കൊച്ചി: വൈറ്റില, കുണ്ടന്നൂർ ജംഗ്ഷനുകളിലെ അതിരൂക്ഷ ഗതാഗതക്കുരുക്കും ജനകീയ പ്രതിഷേധവും വാർത്തയായതോടെ സ്ഥിതിഗതികൾ നേരിട്ടറിയാൻ മന്ത്രി ജി. സുധാകരൻ ഇന്നലെയെത്തി. രാവിലെ 9.30ന് കുണ്ടന്നൂരിലെത്തിയ മന്ത്രി മുണ്ട് മടക്കിക്കുത്തി റോഡിലിറങ്ങി. പിന്നീട് വൈറ്റില, തമ്മനം ഭാഗങ്ങളിലെ റോഡുകളുടെ ശോച്യാവസ്ഥ നേരിൽ കണ്ടു. വാഹനയാത്രക്കാരുടെ പരാതികൾ കേട്ടു. പ്രതിഷേധങ്ങൾ സ്വതസിദ്ധമായ ശൈലിയിൽ നേരിട്ടു.
വൈറ്റില, കുണ്ടന്നൂർ ഫ്ളൈ ഓവറുകൾ അടുത്ത മാർച്ചിൽ പൂർത്തിയാകുമെന്ന് മന്ത്രി പിന്നീട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗതാഗതപ്രശ്നം പരിഹരിക്കുന്നതിന് ശാസ്ത്രീയ നടപടികളെടുക്കണം. കൊച്ചിയിലെ റോഡുകൾ നന്നാക്കാനായി ഏഴു കോടി രൂപ നൽകി. രണ്ട് ഫ്ളൈഓവറുകൾ ഒരുമിച്ച് പണിയുമ്പോൾ സ്വാഭാവികമായുണ്ടാകുന്ന ഗതാഗത തടസ്സമാണിപ്പോഴുള്ളത്. അത് പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പിനാകില്ല. പൊലീസും കളക്ടറുമാണ് നടപടിയെടുക്കേണ്ടത്. പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ റോഡിലെ കുഴികളടച്ചത് നല്ല കാര്യമാണ്.
1500 മീറ്ററിൽ ടൈൽസ് ഇട്ട് റോഡ് നന്നാക്കുകയാണ്. ഇത് ഇഷ്ടപ്പെടാത്തവരുമുണ്ട്. നിർമ്മാണം വേഗത്തിലാക്കാൻ എൻജിനിയർമാർ കഠിനപ്രയത്നം ചെയ്യുകയാണ്. സമാന്തര റോഡുകൾ ദേശീയപാത അതോറിട്ടിയുടെ കീഴിലാണ്. ഇവ സംസ്ഥാനം നന്നാക്കിയതാണ് പ്രശ്നമെങ്കിൽ അത് പറയണം. കൊച്ചിയിലെ ഗതാഗത പരിഷ്കാരത്തിന് റോഡ് സുരക്ഷാ അതോറിട്ടിയാണ് ഇടപെടേണ്ടത്. 20 ശതമാനം റോഡുകൾ മഴയിൽ തകർന്നു. ഇവ നന്നാക്കി വരികയാണ്.
പാലാരിവട്ടം ഫ്ളൈഓവറിന്റെ അപകടാവസ്ഥ പഠിക്കാനെത്തിയ ചെന്നൈ ഐ.ഐ.ടി സംഘത്തിന്റെ റിപ്പോർട്ട് ഇന്നലെ സർക്കാരിന് ലഭിച്ചു. ഇ. ശ്രീധരന്റെ റിപ്പോർട്ട് നേരത്തേ ലഭിച്ചിരുന്നു.16ന് തിരുവനന്തപുരത്ത് ചേരുന്ന യോഗം ഐ.ഐ.ടി റിപ്പോർട്ട് വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു