ന്യൂഡൽഹി: രാജ്യത്തെ മുതിർന്ന അഭിഭാഷകനും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന രാം ജേഠ്‌മലാനി അന്തരിച്ചു. 95 വയസായിരുന്നു. ഡൽഹിയിലെ സ്വവസതിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. പ്രമാദമായ നിരവധി കേസുകളിൽ അഭിഭാഷകനായെത്തിയ മലാനി, വാജ്‌പേയി മന്ത്രി സഭയിൽ നിയമം, അർബൻ ഡെവലപ്‌മെന്റ് എന്നീ വകുപ്പുകൾ കൈകാര്യം ചെയ്‌തിട്ടുണ്ട്. അഭിഭാഷകരംഗത്തെ വിമതൻ എന്ന വിളിപ്പേരുണ്ടായിരുന്ന ആളായിരുന്നു രാം ജേഠ്‌മലാനി.
1923 സെപ്‌തംബർ 14ന് സിന്ധ് പ്രവിശ്യയിലെ സിഖർപൂറിലാണ് രാം ജേഠ്‌മലാനി ജനിച്ചത്. രാം ഭൂൽചന്ദ് ജേഠ്‌മലാനി എന്നതായിരുന്നു മുഴുവൻ പേര്. സ്‌കൂൾ പഠനകാലത്തെ മികവിന്റെ അടിസ്ഥാനത്തിൽ ഡബിൾ പ്രൊമോഷൻ കരസ്ഥമാക്കിയ മലാനി വെറും പതിമൂന്നാമത്തെ വയസിൽ മെട്രിക്കുലേഷൻ പാസായി. തുടർന്ന് പതിനേഴാം വയസിൽ നിയമബിരുദം കരസ്ഥമാക്കുകയും തൊട്ടുത്ത വർഷം അഭിഭാഷകനായി പ്രാക്‌ടീസ് ചെയ്യാൻ ആരംഭിക്കുകയും ചെയ്‌തു. അന്നത്തെ കാലത്തുപോലും 21 വയസിൽ മാത്രമേ ഒരാൾക്ക് അഭിഭാഷകനാകാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ തന്റെ കാര്യത്തിൽ പ്രത്യേകപരിഗണന ലഭിക്കുകയായിരുന്നുവെന്ന് ഒരു അഭിമുഖത്തിൽ രാം ജേഠ്‌മലാനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
രാജീവ് ഗാന്ധി വധക്കേസ്, സ്‌റ്റോക്ക് മാർക്കറ്റ് അഴിമതി, അഫ‌്സൽ ഗുരു കേസ്, ജസീക്കാലാൽ കൊലപാതകം തുടങ്ങിയ നിരവധി പ്രമാദമാർന്ന കേസുകൾ മലാനി കൈകാര്യം ചെയ്‌തിട്ടുണ്ട്. രണ്ട് തവണ ബി.ജെ.പി എംപിയായിരുന്ന മലാനി വാജ്‌പേയി മന്ത്രി സഭയിലെ പ്രാതിനിധ്യത്തിന് ശേഷം 2004ൽ വാജ്‌പേയിക്ക് എതിരായും മത്സരിക്കുകയുണ്ടായി. 2010ൽ സുപ്രീം കോർട്ട് ബാർ അസോസിയേഷൻ പ്രസിഡന്റായും അദ്ദേഹം സേവനം അനുഷ്‌ഠിച്ചു.
മകനും പ്രമുഖ അഭിഭാഷകനുമായ മഹേഷ് ജേഠ്മലാനിക്കൊപ്പമായിരുന്നു അവസാനനാളുകളിൽ രാം ജേഠ്‌മലാനി കഴിഞ്ഞിരുന്നത്.