ഓണം നൈലയ്ക്ക് ഏറെ സ്പെഷ്യലാണ്. പുതിയ ചിത്രം 'പൊറിഞ്ചു മറിയം ജോസ്" സമ്മാനിച്ച വിജയം ചെറുതല്ല. സ്വപ്നം കണ്ടിരുന്നതുപോലെ ഒരു ജോഷി ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷം മുഖത്തുണ്ട്. വളരെ സൂക്ഷ്മതയോടെ ചിത്രങ്ങൾ തിരഞ്ഞെടുക്കുന്ന കൂട്ടത്തിലാണ് നൈല. ആ തീരുമാനങ്ങളൊന്നും തെറ്റാറുമില്ല. മലയാളികൾക്ക് നൈല പ്രിയങ്കരിയാകുന്നതിന്റെ കാരണവും മറ്റൊന്നല്ല.
''മലയാളത്തിലെ മാസ്റ്റർ സംവിധായകരിലൊരാളായ ജോഷി സാറിന്റെ ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചത് സ്വപ്നതുല്യമാണ്. ടെറ്റിൽ റോളാണ് ചെയ്തത്. ശക്തമായ കഥാപാത്രമാണ് മറിയം. അതുൾക്കൊണ്ട് എന്റേതായ രീതിയിൽ ചെയ്യാനുള്ള സ്വാതന്ത്ര്യം സംവിധായകൻ തന്നിരുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങളുണ്ടാക്കിയ മാജിക്കിനെ കുറിച്ച് പലപ്പോഴും ആലോചിക്കാറുണ്ട്. ഹിറ്റ് മേക്കർ ജോഷി സാറിന്റെ ചിത്രത്തിൽ അഭിനയിക്കുന്നത് സിനിമയിലെത്തുന്ന എല്ലാവരുടെയും സ്വപ്നമാണ്. അത് യാഥാർത്ഥ്യമായതിൽ സന്തോഷമുണ്ട്. ഓണക്കാലത്ത് ഒരു ഹിറ്റ് പടത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതും ഭാഗ്യമാണ്."" നൈല മനസ് തുറക്കുന്നു.
മറിയമാകാനുള്ള ഒരുക്കങ്ങൾ
മറിയമാകാനുള്ള ധൈര്യം തന്നത് ജോഷി സാറാണ്. കഥാപാത്രത്തെക്കുറിച്ച് വ്യക്തമായി പറഞ്ഞു തന്നു. അതനുസരിച്ച് ചെയ്യാനുള്ള സ്വാതന്ത്ര്യവും കിട്ടി. അതുകൊണ്ടാണ് മറിയത്തെ നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞത്. ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജോജു ജോർജും ചെമ്പൻ വിനോദും നല്ല സുഹൃത്തുക്കളാണ്. ചെമ്പൻ വിനോദിനെ ഈ സിനിമയിലൂടെയാണ് പരിചയപ്പെട്ടതെങ്കിലും ജോജുവിനെ കാലങ്ങളായി അറിയാം. രണ്ട് പേർക്കൊപ്പവും അഭിനയിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. സൗഹൃദത്തിന്റെ പുറത്ത് സിനിമയിലെ പല രംഗങ്ങളും അനായാസമായി ചെയ്യാൻ കഴിഞ്ഞു. മികച്ച തിരക്കഥയുള്ള സിനിമയാണ് പൊറിഞ്ചു മറിയം ജോസ്.
ലാലേട്ടനും മമ്മൂക്കയും
ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളത്തിലെ രണ്ട് മഹാനടന്മാരോടൊപ്പവും അഭിനയിക്കാൻ സാധിച്ചു. നല്ല അനുഭവമായിരുന്നു. എല്ലാവർക്കും ആ ഭാഗ്യം കിട്ടണമെന്നില്ല. ആദ്യ സിനിമയായ 'കുഞ്ഞനന്തന്റെ കട"യിൽ മമ്മൂക്കയ്ക്കൊപ്പമായിരുന്നു തുടക്കം. മുമ്പ് റേഡിയോയുടെ ഭാഗമായി പരിചയപ്പെട്ടിട്ടുണ്ടെങ്കിലും മമ്മൂക്കയെ നേരിട്ട് കണ്ട് സംസാരിക്കുന്നത് ഈ സിനിമയുടെ സെറ്റിൽ വച്ചാണ്. പിന്നീട് അദ്ദേഹമാണ് എന്നെ സിനിമയിലേക്ക് റെക്കമെന്റ് ചെയ്യുന്നത്. കുഞ്ഞനന്തന്റെ കടയിൽ മലയാളം നന്നായി പറയുന്ന ഒരു അഭിനേത്രിയെ വേണമായിരുന്നു. ലൈവ് ഡബ്ബിംഗ് ചെയ്യാൻ ഡയലോഗ് കാണാതെ പഠിക്കുകയും വേണം. അങ്ങനെ ആർ.ജെ. ആയിരുന്ന എന്നെ അദ്ദേഹം റെക്കമെന്റ് ചെയ്തു. മമ്മൂക്കയെ നേരിട്ട് കണ്ടപ്പോൾ ഭയങ്കര അത്ഭുതമായിരുന്നു. ഒപ്പം കൗതുകവും. ലാലേട്ടനെ മുമ്പ് കണ്ട് പരിചയമുണ്ട്. 'ലൂസിഫറി"ലാണ് ലാലേട്ടനൊപ്പം ആദ്യമായി അഭിനയിക്കുന്നത്. ഒരു ദിവസത്തെ ഷൂട്ട് മാത്രമേ ഉണ്ടായിരുന്നുവെങ്കിലും ലാലേട്ടനോടൊത്തുള്ള സീനുകൾ എൻജോയ് ചെയ്ത് അഭിനയിച്ചു. രണ്ടുപേരും വ്യത്യസ്ത സ്വഭാവമുള്ള മഹാനടന്മാരാണ്. പുതുതായി സിനിമയിലേക്ക് വരുന്നവരെ പ്രോത്സാഹിപ്പിക്കുന്നവർ. വലിയ നടന്മാരാണെന്ന ഭാവമില്ല. ബുദ്ധിമുട്ടായി തോന്നുന്ന സീനുകൾ എങ്ങനെ ചെയ്യണമെന്ന് പറഞ്ഞുതരാറുണ്ട്.
പ്രിയം റേഡിയോ ജോക്കി
സിനിമയുടെ ഭാഗമാണെങ്കിലും ഏറെ പ്രിയമുള്ള ജോലി റേഡിയോ ജോക്കിയുടേതാണ്. ദുബായിൽ ഹിറ്റ് എഫ്.എം 96.7യിലെ മോർണിംഗ് പ്രസന്ററാണ്. പാഷനോടെ ചെയ്യുന്ന ജോലിയാണത്. രാവിലെ ആറ് മണിക്ക് ഗുഡ് മോർണിംഗ് പറഞ്ഞ് തുടങ്ങുന്ന ഷോ അഞ്ച് മണിക്കൂറോളം തുടരും. ദുബായ് മലയാളികൾക്കിടയിൽ ശ്രദ്ധേയമായ പ്രോഗ്രാമാണ്. അതിന്റെ സന്തോഷം വളരെ വലുതാണ്. ഈ ജോലി കുറെ കാലം കൂടി തുടരാനാണ് ആഗ്രഹം. എന്നുകരുതി സിനിമയും ടെലിവിഷനും വിടാനൊന്നും ഉദ്ദേശിച്ചിട്ടില്ല.
ഇടവേളകൾ സ്വാഭാവികം
ആർ.ജെ ആയി ജോലി ചെയ്യാൻ തുടങ്ങിയിട്ട് 15 വർഷമായി. തിരക്കിനിടയിൽ ഒരുപാട് സിനിമകളൊന്നും ചെയ്യാൻ സാധിച്ചിട്ടില്ല. ലീവ് കിട്ടുന്ന സമയത്ത് നല്ല കഥകളും കഥാപാത്രങ്ങളും തിരഞ്ഞെടുത്ത് അഭിനയിക്കുന്നു. അതുകൊണ്ടാണ് നീണ്ട ഇടവേളകൾ വരുന്നത്. വർഷത്തിൽ ഒന്നോ രണ്ടോ സിനിമകളെ ചെയ്യാറുള്ളു. അഭിനയിക്കുമ്പോൾ ഒരു തൃപ്തി വേണം. ഇത്തരത്തിൽ വളരെ പെട്ടെന്ന് ചെയ്ത ഒരു സിനിമയായിരുന്നു ഫയർമാൻ. ബോൾഡായ പൊലീസ് ഓഫീസറുടെ വേഷമായിരുന്നു.
ദുബായ് ജീവിതം അടിപൊളി
ജീവിക്കാൻ ഏറ്റവും സൗകര്യപ്രദവും സുരക്ഷിതവുമായ സ്ഥലമാണ് ദുബായ്. സ്വദേശം തിരുവനന്തപുരമാണെങ്കിലും അച്ഛന് അവിടെയായിരുന്നു ജോലി. നാട്ടിലെ പഠനത്തിന് ശേഷം 22ാം വയസിലാണ് തിരികെ ദുബായിലെത്തിയത്. നാട്ടിലേക്കാൾ സ്വാതന്ത്ര്യം കിട്ടിയെന്ന് തോന്നിയത് ദുബായിലെത്തിയപ്പോഴാണ്.