palarivattom-bridge

കൊച്ചി : പാലാരിവട്ടം ഫ്ളൈ ഒാവർ നിർമ്മാണത്തിന് കരാർ ലഭിച്ച കമ്പനിക്ക് നിശ്ചിതതുക മൊബിലൈസേഷൻ അഡ്വാൻസായി അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിന്റെ സാഹചര്യവും അന്വേഷിക്കണമെന്ന് വിജിലൻസ് കോടതി നിർദ്ദേശിച്ചു. ഫ്ളൈ ഒാവർ നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ ടി.ഒ. സൂരജ് ഉൾപ്പെടെയുള്ളവരുടെ ജാമ്യഹർജി തള്ളിയാണ് കോടതി ഇക്കാര്യം പറഞ്ഞത്.

സർക്കാരിന്റെ നിർദ്ദേശാനുസരമാണ് താൻ പ്രവർത്തിച്ചതെന്നാണ് സൂരജിന്റെ വാദം. ഇക്കാര്യത്തിൽ അന്വേഷണം വേണം. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷന് മൊബിലൈസേഷൻ അഡ്വാൻസ് നൽകാനാണ് അനുമതി ലഭിച്ചതെങ്കിലും 2014 ജൂലായ് 15ലെ സർക്കാർ ഉത്തരവിൽ തുക കരാറുകാരന് നൽകാനാണ് പറയുന്നത്.

റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനും കമ്പനിയുമായുണ്ടാക്കിയ കരാറിൽ അഡ്വാൻസിനെക്കുറിച്ച് പറയുന്നില്ലെന്ന് വിജിലൻസ് വ്യക്തമാക്കുന്നു. കോർപറേഷന് കേരള റോഡ് ഫണ്ട് ബോർഡ് സി.ഇ.ഒ നൽകിയ കത്തിൽ മുൻകൂർ പണം നൽകുന്നതിന് അക്കൗണ്ടന്റ് ജനറലിന്റെ അനുമതിയില്ലെന്ന് പറയുന്നുണ്ടെന്നും ലേലത്തിനു മുമ്പുള്ള യോഗത്തിൽ അഡ്വാൻസ് നൽകുന്നില്ലെന്ന് വ്യക്തമാക്കിയതാണെന്നും പറയുന്നു. ഇങ്ങനെ തുക നൽകുമെന്ന് പറഞ്ഞിരുന്നെങ്കിൽ കൂടുതൽ കരാറുകാർ ടെൻഡറിൽ പങ്കെടുത്തേനെയെന്ന് എ.ജി ചൂണ്ടിക്കാട്ടിയിരുന്നെന്നും കത്തിൽ പറയുന്നു.

മുൻകൂർ നൽകിയ തുക ഏഴ് ശതമാനം പലിശസഹിതം തിരിച്ചുപിടിച്ചെന്നും സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ അഞ്ച് ശതമാനമാണ് പലിശയെന്നിരിക്കെ സർക്കാരിന് രണ്ടുശതമാനം പലിശ ലാഭമാണെന്നും പ്രതികൾ വാദിച്ചു. എന്നാൽ, ഇത് പൊതുജനങ്ങളുടെ പണമാണെന്നും ഇത്തരത്തിൽ ചെലവാക്കാനുള്ളതല്ലെന്നും കോടതി വിലയിരുത്തി.

തിരക്കിട്ടുള്ള നിർമ്മാണം പ്രശ്നമായെന്ന്

സർക്കാരിന്റെ നിർബന്ധം കാരണം പാലാരിവട്ടം ഫ്ളൈഒാവർ തിരക്കിട്ടു നിർമ്മിക്കേണ്ടിവന്നത് ഗുണനിലവാരത്തെ ബാധിച്ചിട്ടുണ്ടാകാമെന്ന് ഒന്നാംപ്രതി സുമീത് ഗോയൽ വാദിച്ചു. നിർമ്മാണം പൂർത്തിയാക്കേണ്ട സമയം 18 മാസമായി സർക്കാർ വെട്ടിക്കുറച്ചുടി. ഇൗ ധൃതി ഗുണനിലവാരത്തെ ചെറിയതോതിൽ ബാധിച്ചിരിക്കാം. പാലത്തിൽ കുഴികൾ കണ്ടതോടെ പോരായ്മകൾ പരിഹരിക്കാൻ നടപടി സ്വീകരിച്ചിരുന്നു. രണ്ടു കോടിയിലേറെ രൂപ അറ്റകുറ്റപ്പണികൾക്കായി ഇതുവരെ കമ്പനി ചെലവഴിച്ചെന്നും ഗോയലിന്റെ അഭിഭാഷകൻ പറഞ്ഞു.