എൺപതുകളിലും തൊണ്ണൂറുകളിലും കേരളത്തിൽ മുഴങ്ങിക്കേട്ടിരുന്ന പല ഹിറ്റ് ഗാനങ്ങളും പിറന്നത് ഒരേതൂലികയിൽ നിന്നായിരുന്നു. പ്രണയവും വിരഹവും ഭക്തിയും ആഘോഷവും ഹാസ്യവും എല്ലാം സന്ദർഭോചിതമായി സന്നിവേശിപ്പിച്ച ഗാനരചയിതാവ് ക്രമേണ മലയാള മനസിൽ ചേക്കേറി. പാട്ടു കേൾക്കുമ്പോൾ തന്നെ എഴുതിയത് 'ബിച്ചുതിരുമല" എന്ന് പറയാൻ മലയാളികൾ ശീലിച്ചു.
നീലജലാശയത്തിലും രാകേന്ദുകിരണങ്ങളും എവിടെയോ കളഞ്ഞുപോയ കൗമാരവും സംഗീതപ്രേമികളെ വല്ലാത്ത ഒരു ആസ്വാദന തലത്തിലെത്തിച്ചു.ശാസ്ത്രീയ സംഗീതത്തിന്റെ പിൻബലമുള്ള 'നക്ഷത്രദീപങ്ങൾ തിളങ്ങി"എന്ന ഗാനം ചമച്ച അതേതൂലിക തന്നെ കുതിരവട്ടം പപ്പുവിനെക്കൊണ്ട് 'പാവാട വേണം മേലാട വേണം, പഞ്ചാരപ്പനങ്കിളിക്ക് " എന്നും പാടിച്ചു. 'മാമാങ്കം പലകുറി കൊണ്ടാടി നിളയുടെ തീരങ്ങൾ നാവായിൽ", 'ശങ്കരധ്യാനപ്രകാരം ജപിച്ചു ഞാൻ അമ്പലം ചുറ്റുന്ന നേരം" തുടങ്ങി ഗാനശാഖയുടെ വേറിട്ട വഴിയിലൂടെയും അദ്ദേഹം സഞ്ചരിച്ചു. കാവ്യരചനയിലെ ഒരു പകർന്നാട്ടമാണ് കഴിഞ്ഞ അരനൂറ്റാണ്ടായി ബിച്ചുതിരുമല നടത്തുന്നത്. ചെറിയൊരു വീഴ്ചയെ തുടർന്നുണ്ടായ ശാരീരികമായ അവശത ഇപ്പോൾ എഴുത്തിന്റെ വേഗത്തിന് തെല്ല് കടിഞ്ഞാണിട്ടു. എങ്കിലും മനസിൽ ഇപ്പോഴുമുണ്ട്, പാട്ടിന്റെയും കവിതകളുടെയും വലിയൊരു നീരുറവ. മലയാള സിനിമയിൽ പാട്ടുകൾക്ക് പഴയ പ്രതാപമില്ലാതായതും തിരുമലയെപ്പോലുള്ള പ്രതിഭകളുടെ സജീവസാന്നിദ്ധ്യം കുറയ്ക്കാൻ ഇടയാക്കി. എങ്കിലും ഇതേക്കുറിച്ചൊന്നും ഒട്ടും വേവലാതിയോ പരാതിയോ അദ്ദേഹത്തിന് ഇല്ല. മനസിലുള്ളത് വീണ്ടും വീണ്ടും എഴുതാനുള്ള അടങ്ങാത്ത ആഗ്രഹം മാത്രം. തിരുവോണക്കാലത്ത് മലയാളത്തിന്റെ പ്രിയപ്പെട്ട പാട്ടെഴുത്തുകാരൻ സംസാരിക്കുന്നു.
