കൊച്ചി : പാലാരിവട്ടം ഫ്ളൈ ഒാവർ നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ. സൂരജ് ഉൾപ്പെടെ നാലു പ്രതികൾ നൽകിയ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ മുൻ അഡിഷണൽ ജനറൽ മാനേജർ എം.ടി. തങ്കച്ചൻ, കിറ്റ്കോ ജോയിന്റ് ജനറൽ മാനേജർ ബെന്നി പോൾ, നിർമ്മാണ കരാറുകാരായ ആർ.ഡി.എസ് പ്രൊജക്ട്സ് ലിമിറ്റഡ് എം.ഡി സുമീത് ഗോയൽ എന്നിവരാണ് മറ്റു പ്രതികൾ. ഒന്നാം പ്രതി സുമീത് ഗോയൽ മറ്റു പ്രതികളുമായി ഗൂഢാലോചന നടത്തി ഫ്ളൈഒാവർ നിർമ്മാണത്തിൽ അനധികൃത നേട്ടം ഉണ്ടാക്കിയെന്നും പൊതുസേവകരായ മറ്റു പ്രതികൾ പദവി ദുരുപയോഗം ചെയ്ത് നിർമ്മാണ കമ്പനിക്ക് നേട്ടം ഉണ്ടാക്കിയതിലൂടെ സർക്കാരിന് നഷ്ടമുണ്ടായെന്നുമാണ് കേസ്.
കേസ് ഡയറി പരിശോധിച്ചതിൽ നിന്ന് ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വിശ്വസിക്കാൻ കാരണമുണ്ടെന്ന് കോടതി പറഞ്ഞു. ഇതു പുറത്തു കൊണ്ടുവരാൻ വിശദമായ അന്വേഷണം വേണം. പ്രതികൾക്ക് ജാമ്യം നൽകുന്നത് അന്വേഷണ പുരോഗതിയെ ബാധിക്കും. ഇവർ തെളിവു നശിപ്പിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. ഗൂഢാലോചനയുമായി ബന്ധപ്പെട്ട മറ്റു പ്രതികളെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. ഹർജിക്കാർക്ക് ജാമ്യം നൽകുന്നത് ഇവരുടെ അറസ്റ്റിനെ ബാധിക്കുമെന്നും വിലയിരുത്തി. തുടർന്നാണ് ജാമ്യ ഹർജികൾ തള്ളിയത്.