ന്യൂഡൽഹി : രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വിദേശയാത്രയ്ക്ക് വ്യോമപാത ഉപയോഗിക്കുന്നതിന് അനുമതി നിഷേധിച്ച പാക് നിലപാട് അർത്ഥശൂന്യമായ തീരുമാനമെന്ന് ഇന്ത്യ. രാഷ്ട്രനേതാക്കളുടെ വിമാനങ്ങൾക്ക് അനുമതി നൽകുന്നതാണ് പതിവ്. ഏകപക്ഷീയമായ തീരുമാനങ്ങൾ വ്യർത്ഥമാണെന്ന് പാക്കിസ്ഥാൻ മനസിലാക്കണമെന്നും ഇന്ത്യ വ്യക്തമാക്കി.
ജമ്മുകാശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെത്തുടർന്നുള്ള സാഹചര്യം കണക്കിലെടുത്താണ് അനുമതി നിഷേധിച്ചതെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞു. പാക് വ്യോമപാത അടയ്ക്കാനും അഫ്ഗാനിസ്ഥാനിലേയ്ക്ക് പാക്കിസ്ഥാൻ വഴിയുള്ള ഇന്ത്യയുടെ ചരക്ക് നീക്കം പൂർണമായി തടയാനും പാക്കിസ്ഥാൻ ആലോചിച്ചിരുന്നു.
ഐസ്‌ലാൻഡ്, സ്വിറ്റ്സർലാൻഡ്, സ്ലോവേനിയ എന്നീ രാജ്യങ്ങളാണ് രാഷ്ട്രപതി സന്ദർശിക്കുന്നത്. ഒൻപത് ദിവസത്തെ പര്യടനം തിങ്കളാഴ്ച്ച തുടങ്ങും.