china

ബീജിംഗ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ(സി.പി.സി) ക്ഷണം സ്വീകരിച്ച് അവരുമായി കൂടിക്കാഴ്ച നടത്തി ഭാരതീയ ജനതാ പാർട്ടി പ്രതിനിധികൾ. പാർട്ടി ജനറൽ സെക്രട്ടറി അരുൺ സിംഗിന്റെ നേതൃത്വത്തിലുള്ള പതിനൊന്നംഗ സംഘമാണ് ചൈനയിലെത്തി കമ്മ്യൂണിറ്റ് പാർട്ടിയുമായി കൂടിക്കാഴ്ച നടത്തിയത്. നല്ല ബന്ധം നിലനിർത്തുന്നതിനായി ഇരു രാജ്യങ്ങളുടെയും താത്പര്യങ്ങളും ആഗ്രഹങ്ങളും സംരക്ഷിക്കേണ്ടതാണെന്ന് ബി.ജെ.പി അംഗങ്ങൾ കൂടിക്കാഴ്ചയിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളെ അറിയിച്ചു.

കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയാൻ കേന്ദ്ര സർക്കാർ തീരുമാനിച്ച വിഷയത്തെ സൂചിപ്പിച്ചുകൊണ്ട്, പ്രാദേശികമായ വിഷയങ്ങൾ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തെ ബാധിച്ചിട്ടില്ലെന്ന് പാർട്ടി അംഗങ്ങൾ പറഞ്ഞു. എന്നാൽ മറ്റൊരു രാജ്യത്തെ പിന്തുണയ്ക്കാൻ ചൈന ശ്രമിച്ചാൽ അത് ഇന്ത്യക്ക് അതൃപ്തി ഉണ്ടാക്കും എന്നും ഇവർ കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളെ അറിയിച്ചിട്ടുണ്ട്.ഒക്ടോബർ പത്തിനും പന്ത്രണ്ടിനും ഇടയ്ക്ക്, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റും സി.പി.സി ജനറൽ സെക്രട്ടറിയുമായ ഷി ജിൻപിങ്ങും തമ്മിൽ തമിഴ് നാട്ടിലെ മാമല്ലപുറത്ത് വച്ച് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായിട്ടാണ് ഇരു പാർട്ടികളും തമ്മിലുള്ള ചർച്ചകൾ നടന്നത്.

കൂടിക്കാഴ്ചയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കത്ത് ബി.ജെ.പി അംഗങ്ങൾ സി.പി.സി പ്രതിനിധികൾക്ക് കൈമാറിയിട്ടുണ്ട്. ചർച്ചയിൽ വ്യാപാരക്കമ്മി കുറയ്‌ക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ച പാർട്ടി, മരുന്ന് നിർമ്മാണം, കൃഷി, വിനോദസഞ്ചാരം, എന്നീ രംഗങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ സഖ്യം വേണമെന്നും ബി.ജെ.പി അംഗങ്ങൾ അഭിപ്രായപ്പെട്ടു. ആഗസ്റ്റ് 26നും സെപ്റ്റംബർ ഒന്നിനുമാണ് ഈ കൂടിക്കാഴ്ച നടന്നത്. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുപാർട്ടികളും തമ്മിലുള്ള കൂടിക്കാഴ്ച വീണ്ടും നടക്കുന്നത്.