ചന്ദ്രനിലിറങ്ങാൻ ഏതാനും മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ചന്ദ്രയാൻ 2 ലാൻഡറിന് ഐ.എസ്.ആർ.ഒയുമായുള്ള സമ്പർക്കം നഷ്ടമായത്. എന്നാൽ ചന്ദ്രയാൻ 2 ഇപ്പോൾ പൂർണമായും പ്രവർത്തനക്ഷമമായി, സുരക്ഷിതമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ തന്നെയുണ്ട്. ഇത് ഏഴ് വർഷകാലത്തോളം ചന്ദ്രനെ വലം വയ്ക്കുമെന്നും ഐ.എസ്,ആർ ഒ അറിയിച്ചിട്ടുണ്ട്. നേരത്തെ പദ്ധതിയിട്ടതിനേക്കാൾ ആറ് വർഷം കൂടുതലാണിത്. അമേരിക്കയുടെ നാസയുൾപ്പെടെ ഇന്ത്യയെ അഭിനന്ദിക്കുമ്പോൾ മറ്റൊരു രാജ്യത്തിനും എത്താനാകാത്തയിടത്ത് എത്തിയ ഇന്ത്യയുടെ ഈ വിജയത്തിൽ അഭിനന്ദനവുമായി ഒരു പാകിസ്ഥാനി ബഹിരാകാശ യാത്രികയും എത്തിയിരിക്കുകയാണ്.
പാകിസ്ഥാനിൽ നിന്നുമുള്ള ആദ്യ ബഹിരാകാശ യാത്രികയായ് നമീറ സലിം ആണ് ഈ ഐതിഹാസിക വിജയത്തിൽ ഇന്ത്യയെ അഭിനന്ദിച്ചത്. 'ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിക്രം ലാൻഡർ സോഫ്റ്റ് ലാൻഡ് ചെയ്ത ഇന്ത്യയെയുടെയും, ഐ.എസ്.ആർ.ഒയുടേയും ഐതിഹാസിക വിജയത്തെ ഞാൻ അഭിനന്ദിക്കുന്നു. ചന്ദ്രയാൻ 2 ചാന്ദ്ര ദൗത്യം ഇന്ത്യക്ക് മാത്രമല്ല ദക്ഷിണേഷ്യക്ക് ആകമാനം ഒരു വലിയ ചുവടുവയ്പ്പാണ്. ലോകത്താകമാനമുള്ള ബഹിരാകാശ വ്യവസായത്തെ ഇത് അഭിമാനത്തിന് വക നൽകുന്നു.' നമീറ സലിം പറഞ്ഞു. ബ്രിട്ടീഷ് സംരംഭകനും വ്യവസായിയുമായ സർ റിച്ചാർഡ് ബ്രാൻസന്റെ 'വിർജിൻ ഗാലക്ടിക്' എന്ന ബഹിരാകാശ പേടകത്തിലൂടെയാണ് നമീറ ബഹിരാകാശത്ത് എത്തിയത്. ബ്രാൻസന്റെ ക്രൂവിലെ ഒരേയൊരു പാകിസ്ഥാനി അംഗമായിരുന്നു നമീറ.