ആഹാരത്തിൽ നിന്ന് അക്ഷരങ്ങളുടെ വഴിയിലേക്ക്
'ശാപ്പാ"ടാണ് ബിച്ചുവിനെ വായനയുടെ ലോകത്തേക്ക് എത്തിച്ചതെന്ന് പറയാം. വീട്ടിലെ മുതിർന്നവരെല്ലാം ഒരു വിധത്തിലല്ലെങ്കിൽ
മറ്റൊരു തരത്തിൽ പ്രശസ്തരോ പ്രഗത്ഭരോ ആയിരുന്നു. പണ്ഡിതനും പ്രാസംഗികനുമായിരുന്നു മുത്തച്ഛൻ വിദ്വാൻ സി.ഐ. ഗോപാലപിള്ള. നടനായിരുന്നു മുത്തച്ഛന്റെ സഹോദരൻ സി.ഐ പരമേശ്വരൻപിള്ള. രണ്ടുപേരും നിരവധി കഥകൾ പറഞ്ഞുതരുമായിരുന്നു. പുസ്തകം വായിക്കണമെന്നതും നിർബന്ധം. ചോറുകിട്ടണമെങ്കിൽ വായിക്കണമെന്നതാണ് വീട്ടിലെ ചിട്ട. ഈ വായനയിലൂടെയാണ് വാക്കുകൾ മനസിലേക്ക് കൂട്ടമായി കുടിയേറിയത്. കാലക്രമത്തിൽ അതൊരു വലിയ സമ്പത്തായി മാറി. സാധാരണ പ്രയോഗത്തിലില്ലാത്ത വാക്കുകൾ പോലും മുഴപ്പില്ലാതെ ഗാനങ്ങളിൽ വിളക്കി ചേർക്കാൻ കഴിഞ്ഞത് പദശേഖരത്തിന്റെ പിൻബലത്തിലാണ്. ചെറുപ്പത്തിലേ സംഗീതത്തിന്റെ പാഠങ്ങൾ ഹൃദിസ്ഥമാക്കിയതും ഗാനരചന കൂടുതൽ എളുപ്പത്തിലാക്കി. പിൽക്കാലത്ത് സംഗീതസംവിധായകരായി, അതിന്റെ ഗുണഭോക്താക്കൾ. അനുജത്തി സുശീല (ഗായിക സുശീലാദേവി) ചെറുപ്പത്തിൽ സംഗീതം പഠിച്ചിരുന്നു. കൊല്ലം സ്വദേശി രാമസ്വാമി ആയിരുന്നു ഗുരുനാഥൻ. അനുജത്തിക്കൊപ്പം ബിച്ചുവും പഠിക്കാൻ കൂടി. ബിച്ചു തിരുമല രചിച്ച ഓരോ ഗാനവും ജീവിതത്തിലെ ഓരോ അനുഭവങ്ങളെ നെഞ്ചോടു ചേർത്തുവച്ചിട്ടുള്ളതാണ്. ചുറ്റും കണ്ടതും കാണാൻ കൊതിച്ചതുമായ നിരവധി വിഷയങ്ങൾ ഗാനരൂപത്തിൽ ശ്രോതാക്കളുടെ കാതുകളിൽ എത്തിയിട്ടുണ്ട്. ആസ്വാദകർക്ക് ആ ഗാനങ്ങൾ അനുഭവവേദ്യമായതും അക്കാരണത്താലാണ്.
അടൂർ പട്ടാഴിയിലുള്ള വേടമല എസ്റ്റേറ്റിലായിരുന്നു ബാല്യകാലം ചെലവിട്ടത്. അമ്മാവന്റെ വീട്ടിലായിരുന്നു താമസം. നെടുമൺ സ്കൂളിലെ വിദ്യാഭ്യാസ കാലത്ത്, ബസേലിയസ് തിരുമേനിയുടെ പിതാവ് മത്തായി സർ വീട്ടിൽ വന്നുപഠിപ്പിച്ചതും മറ്റും ഇപ്പോഴും ഓർമ്മയിലുണ്ട്. നാലുകെട്ടുള്ള ഒരു വീട്ടിലായിരുന്നു അന്ന് ഞങ്ങളുടെ താമസം. ചെമ്മണ്ണുവിരിച്ച, കയറ്റിറക്കങ്ങളുള്ള നാട്ടുവഴിയിലൂടെയായിരുന്നു സ്കൂളിലേക്കുള്ള യാത്ര. പതിനാല് കിലോമീറ്ററോളം ദൂരമുണ്ട് സ്കൂളിലേക്ക്. സ്കൂളിൽ പോകാൻ അന്നൊരു വില്ലുവണ്ടി വാങ്ങി. മണികെട്ടിയ കാളകൾ വലിച്ചു കൊണ്ടുപോകുന്ന ആ വില്ലുവണ്ടി അന്ന് വലിയ കൗതുകമായിരുന്നു. വർഷങ്ങൾക്ക് ശേഷം കരിമ്പന ചെത്തുകാരുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഐ.വി.ശശി കരിമ്പന എന്ന ചിത്രമെടുത്തപ്പോൾ 'കൊമ്പിൽ കിലുക്കും കെട്ടി പുള്ളരിഞ്ഞ പന്തുരുട്ടി ലാടംവച്ച കുഞ്ഞിക്കുളമ്പടിച്ച് ഓടിക്കോ കാളേ മടിക്കാതെ" എന്ന ഗാനം കോറിയിടാൻ ബിച്ചുവിനെ പ്രേരിപ്പിച്ചത് കുട്ടിക്കാലത്തെ ആ നേർക്കാഴ്ചകളായിരുന്നു.
