ന്യൂഡൽഹി: ചന്ദ്രയാൻ 2വിന്റെ വിക്രം ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നതായി ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.കെ.ശിവൻ അറിയിച്ചു. ഈ ശ്രമം 14 ദിവസം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ലാൻഡർ വിച്ഛേദനത്തിന്റെ ആദ്യഘട്ടം വിജയകരമായ രീതിയിൽ നടപ്പിലാക്കിയിട്ടുണ്ടെന്നും അവസാന ഘട്ടത്തിലാണ് ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായതെന്നും അദ്ദേഹം വ്യക്തമാക്കി.
‘നിലവിൽ ആശയവിനിമയ സംവിധാനം നഷ്ടപ്പെട്ടിരിക്കുകയാണ്. ലാൻഡറുമായുള്ള ആശയവിനിമയം പുനസ്ഥാപിക്കാൻ അടുത്ത 14 ദിവസം കൂടി ശ്രമം തുടരും. ലാൻഡർ വിച്ഛേദനത്തിന്റെ ആദ്യഘട്ടം വിജയകരമായ രീതിയിൽ നടപ്പിലാക്കിയിട്ടുണ്ട്. അവസാന ഘട്ടത്തിലാണ് നമുക്ക് ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായതെ‘ന്നും അദ്ദേഹം പറഞ്ഞു. ‘വരും വർഷങ്ങളിൽ ഓർബിറ്ററിലെ പേലോഡിൽ നിന്നും ഒരുപാട് വിവരങ്ങൾ നമുക്ക് ലഭിക്കും. ശാസ്ത്രീയ ഉദ്യമത്തിൽ നമ്മൾ വിജയിച്ചിട്ടുണ്ട്. സാങ്കേതികത പ്രദർശനത്തിലാണ് നമ്മൾ പരാജയപ്പെട്ടത്. ഉദ്യമം ഏതാണ്ട് 100%ത്തോളം വിജയമാണെ‘ന്നും ഐ.എസ്.ആർ.ഒ ചെയർമാൻ വ്യക്തമാക്കി.
ലാൻഡർ ചന്ദ്രന്റെ 350 മീറ്റർ വരെ അടുത്തെത്തിയെന്നും അവിടെ വച്ചാണ് ബന്ധം നഷ്ടമായതെന്നും ഐ.എസ്.ആർ.ഒ ശാസ്‌ത്രജ്ഞർ കണ്ടെത്തിയിരുന്നു. ചന്ദ്രനിലേക്ക് സോഫ്റ്റ് ലാൻഡ് ചെയ്യുമ്പോൾ 2.1 കിലോമീറ്റർ അകലെ വച്ച് ഭൂമിയുമായുള്ള ബന്ധം അറ്റുവെന്നാണ് ഔദ്യോഗിക വിവരം. എന്നാൽ, ഐ.എസ്.ആർ.ഒയുടെ പരിശോധനയിൽ ചന്ദ്രോപരിതലത്തിന് 350 മീറ്റർ മുകളിൽ നിന്നാണ് ലാൻഡറിൽ നിന്നുള്ള അവസാനസന്ദേശം എത്തിയതെന്നാണ് കണ്ടെത്തിയത്. അതുവരെയുള്ള സന്ദേശങ്ങൾ കൃത്യമായി ലഭിച്ചിട്ടുണ്ട്. അതിന് ശേഷം ലാൻഡർ നിയന്ത്രണം വിട്ട് നിലത്തുപതിച്ചെന്നാണ് കരുതുന്നത്.
ചന്ദ്രന്റെ ഉപരിതലത്തിൽ ചരിഞ്ഞ് കിടക്കുന്ന ലാൻഡറിന്റെ ചിത്രവും ഒാർബിറ്റർ ഇന്നലെ പകർത്തി. നിലത്ത് ഇടിച്ചിറങ്ങിയതിനാൽ അതിലെ വാർത്താ വിനിമയ സംവിധാനങ്ങൾ തകരാറിലായെന്നാണ് അനുമാനം. സോഫ്റ്റ് ലാൻഡിംഗിന്റെ ഭാഗമായി അതുവരെ മെല്ലെ താഴേക്ക് വന്ന ലാൻഡർ എങ്ങിനെ ഇടിച്ചിറങ്ങിയെന്ന് പരിശോധിച്ചു വരികയാണ്.