കൊൽക്കത്ത: രാജ്യത്ത് നാണയപ്പെരുപ്പം പൂർണമായി നിയന്ത്രണ വിധേയമാണെന്നും ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിനെ ചോദ്യം ചെയ്യാൻ ആർക്കുമാകില്ലെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. വ്യവസായ പ്രമുഖരുമായും നികുതി ഉദ്യോഗസ്ഥരുമായും നടത്തിയ കൂടിക്കാഴ്‌ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

2014 മുതൽ നാണയപ്പെരുപ്പം വർദ്ധിച്ചിട്ടില്ല. എന്നാൽ, യു.പി.എ ഭരണകാലത്ത് ഇത് ഇരട്ടയക്കത്തിലേക്ക് കുതിച്ചുയർന്നിരുന്നു. റിസർവ് ബാങ്ക് മുഖ്യപലിശ നിരക്ക് നിർണയിക്കാൻ പ്രധാന മാനദണ്ഡമാക്കുന്ന റീട്ടെയിൽ നാണയപ്പെരുപ്പം ജൂലായിൽ 3.15 ശതമാനമാണ്. ജൂണിൽ ഇത് 3.18 ശതമാനമായിരുന്നു. നാണയപ്പെരുപ്പം നാല് ശതമാനത്തിന് താഴെ നിയന്ത്രിക്കുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം. നാണയപ്പെരുപ്പം തുടർച്ചയായി കുറഞ്ഞ പശ്‌ചാത്തലത്തിൽ കഴി‌ഞ്ഞ ധനനയ നിർണയ യോഗത്തിൽ റിപ്പോ നിരക്ക് റിസർവ് ബാങ്ക് 0.35 ശതമാനം കുറച്ചിരുന്നു.