അമ്മയും ബാലഗോപാലനും
പ്രേക്ഷകരെ വല്ലാതെ വീർപ്പുമുട്ടിച്ച ഫാസിൽ ചിത്രമാണ് 'പപ്പയുടെ സ്വന്തം അപ്പൂസ്". ജാനകിയമ്മയുടെ ശബ്ദത്തിൽ പുറത്തുവന്ന 'ഓലത്തുമ്പത്തിരുന്ന് ഊയലാടും ചെല്ല പൈങ്കിളി " എന്ന ഗാനം ചിത്രത്തിന്റെ ഹൈലൈറ്റായി മാറി. ' എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടെടീ "എന്ന അടുത്തവരി മഷിയിൽ കണ്ണീർ കലർത്തിയാണ് ബിച്ചുതിരുമല എഴുതിയത്. അറിവില്ലാ പൈതലായിരിക്കുമ്പോൾ വേർപെട്ടുപോയ കുഞ്ഞനുജന്റെ അവ്യക്തമായ ചിത്രമായിരുന്നു ആ ഗാനരചനയിൽ ഉടനീളം മനസിൽ. ബിച്ചുവിന് അന്ന് പ്രായം നാലുവയസ്. അനുജനെ എണ്ണ പുരട്ടി അമ്മ കുളിപ്പിക്കുന്നത് ഒരുപക്ഷേ മനസിൽ കയറികൂടിയിട്ടുണ്ടാവാം. ഒരുരാത്രി മുഴുവൻ അനുജൻ നിർത്താതെ കരച്ചിൽ. അമ്മ എത്ര ശ്രമിച്ചിട്ടും കരച്ചിൽ അടക്കാനാവുന്നില്ല. ഒടുവിൽ എപ്പോഴോ ആ കരച്ചിൽ നിലച്ചു. അടുത്ത ദിവസം രാവിലെ വീട്ടിലെ കാര്യസ്ഥൻ വന്ന് വലിയൊരു വാഴയില വെട്ടി തിണ്ണയിൽ ഇട്ടു. ആർക്ക് ചോറു വിളമ്പാനാണ് ഇത്രയും വലിയ ഇലയെന്നായിരുന്നു അപ്പോൾ തോന്നിയ സന്ദേഹം. ഏറെ നാൾ കഴിഞ്ഞാണ് മനസിലായത്, വലിയ ഇലയിൽ പൊതിഞ്ഞത് സ്വന്തം അനുജനെയാണെന്ന്. ഇന്നും ആ പാട്ട് നൊമ്പരമായാണ് മനസിൽ നിൽക്കുന്നത്. 'മുളയ്ക്കാത്ത വിത്ത് " എന്ന കവിത പിന്നീട് എഴുതിയതും അനുജന്റെ വേർപാട് ആധാരമാക്കിയാണ്.
