ലാഹോർ: കഴിഞ്ഞ ദിവസം അന്തരിച്ച പാക് ഇതിഹാസ താരം അബ്ദുൾ ഖാദിറിന് ക്രിക്കറ്റ് ലോകത്തിന്റെ അന്ത്യാഞ്ജലി. പാക് പ്രധാന മന്ത്രി ഇമ്രാൻ ഖാൻ, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ ഖാദിറിന് ആദരാഞ്ജലി അർപ്പിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളിൽ അനുശോചന സന്ദേശമെഴുതി. അബ്ദുൾ ഖാദിറിനെതിരെ കളിച്ചത് ഇപ്പോഴും ഓർക്കുന്നു. അദ്ദേഹത്തിന്റെ കാല ഘട്ടത്തിലെ ഏറ്റവും മികച്ച സ്പിന്നർമാരിൽ പ്രഥമഗണനീയനായിരുന്നു ഖാദിർ. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കു ചേരുന്നു. സച്ചിൻ ട്വിറ്ററിൽ കുറിച്ചു. 1988ൽ തന്റെ പതിനാറാം വയസിൽ ഇന്ത്യൻ ടീമിനൊപ്പം പാക് പര്യടനത്തിനെത്തിയ സച്ചിൻ ടെൻഡുൽക്കർ ഒരു പ്രദർശന മത്സരത്തിനിടെ അബ്ദുൾ ഖാദിറിനെതിരെ ഒരോവറിൽ 4 സിക്സ് അടിച്ചാണ് ക്രിക്കറ്റ് ലോകത്ത് തന്റെ വരവറിയിച്ചത്. അബ്ദുൾ ഖാദിർ ഒരു ജീനിയസ് ആയിരുന്നുവെന്നും എല്ലാക്കാലത്തേയും ഏറ്രവും മികച്ച ലെഗ് സ്പിന്നർമാരിൽ ഒരാളായിരുന്നു അദ്ദേഹമെന്നും പാകിസ്ഥാൻ പ്രധാന മന്ത്രി ഇമ്രാൻ ഖാൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
അബ്ദുൾ ഖാദിറിന്റെ സംസ്കാര ചടങ്ങുകൾ ഇന്നലെ ലാഹോറിൽ നടന്നു. രാഷ്ട്രീയ, സാമൂഹിക -സാംസ്കാരിക രംഗത്തുള്ള നിരവധി പേർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. നിലവിലെ പാക് ടീമിന്റെ ചീഫ് സെലക്ടറും പ്രധാന പരിശീലകനുമായ മിസ്ബ ഉൾ ഹഖ്, ഇൻസമാം ഉൾ ഹഖ്,നിലവിലെ പാക് നായകൻ സർഫറാസ് അഹമ്മദ്, ബാബർ അസം, മുൻ ലെഗ് സ്പിന്നർ മുഷ്താഖ് അഹമ്മദ് തുടങ്ങിയവരെല്ലാം സംസ്കാര ചടങ്ങിനെത്തിയിരുന്നു.
ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച സ്വന്തം നാടായ ലാഹോറിൽ വച്ചായിരുന്നു അബ്ദുൾ ഖാദിറിന്റെ അന്ത്യം. 63 വയസായിരുന്നു. നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുർടർന്ന് ഉടൻ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൗതുകമുണർത്തുന്ന ആക്ഷനോടെ തന്റെ മാസ്മര ലെഗ്സ്പിന്നുമായി എതിരാളികളെ കുഴക്കിയ അബ്ദുൾ ഖാദിർ പാകിസ്ഥാനായി 67 ടെസ്റ്റുകളിലും 104 ഏകദിനങ്ങളിലും നിന്നുമായി 368 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.