മോർച്ചറിയിലെ ജീവനക്കാരനാണ് വേലപ്പൻ. യഥാസമയം പോസ്റ്റുമോർട്ടം കഴിഞ്ഞ് മൃതദേഹം വിട്ടുകൊടുക്കുന്നതിൽ വളരെ കൃത്യതയാണ്. വേലപ്പനെ സ്വാധീനിക്കാൻ പലരും പല രീതിയിൽ ശ്രമിക്കാറുണ്ടെങ്കിലും വഴങ്ങാറില്ല. മോർച്ചറിയിൽ ചാതുർവർണ്യമില്ല. വലിപ്പച്ചെറുപ്പമില്ല. കാത്തുകെട്ടിക്കിടക്കുന്നതിന്റെ ഉത്കണ്ഠയോ പരാതിയോ ശവശരീരങ്ങൾക്കില്ലല്ലോ.
ഓഫ് ദിവസം വേലപ്പൻ മതി മറക്കും. രണ്ടുനാലു പെഗ്ഗടിക്കും. പോയ ദിവസങ്ങളിലെ യാഥാർത്ഥ്യങ്ങൾ അവതരിപ്പിക്കും. ആ സമയത്ത് അൽപ്പസ്വൽപ്പം തത്വചിന്തയും വേദാന്തവും കടന്നുവരും. മരിച്ചവരുടെ മുഖം സുന്ദരമാണ്, ടെൻഷനില്ല, അസൂയയില്ല, അത്യാഗ്രഹമില്ല, അസഹിഷ്ണുതയില്ല. പുച്ഛമോ പരിഹാസമോ ഇല്ല. പകരം ആരും കാണാത്ത ദൈവത്തിന്റെ ഒരു അദൃശ്യഭാവം മാത്രം. ഇങ്ങനെ പോകും വേലപ്പന്റ വേദാന്തമെന്ന് ഒപ്പം സേവിച്ചവർ പറയാറുണ്ട്. വലിയ വിദ്യാഭ്യാസമൊന്നുമില്ല. പക്ഷേ മോർച്ചറിയിൽ ഏതെല്ലാം തരക്കാരുമായിട്ടാണ് അടുത്തിടപഴകുന്നത്. രാഷ്ട്രീയ നേതാക്കൾ, കലാകാരൻമാർ, സാഹിത്യനായകർ, അജ്ഞാത മൃതദേഹങ്ങൾ, അങ്ങനെ തെരുവിലെ യാചകർ വരെ. ആ സംസർഗുണം കിട്ടാതിരിക്കുമോ എന്നാണ് വേലപ്പന്റെ സംശയം.
മനുഷ്യൻ എന്തൊക്കെ വാദിച്ചാലും വീമ്പിളക്കിയാലും മരണം ഒരു സമ്പൂർണപരാജയം തന്നെ എന്ന് ഒരിക്കൽ വേലപ്പൻ തത്വജ്ഞാനം പറഞ്ഞു. ഏക്കറുകണക്കിന് ഭൂമിയുള്ളവനും തോറ്റുതൊപ്പിയിട്ടല്ലേ കിടക്കുന്നത്. പരമോന്നത ബഹുമതികൾ വാരിക്കൂട്ടിയവും വ്യത്യസ്തമല്ല. ജാതിയിൽ കൂടിയവനെന്നും മതത്തിൽ ആഢ്യനെന്നും ധരിച്ചു ജീവിച്ചവനും കിടക്കുന്ന കിടപ്പുകണ്ടാൽ കഷ്ടം.
എല്ലാവരും തോറ്റുപോകും. ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ ഒന്നുകിൽ പരീക്ഷയിൽ അല്ലെങ്കിൽ കോടതിയിൽ, പൊലീസ് സ്റ്റേഷനിൽ, ചിലർ രക്ഷിതാക്കളോടു തോൽക്കും. മറ്റു ചിലർ സ്നേഹിച്ചു വളർത്തിയ മക്കളുടെ മുന്നിൽ. ചിലർ ഭർത്താവിന് മുന്നിൽ ചിലർ ഭാര്യയുടെ മുന്നിൽ. ശത്രുക്കളോട്, ബന്ധുക്കളോട്, അല്ലെങ്കിൽ ദുശീലങ്ങളോട്, മറ്റെല്ലായിടത്തും ജയിച്ചാലും ചിലപ്പോൾ സ്വന്തം ശരീരത്തോട് അല്ലെങ്കിൽ രോഗങ്ങൾക്ക് മുന്നിൽ അടിയറവ് പറയേണ്ടി വരും. വേലപ്പൻ മൃതദേഹങ്ങൾക്കൊപ്പം ചെലവിട്ട ദിനങ്ങൾ അയാളുടെ അനുഭവസമ്പത്തായി മാറുന്നത് കേട്ടിരിക്കാൻ രസമാണ്.