കഴിഞ്ഞ ഓണക്കാലത്ത് ചേന്ദമംഗലത്തിന് പറയാനുണ്ടായിരുന്നത് കണ്ണീരിന്റെ കഥയായിരുന്നു. ജീവിതത്തിന്റെ ഊടും പാവും നെയ്യാൻ ഇറങ്ങിത്തിരിച്ച ഒരു കൂട്ടം മനുഷ്യരുടെ നഷ്ടങ്ങളുടെയും നടുക്കത്തിന്റെയും കഥ. ഇന്ന്, മറ്റൊരു പൊന്നോണക്കാലത്ത് ചേന്ദമംഗലം ചിരിക്കുകയാണ്. അതിജീവനത്തിന്റെ നറുമണമുള്ള ചിരി. ചേക്കുട്ടിയിലൂടെ ലോകം മുഴുവൻ ആ നാടിന്റെ കഥ അറിഞ്ഞിരിക്കുന്നു. കൈത്തറിയുടെയും ചേക്കുട്ടിയുടെയും നാടായിട്ടാണ് ഇനി ഇവിടം അറിയപ്പെടുക.
കണ്ടു ശീലിച്ച പാവകളുടെ കൂട്ടത്തിലല്ല ചേക്കുട്ടിയുടെ സ്ഥാനം. അവൾക്ക് കൃത്യമായ അഴകളവുകളില്ല, നല്ലൊരു രൂപമില്ല. ആരെയും ആകർഷിക്കുന്ന ചലനങ്ങളുമില്ല. എന്നാലും ചേക്കുട്ടി മലയാളികൾക്ക് പ്രിയപ്പെട്ടവളാണ്. ഒരു നാടിന്റെ ജീവസ്പന്ദനങ്ങൾ തിരികെ പിടിച്ചവളാണ്. വിടർന്ന കണ്ണുകളുമായി അവൾ ചിരിക്കുന്നത് നാം ഓരോരുത്തരെയും നോക്കിയാണ്.
ഓരോ ഓണക്കാലവും മുന്നിൽ കണ്ടുകൊണ്ടാണ് ചേന്ദമംഗലത്തുകാർ വസ്ത്രങ്ങൾ നെയ്തിരുന്നത്. ആ ഊർജത്തെയായിരുന്നു കഴിഞ്ഞ പ്രളയം മുക്കികളഞ്ഞത്. തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് കരുതിയടത്ത് നിന്നും പുത്തനുണർവ് നൽകി ചേന്ദമംഗലത്തെ കൈപിടിച്ചുയർത്തിയത് ചേക്കുട്ടിയാണ്. അവളിലൂടെ സംഭവിച്ചത് അവരുടെ തിരിച്ചുവരവായിരുന്നു. അവർക്കിപ്പോൾ പ്രളയം ഒരു അനുഗ്രഹമായിട്ടാണ് തോന്നുന്നത്. കൈത്തറിയുടെ ഉണർവിനും വളർച്ചയ്ക്കും ചേക്കുട്ടിയാണ് സഹായിച്ചതെന്ന് അവർ നന്ദിയോടെ ഓർക്കുന്നു.
സ്നേഹത്തിന്റെ, ഒത്തൊരുമയുടെ പ്രതീകമാണ് ചേക്കുട്ടി. ചേന്ദമംഗലം കൈത്തറിക്ക് ആവശ്യക്കാർ ഏറുന്നതു പോലെ ചേക്കുട്ടിക്കും ഇപ്പോൾ ആവശ്യക്കാർ ഏറെയാണ്. അതിന് ചുക്കാൻ പിടിച്ചത് സുഹൃത്തുക്കളായ ലക്ഷ്മിമേനോനും ഗോപിനാഥ് പാറയിലുമായിരുന്നു.
''ഈ ഓണത്തിന് ചേക്കുട്ടിയിലൂടെ പ്രസിദ്ധമായ ചേന്ദമംഗലത്തെയാണ് ലോകം കാണുക. അവരുടെ തിരിച്ചുവരവാണ് ഇത്തവണത്തെ ഓണക്കാലം. എല്ലാം നഷ്ടപ്പെട്ട ഇടത്തു നിന്നും പുതിയൊരു തുടക്കം. ചേക്കുട്ടിയിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ സന്തോഷമാണ്. നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കാമെന്ന് കരുതിയെങ്കിലും ഇത്രയും വലിയൊരു വിജയം പ്രതീക്ഷിച്ചതായിരുന്നില്ല. ഒരു പരീക്ഷണം പോലെയായിരുന്നു തുടങ്ങിയത്. ആഗ്രഹിച്ചതിലും ഒരുപാട് വളർന്നു. ഇന്ന് ചേക്കുട്ടി ഒരു പാഠമാണ്, അതിജീവനത്തിന്റെ നേർസാക്ഷ്യമാണ്. ഒരു നാടിനെയും തൊഴിലിനെയും തിരിച്ചുപിടിക്കാൻ സാധിച്ചു. ഇതിന്റെ മുഴുവൻ ലാഭവും ചേന്ദമംഗലം കൈത്തറിക്ക് അവകാശപ്പെട്ടതാണ്. ഞാനും ഗോപിയും നെടുംതൂണുകളായി നിന്നുവെന്നേയുള്ളൂ." ലക്ഷ്മിമേനോന്റെ സന്തോഷം നിറഞ്ഞ വാക്കുകൾ.
പ്രളയത്തിൽ കരിമ്പടത്തെ ഏഴു നെയ്ത്തു യൂണിറ്റുകളാണ് അനാഥമായത്. സാരിയും സെറ്റുമുണ്ടുമായി ലക്ഷക്കണക്കിന് രൂപയുടെ കൈത്തറി വസ്ത്രങ്ങൾ. കാലാകാലങ്ങളായി അവരെ അന്നമൂട്ടിയിരുന്ന നെയ്ത്തുശാലകൾ, അനുബന്ധ ഉപകരണങ്ങൾ... എല്ലാം കൂടി കണക്കിലെടുക്കുമ്പോൾ കോടികളുടെ നഷ്ടമായിരുന്നു. വാർത്തയറിഞ്ഞ് ലക്ഷ്മിയും ഗോപിനാഥും എത്തുമ്പോൾ കാണുന്നത് കത്തിച്ചുകളയാനായി കൂട്ടിയിട്ട പഴന്തുണികളുടെ വലിയ കൂമ്പാരമായിരുന്നു. കൈത്തറിയെ പ്രണയിക്കുന്ന ഇരുവർക്കും ഉള്ളുരുകുന്ന കാഴ്ചയായിരുന്നു അത്. ഒരുപക്ഷേ കുറച്ച് സമയം കൂടി വൈകിയിരുന്നെങ്കിൽ എല്ലാം കത്തി ചാരമാകുമായിരുന്നു.
''ഞാനും ഗോപിയും വളരെ സജീവമായി സാമൂഹികപ്രശ്നങ്ങളിൽ ഇടപെടുന്നവരാണ്. പ്രളയത്തിൽ കേരളം മുങ്ങിത്താണപ്പോൾ മാറി നിൽക്കാൻ ഞങ്ങൾക്കാകുമായിരുന്നില്ല. പ്രളയത്തിൽ ഏറെ വേദനിപ്പിച്ചത് ചേന്ദമംഗത്തിന്റെ അവസ്ഥയായിരുന്നു. മനസിലിപ്പോഴും ആ ചിത്രമുണ്ട്. പലരും കൂട്ടിയിട്ട തുണിക്കെട്ടിനരുകിലിരുന്ന് വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു. ചിലർ മുഖം താഴ്ത്തിയിരിക്കുകയാണ്. ഇത്രയും നാൾ അന്നമൂട്ടിയ നെയ്ത്തുത്തറികളിൽ പിടിച്ച് സർവം നഷ്ടപ്പെട്ടവരെ പോലെയിരിക്കുന്നവരുമുണ്ടായിരുന്നു. ഇനിയെന്ത് എന്ന് സ്വയം തോന്നി പോയി. അവരെ ആ അവസ്ഥയിൽ വിടരുതെന്ന് മനസ് പറഞ്ഞു." അവിടെ കണ്ട കാഴ്ചകൾ പൊള്ളിക്കുന്നതായിരുന്നുവെന്ന് ലക്ഷ്മി ഓർത്തെടുത്തു.
