ബംഗളൂരു: ചന്ദ്രയാൻ 2 ദൗത്യം പരാജയമല്ലെന്നും വിക്രം ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനുളള ശ്രമം തുടരുമെന്നും ഐ.എസ്.ആർ.ഒ ചെയർമാൻ കെ. ശിവൻ. അടുത്ത പതിനാല് ദിവസം ഇതിനായുളള ശ്രമങ്ങൾ തുടരും. സോഫ്റ്റ് ലാൻഡിംഗിന്റെ നാലുഘട്ടങ്ങളിൽ അവസാനത്തേതിന് മാത്രമാണ് പിഴവ് സംഭവിച്ചതെന്നും ശിവൻ പറഞ്ഞു.
ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ അകലെ വച്ചാണ് വിക്രം ലാൻഡർ ലക്ഷ്യം കാണാതെ പോയത്. ലാൻഡറിന്റെ അവസാന ഘട്ട പ്രവർത്തനത്തിന്റെ നിർവഹണത്തിൽ പോരായ്മകൾ സംഭവിച്ചു. ഇതിന്റെ ഫലമായി ലാൻഡറുമായുളള ബന്ധം നഷ്ടപ്പെട്ടു. തുടർന്ന് ബന്ധം പുനഃസ്ഥാപിക്കാൻ സാധിച്ചില്ലെന്നും കെ. ശിവൻ പറഞ്ഞു.
ചന്ദ്രയാൻ രണ്ട് ദൗത്യം പരാജയമല്ലെന്നും മറ്റു പദ്ധതികളെ ഇത് ബാധിക്കില്ലെന്നും ശിവൻ പറഞ്ഞു. ചന്ദ്രയാൻ രണ്ട് ദൗത്യം 90 മുതൽ 95 ശതമാനം വരെ വിജയമാണെന്ന് ഐ.എസ്.ആർ.ഒ വ്യക്തമാക്കി. ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓർബിറ്ററിന് ആറുവർഷം കൂടി അധികം ആയുസുണ്ടാകും. ഏഴുവർഷം ഓർബിറ്റർ ചന്ദ്രനെ ഭ്രമണം ചെയ്യുമെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു. ചന്ദ്രനെകുറിച്ചുള്ള കൂടുതൽ പഠനത്തിന് ഓർബിറ്റർ സഹായകമാകും. ദൗത്യം ഏറെ വെല്ലുവിളികൾ നിറഞ്ഞതെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു.