ന്യൂയോർക്ക്: സെറീന വില്യംസിനെ അട്ടിമറിച്ച് യു.എസ് ഓപ്പൺ വനിത സിംഗിൾസ് കിരീടം കാനഡയുടെ കൗമാരതാരം ബിയാൻക ആൻഡ്രിസ്‌ക്യൂ നേടി. കാനഡക്കാരിയായ ആന്ദ്രീസ്‌ക്കുവിന്റെ കന്നി ഗ്രാൻസ്ലാം കിരീടമാണിത്. 6-3, 7-5 എന്ന സ്‌കോറിൽ നേരിട്ടുളള സെറ്റുകൾക്കായിരുന്നു ആന്ദ്രീസ്‌ക്കുവിന്റെ കിരീടവിജയം.
സെറീനയെ ആരാധിച്ച് രണ്ടുവർഷം മുമ്പ് പ്രഷഫണൽ ടെന്നിസ് താരമായ ബിയാൻകയ്ക്ക് ആരാധനാമൂർത്തിയെ കീഴടക്കി ആദ്യ ഗ്രാൻസ്‌ലാം കിരീടമാണിത്. ഫ്ലഷിംഗ് മെഡോസിൽ ഷറപ്പോവയ്ക്ക് ശേഷം കിരീടമുയർത്തുന്ന ആദ്യ കൗമാരതാരം കൂടിയാണ് ബിയാൻക. ഒപ്പം കാനഡയിലേക്ക് ചരിത്രത്തിലാദ്യമായി ഒരു സിംഗിൾസ് ഗ്രാൻസ്‌ലാം കിരീടവും. ആദ്യസെറ്റ് തന്നെ അട്ടിമറിയുടെ സൂചന നൽകി 6–3ന് ബിയാൻക സ്വന്തമാക്കി. രണ്ടാം സെറ്റിൽ 5–1ന് പിന്നിൽ നിന്ന സെറീന മാച്ച്പോയിന്റ് മറികടന്ന് 5–5ന് ഒപ്പമെത്തി.
തുടർച്ചയായ രണ്ടാം തവണയാണ് സെറീന യു.എസ്. ഓപ്പണിന്റെ ഫൈനലിൽ തോൽക്കുന്നത്. കഴിഞ്ഞ തവണ ജപ്പാൻകാരി നവോമി ഒസാക്കയാണ് സെറീനയെ വീഴ്ത്തിയത്. കഴിഞ്ഞ വിമ്പിൾഡനിലും സെറീന ഫൈനലിൽ പരാജയപ്പെട്ടിരുന്നു.