gaganyan

ബംഗളൂരു: മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ പദ്ധതിയിൽ ബഹിരാകാശത്തേക്ക് സഞ്ചരി ക്കുന്നതിനായുള്ള യാത്രികരെ കണ്ടെത്താനുള്ള ആദ്യ ഘട്ട തിരഞ്ഞെടുപ്പ് എയറോസ്‌പേസ് മെഡിസിൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പൂർത്തിയായതായി വ്യോമസേന അറിയിച്ചു. ബഹിരാകാശ യാത്രികരായി 10 വ്യോമസേനാ പൈലറ്റുമാരെ തിരഞ്ഞെടുത്തു. 2022 ൽ മനുഷ്യനെ വഹിച്ചുള്ള ഗഗൻയാൻ പേടകം വിക്ഷേപിക്കാനാണ് ഇന്ത്യയുടെ പദ്ധതി.

പൈലറ്റുമാരുടെ സംഘം ബംഗളൂരുവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഏറോസ്പേസ് മെഡിസിനിൽ വിവിധ പരിശോധനകൾക്കു വിധേയരായി. 15 മാസ പരിശീലനത്തിനായി നവംബറിൽ ഇവരെ മോസ്‌കോയിലെ യുറി ഗഗാറിൻ കോസ്‌മോനട്ട് ട്രെയിനിംഗ് സെന്ററിലേക്ക് അയയ്ക്കും. ഇസ്രോയും റഷ്യൻ ബഹിരാകാശ കേന്ദ്രമായ റോസ്‌കോസ്‌മോസും തമ്മിലുള്ള കരാറിന്റെ ഭാഗമായാണിത്. ശേഷം ബഹിരാകാശ സഞ്ചാരികൾ അടുത്ത എട്ട് മാസത്തോളം ഇന്ത്യയിലും പരിശീലനം നേടും. 7 ദിവസം വരെ ബഹിരാകാശത്തു തങ്ങുന്ന സംഘം ഗുരുത്വാകർഷണവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ നടത്തും. മുൻപ് ഇത്തരം ദൗത്യങ്ങൾ നടത്തിയിട്ടുള്ള വിദേശ രാജ്യങ്ങളും ആദ്യ യാത്രയ്ക്ക് സേനാ പൈലറ്റുമാരെയാണു തിരഞ്ഞെടുത്തത്. പരിശീലന മികവിന്റെ അടിസ്ഥാനത്തിലാവും ദൗത്യത്തിൽ സഞ്ചാരികളാകേണ്ട 3 പേരെ തിരഞ്ഞെടുക്കുക. 10000 കോടി രൂപയാണു ചെലവ്.

കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഗഗൻയാൻ പദ്ധതി പ്രഖ്യാപിച്ചത്. ഭൂമിയുടെ 300 കി.മി - 400 കി.മി. ദൂരപരിധിയിലുള്ള ഭ്രമണ പഥത്തിലേക്കാണ് ഗഗൻയാൻ പേടകം വിക്ഷേപിക്കുക.

ഗഗൻയാൻ പദ്ധതിയുടെ ഭാഗമായി രണ്ട് ആളില്ലാ പരീക്ഷണങ്ങളും മനുഷ്യനെ ഉൾപ്പെടുത്തിയുള്ള ഒരു വിക്ഷേപണവും ഐ.എസ്.ആർ.ഒ നടത്തും.