ഭാവനാ സമ്പന്നവും ചേതോമോഹനവുമായ ഒരു മിത്താണ് മഹാബലി. ആ മിത്തിനെ താലോലിക്കാനും യാഥാർത്ഥ്യവൽക്കരിക്കാനും നാം ശ്രമിക്കുന്നു. കാലാതിവർത്തിയായ ഒരു സാംസ്കാരിക തനിമ ഈ മലയാളനാടിന് ഉണ്ട്. ആ സാംസ്കാരിക തനിമയുടെ ഉരകല്ലിലാണ് മഹാബലിയെ മലയാളികൾ വിലയിരുത്തുന്നത്. വിത്തത്തിനും പ്രതാപത്തിനു വേണ്ടിയുള്ള പരക്കം പാച്ചിലിന് അർത്ഥമില്ലെന്ന് ചൂണ്ടിക്കാട്ടിയത് വിവേകാനന്ദ സ്വാമികളാണ്. വിധിയിലും വിശ്വാസത്തിലും തലയിലെഴുത്തിലും അഭിരമിച്ച് കഴിയുന്നത് കൊണ്ട് അഭിവൃദ്ധി കൈവരുകയില്ല. ഏറ്റവും ചെറുത് കൊണ്ട് വലിയ തൃപ്തി കൈവരുത്താൻ ആകുമോ എന്നതാണ് പ്രശ്നം. ചിന്തയുടെ പ്രകാശപ്രസരിപ്പോടെ നീതിയുടെ പക്ഷത്ത് കാലുറപ്പിക്കുവാൻ കഴിയുക എന്നതാണ് പ്രധാനം. മനുഷ്യ സമൂഹത്തെക്കുറിച്ചുള്ള സമ്മോഹന സങ്കൽപ്പങ്ങളാണ് തിരുവോണം ഓർമ്മിപ്പിക്കുന്നത്.
മനുഷ്യസ്നേഹവും സൗഹാർദ്ദവും നന്മയായും പ്രാർത്ഥനയായും ഒഴുകി പരക്കണമെന്നാണ് നമ്മുടെ ആഘോഷങ്ങളെല്ലാം സൂചിപ്പിക്കുന്നത്. സ്കൂളിൽ പഠിക്കുന്ന കാലത്ത് മലയാളം അദ്ധ്യാപകനാണ് മഹാബലിയുടെ കഥ പറഞ്ഞ് തന്നത്. ഓലക്കുടയുമായി സ്കൂളിലെ ഇളകുന്ന ബെഞ്ചിലിരുന്ന് പഠിച്ച കാലത്ത് തിരുവോണത്തിന്റെ സാമൂഹ്യ പ്രസക്തിയൊന്നും അറിഞ്ഞിരുന്നില്ല. ഓണത്തിന് ഇന്നുള്ള പ്രചാരണ പൊലിമയും ഇല്ലായിരുന്നു.
ദാരിദ്ര്യം മണക്കുന്ന വഴികളിൽ കഴിഞ്ഞിരുന്നവരുടെ വീടുകളിൽ തിരുവോണം വരാൻ മടിച്ചു നിന്നിരുന്നു. കർക്കടകത്തിൽ രാമായണം വായിക്കുന്നത് പോലെ ചിങ്ങത്തിൽ കൃഷ്ണപ്പാട്ട് വായിക്കുന്ന ശീലം വീട്ടിലുണ്ടായിരുന്നു. ചെറുശ്ശേരിയുടെ വരികളിലും പൂക്കളുടെ ഗന്ധം തുടിച്ചു നിന്നിരുന്നു. അച്ഛൻ വാങ്ങിതന്ന വിലകുറഞ്ഞ പട്ടയുള്ള ട്രൗസറാണ് ഞങ്ങളുടെ ഓണപ്പുടവ. എന്നാണ് ഒരു ഓണമുണ്ട് കിട്ടിയത് എന്ന് കൃത്യമായി ഓർമ്മയില്ല. എങ്കിലും ആദ്യത്തെ കൈനീട്ടം പോലെ ആദ്യത്തെ ഓണമുണ്ടും അന്യനാട്ടിലെ താമസക്കാലത്ത് കിട്ടിയതാണ്. വിനോബാജിയുടെ ശിഷ്യൻ സേവാറാം എന്ന രാമപ്പൊതുവാൾ ആണ് ഓണമുണ്ട് തന്നത്. അദ്ദേഹം ഞങ്ങളുടെ നാട്ടുകാരനായിരുന്നു. ഖാദി പ്രചാരണത്തിൽ മുഴുകി അദ്ദേഹം കാർക്കളയിൽ താമസിച്ച് വരുകയായിരുന്നു. തിരുവോണ ദിവസം രാവിലെ അദ്ദേഹം ഞങ്ങളുടെ വാടക വീട്ടിൽ വന്നെത്തി. കൈയിൽ ഒരു സഞ്ചിയുണ്ടായിരുന്നു. അച്ഛൻ നീക്കിയിട്ട കസേരയിൽ ഇരുന്ന് കൊണ്ട് അദ്ദേഹം ഞങ്ങളെ നോക്കി.
നാടുവിട്ടതിന് ശേഷമുള്ള ആദ്യത്തെ ഓണമാണ്. നാട്ടിലാണെങ്കിൽ ഇപ്പോൾ ഓണത്തെയ്യം ചെണ്ടകൊട്ടി ആടുന്നുണ്ടാകും. ഒരിക്കൽ ഓണത്തെയ്യം കെട്ടിയത് കൂടെ പഠിക്കുന്ന കുട്ടിയാണ്. വീട്ടുമുറ്റത്ത് വന്ന് നിന്ന് മണിമുട്ടി ആടുന്നതിന് ഇടയിൽ അവൻ പലതവണ എന്നെ നോക്കിയിരുന്നു. പിന്നീട് ക്ലാസിലെത്തിയപ്പോൾ അവൻ ചിരിച്ച് കൊണ്ട് അടുത്ത് വന്നു. ഓണത്തെയ്യം കെട്ടിയപ്പോൾ എന്താണ് തോന്നിയത് എന്ന് ഞാൻ ചോദിച്ചു. അവൻ ഉത്തരം പറഞ്ഞില്ല. സേവാറാം അമ്മയെ വിളിച്ചു ഓണത്തിന്റെ ഒരുക്കമെല്ലാം എവിടം വരെയായി എന്ന് ചോദിച്ചു. അന്യ നാട്ടിൽ എന്ത് ഓണം എന്ന ഭാവത്തിൽ അമ്മ നിന്നതേ ഉള്ളൂ. അദ്ദേഹം സഞ്ചിയെടുത്ത് മടിയിൽ വെച്ച് അതിൽ നിന്ന് ഓണമുണ്ടുകൾ പുറത്തെടുത്തു. ഞങ്ങൾ കൊതിയോടെ നോക്കി നിൽക്കുകയായിരുന്ന. സേവാറാം ഓരോരാളെയും അടുത്ത് വിളിച്ചു ഉള്ളം കൈയിൽ ഓണമുണ്ട് വച്ച് തന്നു. അമ്മയ്ക്കും അച്ഛനും കിട്ടി ഓണപ്പുടവ. അദ്ധ്യാപകൻ പറഞ്ഞ മഹാബലിയുടെ കഥ മനസിൽ തെളിഞ്ഞ് വന്നു. മലയാളി എവിടെ പോയാലും അവരുടെ ഓർമ്മയിലൂടെ സുഖശീതളമായ അനുഭവങ്ങൾ ഒഴുകിയെത്താതിരിക്കില്ല.