ഓണവിപണി സ്വപ്നം കണ്ടിരുന്ന കച്ചവടം തിരികെ കൊണ്ടുവരുവാൻ കഴിയില്ലെന്ന് ഉറപ്പായിരുന്നെങ്കിലും അവ പാഴാക്കുന്നതിന് മുന്നേ അവസാന ശ്രമമെന്ന നിലയ്ക്ക് ഇരുവരും ചേർന്ന് ഒരു പരീക്ഷണം നടത്തി. വെള്ളം കയറി ചെളി പിടിച്ച സാരിയും മുണ്ടും ഉൾപ്പടെയുള്ള തുണികൾ ക്ലോറിനേറ്റ് ചെയ്തു കഴുകി വൃത്തിയാക്കുകയായിരുന്നു ആദ്യ ജോലി. അതിന് ശേഷമാണ് പാവ നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. പലവട്ടം രൂപങ്ങൾ ഉണ്ടാക്കി നോക്കിയ ശേഷമായിരുന്നു ചേക്കുട്ടിയെ തീരുമാനിക്കുന്നത്. ആയിരമോ രണ്ടായിരമോ വിലയുള്ള ഒരു സാരിയിൽ നിന്നും മുന്നൂറോ മുന്നൂറ്റമ്പതോ ചേക്കുട്ടിയെ നിർമ്മിക്കണം എന്നതായിരുന്നു ലക്ഷ്യം. ഇരുപത്തിയഞ്ച് രൂപ എന്നൊരു വില നിശ്ചയിച്ചപ്പോൾ അതു കൂടുതലാണോയെന്നൊന്നും ചിന്തിച്ചില്ല. മലയാളികൾ ഏറ്റെടുക്കുമെന്ന് തന്നെയായിരുന്നു ഇരുവരുടെയും മനസ് പറഞ്ഞത്. ആ വിശ്വാസം തെറ്റിയില്ല.
ചേക്കുട്ടി എന്ന പേരിനുമുണ്ടൊരു കഥ. ചേന്ദമംഗലത്തെ ചേറിനെ അതിജീവിച്ച കുട്ടിയായതുകൊണ്ടാണ് ചേക്കുട്ടി എന്ന പേര് നൽകിയത്. മലയാളികളുടെ സ്വന്തം കുട്ടിയായി അവളെ സ്വീകരിക്കാനും ആ പേര് സഹായിച്ചിട്ടുണ്ട്. ചെളിയിൽ മുങ്ങിയ ഉത്പന്നത്തിന്റെ മറുസാദ്ധ്യത തിരിച്ചറിഞ്ഞ് പ്രതീക്ഷിച്ചതിലും വലിയ നേട്ടം സൃഷ്ടിക്കാൻ ചേക്കുട്ടിക്ക് കഴിഞ്ഞു. ഇതുവരെ ചേന്ദമംഗലം എന്ന പേര് വളരെ കുറച്ച് പേർക്കിടയിൽ മാത്രം ഒതുങ്ങി നിന്നിരുന്നതാണ്.
നിസഹായതോടെ നോക്കിനിന്നിരുന്ന ഒരു നാടിന്ന് അതിവേഗം വളരുന്നു. നാടിനെ തിരികെ പിടിക്കാനുള്ള ശ്രമത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി ചേക്കുട്ടിയെ ഇനി ചരിത്രം ഓർക്കും. തീർത്തും സുതാര്യമാണ് ചേക്കുട്ടിയുടെ കച്ചവടം. ഓൺലൈൻ വഴിയുള്ള വില്പനയിലൂടെ കിട്ടുന്ന തുക മുഴുവൻ ചേന്ദമംഗലത്തെ കൈത്തറി തൊഴിലാളികളുടെ അക്കൗണ്ടിലേക്കാണ് എത്തുന്നത്, അവരത് പങ്കിട്ടെടുക്കുന്നു.
ഇത്തവണ പ്രളയം വന്നെങ്കിലും ചേന്ദമംഗലം സുരക്ഷിതമായിരുന്നു. ഇനിയൊരു പ്രളയത്തിനും തങ്ങളെ തോൽപ്പിക്കാനാവില്ലെന്ന് ഈ ജനത ഉറപ്പിച്ച് പറയുന്നത് ചേക്കുട്ടി നൽകിയ ധൈര്യത്തിലാണ്. വീട്ടിലെ ചുവരിലും കാറിലുമെല്ലാം നീണ്ട ചരടിൽ അവളങ്ങനെ കാറ്റത്ത് നൃത്തമാടുമ്പോൾ തോറ്റുപോയ ജനതയല്ല നാമെന്ന് ഓർത്ത് അഭിമാനിക്കാം. ഇന്നിപ്പോൾ ലക്ഷ്മിയും ഗോപിയും ഏറെ സന്തോഷത്തിലാണ്. അവരുടെ ലക്ഷ്യം വിജയിച്ചിരിക്കുന്നു. ഇനിയും ചേക്കുട്ടി ജീവിക്കുക തന്നെ ചെയ്യും. മലയാളി ഉള്ളിടത്തോളം കാലമെന്ന ഉറപ്പും അവർ പങ്കുവയ്ക്കുന്നു. ചേന്ദമംഗലത്തിന്റെ യാത്ര ഇവിടെ അവസാനിക്കുന്നില്ല, ചേക്കുട്ടിയുടെയും.