ഹാംബുർഗ്: യൂറോ യോഗ്യതാ പോരാട്ടത്തിൽ ഹോളണ്ട് 4-2ന് ജർമ്മനിയെ തകർത്തു. ഗ്രൂപ്പ് സിയിലെ മത്സരത്തിൽ അവസാന 11 മിനിട്ടിൽ നേടിയ രണ്ട് ഗോളുകളാണ് ഹോളണ്ടിന് ജയമൊരുക്കിയത്. യോഗ്യതാ മത്സരത്തിൽ ജർമ്മനിയുടെ ആദ്യ തോൽവിയാണിത്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒമ്പതാം മിനിട്ടിൽ തന്നെ സെർജി ഗനാബ്രി ജർമ്മനിക്ക് ലീഡ് നേടിക്കൊടുത്തു. ഒന്നാം പകുതിയിൽ ഈ ലീഡ് നിലനിറുത്താനും ആതിഥേയർക്കായി. എന്നാൽ രണ്ടാം പകുതിയിൽ കളിമാറി. 59-ാം മിനിട്ടിൽ ബാഴ്സലോണ താരം ഫ്രാങ്കി ഡി ജോംഗിലൂടെ ഹോളണ്ട് സമനില പിടിച്ചു. ഹോളണ്ട് ജേഴ്സിയിൽ ഡി ജോംഗിന്റെ ആദ്യ ഗോൾ ആയിരുന്നു ഇത്. 66-ാം മിനിറ്രിൽ ജർമ്മൻ പ്രതിരോധ നിരതാരം ജോനാഥാൻ തായുടെ വകയായി ലഭിച്ച സെൽഫ് ഗോളിലൂടെ ഹോളണ്ട് ലീഡെടുത്തു. എന്നാൽ 73-ാം മിനിട്ടിൽ ലഭിച്ച പെനാൽറ്രി ഗോളാക്കി ടോണി ക്രൂസ് ജർമ്മനിയെ ഒപ്പമെത്തിച്ചു. തുടർന്ന് പകരക്കാരനായിറങ്ങിയ അരങ്ങേറ്രക്കാരൻ ഡോണിയൽ മലൻ ജർമ്മനിയെ ഞെട്ടിച്ച് ഹോളണ്ടിന്റെ മൂന്നാം ഗോൾ നേടി. രണ്ടാം പകുതിയുടെ അധിക സമയത്ത് വിജ്‌നാൾഡം ഹോളണ്ടിന്റെ വിജയമുറപ്പിച്ച ഗോൾ നേടുകയായിരുന്നു. ഗ്രൂപ്പ് സിയിൽ 4 മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായി ജർമ്മനി രണ്ടാം സ്ഥാനത്തും 3 മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി ഹോളണ്ട് മൂന്നാം സ്ഥാനത്തുമാണ്. 4 മത്സരങ്ങളിൽ നിന്ന് 12 പോയിന്റ് നേടിയ വടക്കൻ അയർലൻഡാണ് ഒന്നാം സ്ഥാനത്ത്.
ഗ്രൂപ്പ് ഇയിലെ മത്സരത്തിൽ ലോകകപ്പ് റണ്ണറപ്പുകളായ ക്രൊയേഷ്യ മറുപടിയില്ലാത്ത 4 ഗോളുകൾക്ക് സ്ലൊവാക്യയെ കീഴടക്കി ഒന്നാം സ്ഥാനത്തെത്തി.