ചെമ്പൈയുടെ ഗുരുപ്രസാദം
സിനിമയ്ക്ക് വേണ്ടി എഴുതിയ ആദ്യ പാട്ടിന്റെ സംഗീതസംവിധാനം ജയവിജയന്മാരാണ് നിർവഹിച്ചത്. ചെമ്പൈയുടെ ശിഷ്യന്മാരാണ് ജയവിജയ. പാട്ടിന്റെ റിക്കോർഡിംഗിന് ഭദ്രദീപം തെളിച്ചത് ചെമ്പൈ സ്വാമിയാണ്. തുടർന്ന് ചെമ്പൈയുടെ വീട്ടിൽ എത്തിയപ്പോൾ അദ്ദേഹം തങ്ങൾക്കായി ചോറുവിളമ്പി. ഗുരുപ്രസാദം എന്ന് സങ്കൽപ്പിച്ച് അതു കഴിച്ചു.പിൽക്കാലത്ത് ജയവിജയന്മാർക്ക് വേണ്ടി 'നക്ഷത്രദീപങ്ങൾ തിളങ്ങി നവരാത്രി മണ്ഡപം ഒരുങ്ങി " എന്ന ഗാനം രചിച്ചപ്പോൾ ചെമ്പൈ,പാലക്കാട് മണി അയ്യർ,ചൗഡയ്യ , തിരുവിതാംകൂറിൽ ആദ്യമായി തംബുരു കൊണ്ടുവന്ന വടിവേലു നട്ടുവനാർ തുടങ്ങിയ പ്രതിഭകളെ അതിലുൾപ്പെടുത്താൻ കഴിഞ്ഞത് വലിയൊരു പുണ്യമായി.
യേശുദാസുമായി ആത്മബന്ധം
ഗാനശാഖയിലെത്തിയ ശേഷം ഗായകരിൽ ഏറ്റവും അടുത്ത ബന്ധം യേശുദാസുമായാണ്. തരംഗിണി പുറത്തിറക്കിയ കസെറ്റുകൾക്ക് വേണ്ടിയുള്ള ഗാനരചനയും അതിനൊരു കാരണമായി.സംഗീതസംവിധായകൻ രവീന്ദ്രനൊപ്പം പ്രവർത്തിച്ച, തരംഗിണിയുടെ രണ്ടാമത്തെ കാസെറ്റിലാണ്, ഏറെ ആസ്വദിക്കപ്പെട്ട മാമാങ്കം പലകുറി കൊണ്ടാടി നിളയുടെ തീരങ്ങൾ.. എന്ന ലളിതഗാനം ഉൾപ്പെട്ടത്. കുട്ടിക്കാലത്ത് തിരുമല കുശക്കോട് മഹാദേവ ക്ഷേത്രത്തിൽ അച്ഛനൊപ്പം പോകുന്ന പതിവുണ്ടായിരുന്നു. അന്ന് ക്ഷേത്രപ്രദക്ഷിണം നടത്തി പ്രാർത്ഥിച്ചതിന്റെ ഓർമ്മകളിലേക്കുള്ള പിൻ നടത്തമായിരുന്നു ശങ്കരധ്യാനപ്രകാരം ജപിച്ചു ഞാൻ അമ്പലം ചുറ്റുന്ന നേരം എന്ന ലളിതഗാനം. കണ്ണൂർ രാജനാണ് അതിസുന്ദരമായി ആ ഗാനത്തിന് ഈണമിട്ടത്. ബാബുരാജ് മുതൽ ഇങ്ങോട്ടുള്ള ഒട്ടുമിക്ക സംഗീതസംവിധായകർക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ടെങ്കിലും തന്റെ ഏറ്റവും കൂടുതൽ പാട്ടുകൾക്ക് ഈണം നൽകിയത് ശ്യാമായിരുന്നു. അസാധാരണ പ്രതിഭയായിരുന്നു അദ്ദേഹം. തുടക്ക കാലത്തെ മറ്റൊരു പ്രധാന കൂട്ടുകെട്ട് എ.ടി.ഉമ്മറും.
