൃത്വം ചര്‍ച്ച നടത്തും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇരു വിഭാഗങ്ങളും ആയി ഫോണില്‍ സംസാരിച്ചു. പരസ്യ പ്രസ്താവനകളിലേക്ക് കടക്കരുത് എന്ന് നേരത്തെ നേതാക്കളോട് നിര്‍ദേശിച്ചിരുന്നു. പ്രശ്ന പരിഹാരത്തിനുള്ള കോണ്‍ഗ്രസ് നീക്കം, യു.ഡി.എഫി നൊപ്പം പ്രചാരണത്തിന് ഇറങ്ങാന്‍ തയ്യാറല്ല എന്ന പി.ജെ ജോസഫ് പക്ഷത്തിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന്. ഇന്നു തന്നെ ജോസഫ് പക്ഷത്തെയും ജോസ് പക്ഷത്തെയും നേതാക്കളുമായി മുല്ലപ്പള്ളി ചര്‍ച്ച നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
5. അതിനിടെ, പി.ജെ ജോസഫ് ആവശ്യപ്പെട്ടാല്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും എന്ന് ജോസ് ടോം പുലിക്കുന്നേല്‍. ആര് കണ്‍വെന്‍ഷനില്‍ പങ്കെടുക്കണം എന്ന് ആവശ്യപ്പെട്ടാലും പങ്കെടുക്കും. യു.ഡി.എഫില്‍ വിള്ളല്‍ ഉണ്ടെന്ന് ജനങ്ങള്‍ക്ക് തോന്നാത്ത വിധം പ്രവര്‍ത്തിക്കേണ്ടതുണ്ട് എന്നും പ്രതികരണം. യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ പി.ജെ ജോസഫിനെ ജോസ്.കെ മാണി പക്ഷം അപമാനിച്ചു എന്ന് ആരോപിച്ചാണ്, യു.ഡി.എഫിനൊപ്പം ഉള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ജോസഫ് പക്ഷം പ്രഖ്യാപിച്ചത്.
6. തെറിക്കൂട്ടത്തിന് ഒപ്പം പ്രചാരണത്തിന് ഇല്ല എന്നാണ് ജോസഫ് പക്ഷത്തിന്റെ നിലപാട്. കണ്‍വെന്‍ഷനിടെ കൂവിവിളിച്ച് ജോസഫിനെ അപമാനിച്ച സംഭവത്തില്‍ ജോസ് വിഭാഗം നേതാക്കള്‍ക്ക് എതിരെ ജോസഫ് വിഭാഗം പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. എന്നാല്‍,പ്രചാരണത്തില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന ജോസഫ് വിഭാഗത്തിന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കാനില്ല എന്നാണ് ജോസ്.കെ മാണി നിലപാട് എടുത്തത്. സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുന്നതില്‍ ആണ് പ്രവര്‍ത്തകരുടെ ശ്രദ്ധയെന്നും ജോസ്.കെ മാണി പറഞ്ഞിരുന്നു.
7. പാലാരിവട്ടം മേല്‍പ്പാല അഴിമതി കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നാല് പ്രതികളുടെയും ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. പി.ഡബ്ല്യൂ.ഡി മുന്‍ സെക്രട്ടറി ടി.ഒ സൂരജ്, ആര്‍.ഡി.എസ് പ്രോജക്ട്സ് മാനേജിംഗ് ഡയറക്ടര്‍ സുമിത് ഗോയല്‍, കിറ്റ്‌കോ മുന്‍ എം.ഡി ബെന്നി പോള്‍, ആര്‍.ബി.ഡി.സി.കെ അസി. ജനറല്‍ മാനേജര്‍ പി.ഡി തങ്കച്ചന്‍ എന്നിവരുടെ ജാമ്യാപേക്ഷ ആണ് കോടതി തള്ളിയത്. ഗൂഢാലോചനയില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ട് ഉണ്ടെന്നും അവരെ കണ്ട് എത്തേണ്ടതിനാല്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതും എന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കുന്നത് കേസ് അന്വേഷണത്തെ ബാധിക്കും എന്നും കോടതി കണ്ടെത്തി. ആവശ്യമെങ്കില്‍, പ്രതികളെ ജയിലില്‍ പോയി ചോദ്യം ചെയ്യാനും വിജിലന്‍സിന് അനുമതി നല്‍കി. ടെന്‍ഡര്‍ സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ കോടതി ഇന്നലെ ആവശ്യപ്പെട്ട് ഇരുന്നു. രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ട് ഉണ്ടെന്നും പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
8. ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാന്‍ ടു ഭാഗിക വിജയം. അവസാന നിമിഷത്തില്‍ വിക്രം ലാന്‍ഡറില്‍ നിന്നുള്ള ആശയ വിനിമയം നഷ്ടമായതോടെ ദൗത്യം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല . 2.1 കിലോമീറ്റര്‍ ബാക്കി ഉള്ളപ്പോള്‍ ആണ് ആശയ വിനിമയം നഷ്ടമായത്. ലാന്‍ഡര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങിയോ എന്ന് സംശയമുണ്ട്. വിവരങ്ങള്‍ പരിശോധിക്കുക ആണെന്ന് ഐ.എസ.്ആര്‍.ഒ.
9. ചന്ദ്രനെ ഭ്രമണം ചെയ്തിരുന്ന വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കുള്ള ഇറക്കം തുടങ്ങിയത്, നേരത്തെ നിശ്ചയിച്ചത് പോലെ പുലര്‍ച്ചെ 1.37ന്. വേഗത കുറയ്ക്കാനായി നാല് എന്‍ജിനുകളും പ്രവര്‍ത്തിപ്പിച്ചു. ഈ ഘട്ടവും വിജയകരം ആയിരുന്നു. ചന്ദ്രനോട് ഏറെ അടുത്ത് എത്തിയതോടെ ഫൈന്‍ ബ്രൈക്കിംഗ് എന്ന ഘട്ടം തുടങ്ങി. പേടകം ചന്ദ്രോപരിതലത്തിന് അടുത്തേക്ക് എത്തി. അപ്രതീക്ഷിത സംഭവം നടന്നത് ഈ ഘട്ടത്തില്‍
10. ഇപ്പോഴും ചന്ദ്രനെ വലംവയ്ക്കുന്ന ഓര്‍ബിറ്ററിന് വിക്രം ലാന്‍ഡറുമായി ബന്ധം സ്ഥാപിക്കാന്‍ ആകുമെന്ന് പ്രതീക്ഷയുണ്ട്. ഇതിനാണ് ഐ.എസ്.ആര്‍.ഒയുടെ ഇപ്പോഴത്തെ ശ്രമം. അവസാന നിമിഷത്തെ ഡാറ്റകള്‍ പരിശോധിച്ചാല്‍ മാത്രമേ ബന്ധം നഷ്ടപ്പെടാനുള്ള കാരണം കണ്ടെത്താനാകൂ. 47 ദിവസം കൊണ്ട് 3.84 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചാണ് ലാന്‍ഡര്‍ ചന്ദ്രനില്‍ എത്തിയത് . ജൂലായ് 22നാണ് ബാഹുബലി എന്ന് വിശേഷണമുള്ള ജി.എസ്.എല്‍.വി. മാര്‍ക്ക് 3 റോക്കറ്റ് 3.8 ടണ്‍ ഭാരമുള്ള ചന്ദ്രയാന്‍ 2നെ ഭൂമിയുടെ അടുത്തുള്ള ഭ്രമണപഥത്തില്‍ എത്തിച്ചത്