സംഗീതവിസ്മയമായ എ.ആർ.റഹ്മാൻ മലയാളത്തിൽ സംഗീതസംവിധാനം നിർവഹിച്ച ഒരേയൊരു ചിത്രം ' യോദ്ധാ "ആണ്. അതിൽ ബിച്ചു രചിച്ച 'പടകാളി ചണ്ടി ചങ്കരിപോർക്കലി മാർഗിനി " എന്ന പ്രസിദ്ധമായ പാട്ടുമത്സരഗാനം ഇപ്പോഴും ആസ്വാദകർക്ക് പ്രിയപ്പെട്ടതാണ്. ഒരു യാത്രയ്ക്കിടെ തമിഴ്നാട്ടിലെ പഴഞ്ചിറ എന്ന സ്ഥലത്തുവച്ച് ബസ് ബ്രേക്ക് ഡൗണായി. കിട്ടിയ ഇടവേളയിൽ ആ സ്ഥലത്തുകൂടി അൽപം നടന്നപ്പോൾ ഭക്ഷണത്തിനായി ഒരു ഹോട്ടലിൽ കയറി-ഹോട്ടലിന്റെ പേര് 'പഴംതമിഴ് ". കൗതുകമുള്ളതിനാൽ ആ പേർ അപ്പോഴേ മനസിൽ കോറിയിട്ടു. വർഷങ്ങൾക്ക് ശേഷം ഫാസിലിന്റെ 'മണിച്ചിത്രത്താഴി" ന് വേണ്ടി എഴുതാനിരിക്കുമ്പോൾ പഴയ ആ സ്ഥലവും ഹോട്ടലും മനസിൽ തെളിഞ്ഞു. അങ്ങനെ ഹോട്ടലിന്റെ പേരെടുത്ത് പാട്ടിൽ പ്രയോഗിച്ചു-പഴംതമിഴ് പാട്ടിഴയും ശ്രുതിയിൽ പഴയൊരു തംബുരു...എന്ന പാട്ടു പിറന്നു. കോഴിക്കോടൻ ശൈലികളെക്കുറിച്ചും മുസ്ലീം സമുദായത്തിലെ ആചാരങ്ങളെക്കുറിച്ചും കേട്ടുകേൾവി പോലുമില്ലാത്ത ബിച്ചുവാണ്, പാവാടവേണം മേലാടവേണം, കന്നിപ്പളുങ്കേ പൊന്നിൻകിനാവേ.. തുടങ്ങിയ പാട്ടുകളും ചമച്ചത്. 1972 ൽ ഭജഗോവിന്ദം എന്ന ചിത്രത്തിന് പാട്ടെഴുതിയാണ് സിനിമാ പ്രവേശം. യേശുദാസ് പാടിയ 'ബ്രാഹ്മമുഹൂർത്തത്തിൽ പ്രാണസഖീ നീ പല്ലവി പാടിയ നേരം" എന്ന ഭജഗോവിന്ദത്തിലെ പാട്ട് പാട്ടെഴുത്തിലെ പുതുയുഗത്തിന്റെ നാന്ദിയായിരുന്നു. ശ്രുതിഭംഗം തെല്ലുമില്ലാത്ത ഗാനംപോലെ ബിച്ചുതിരുമല രചനയുടെ വഴിയിൽ ഇപ്പോഴും സഞ്ചരിക്കുന്നു.
ആസ്വാദകർക്ക് അറിയില്ല യഥാർത്ഥ പേര്
തിരുവനന്തപുരത്തെ തിരുമലയിൽ സി.ജി. ഭാസ്കരൻനായരുടെയും പാറുക്കുട്ടിയമ്മയുടെയും മകനായി 1941 ൽ ജനിച്ച ബി.ശിവശങ്കരൻനായരാണ് ബിച്ചുതിരുമലയായി മലയാളം കീഴടക്കിയത്. കേരള വാട്ടർ അതോറിറ്റിയിൽ ഫിനാൻസ് മാനേജരായി വിരമിച്ച പ്രസന്നയാണ് ഭാര്യ. ഏകമകൻ സുമൻബിച്ചുവും പാട്ടിന്റെ വഴിയിലാണ്. എഴുത്തല്ല, സംഗീതം. മലയാളത്തിൽ 'മല്ലനും മാതേവനും" എന്ന ചിത്രത്തിന്റെ സംഗീതം നിർവഹിച്ചു. ചില തമിഴ് ചിത്രങ്ങൾക്കും സംഗീതം നിർവഹിച്ചിട്ടുണ്ട്. 1981-ൽ തൃഷ്ണ, തേനുംവയമ്പും എന്നീ ചിത്രങ്ങളിലെ ഗാനരചനയ്ക്കും 91 ൽ കടിഞ്ഞൂൽ കല്യാണത്തിലെ ഗാനങ്ങൾക്കും സംസ്ഥാന അവാർഡ് ലഭിച്ചു.